ഇനി എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ താമസത്തെപ്പറ്റിയോര്‍ത്ത് ആശങ്കപ്പെടേണ്ട. നേരെ തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ എട്ടാം നിലയില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന 'വണ്‍ ഡേ ഹോമി'ല്‍ ചെല്ലുക. കാര്യം പറയുക, അവിടെ സന്തോഷമായി കൂടുക. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന 'വണ്‍ ഡേ ഹോമി'ല്‍ താമസത്തിനായി വളരെ ചെറിയ തുക മാത്രമേ നല്‍കേണ്ടതുള്ളൂ. 

ആറ് ക്യുബിക്കിളുകളും 25 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയും അടങ്ങുന്നതാണ് 'വണ്‍ ഡേ ഹോം'. ഒരു ദിവസത്തേക്ക് ഡോര്‍മിറ്ററിക്കായി 150 രൂപയും ക്യുബിക്കിളിന് 250 രൂപയുമാണ് ചാര്‍ജ്ജ്. എയര്‍കണ്ടീഷന്‍, ഡ്രെസിംഗ് റൂം, ടോയിലറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ 'വണ്‍ ഡേ ഹോമി'ലുണ്ടാകും. 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനമെങ്കിലും അമ്മമാര്‍ക്കൊപ്പമെത്തുന്ന 12 വയസ് വരെയുള്ള ആണ്‍കുട്ടികളേയും ഇവിടെ പ്രവേശിപ്പിക്കും. അഡ്വാന്‍സ് ബുക്കിംഗ് ലഭ്യമല്ലെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. 'വണ്‍ ഡേ ഹോമി'ന്റെ മേല്‍നോട്ട ചുമതല ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

സാമൂഹ്യനീതിവകുപ്പും ഇതര വകുപ്പുകളും ഒത്തൊരുമിച്ച് നടത്തിവരികയായിരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ 'വണ്‍ ഡേ ഹോം' എന്ന പദ്ധതിയിലേക്കെത്തിയത്. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് പദ്ധതി തുടങ്ങുന്നതെങ്കിലും വൈകാതെ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം. രാത്രികാലങ്ങളില്‍ തലസ്ഥാനത്തെത്തുന്നവര്‍ക്ക് താമസമൊരുക്കുന്ന 'എന്റെ കൂട്' പദ്ധതിക്ക് പുറമേയാണ് ഇപ്പോള്‍ 'വണ്‍ ഡേ ഹോമും' വന്നിരിക്കുന്നത്. വനിതാദിനം മുതല്‍ സ്ത്രീകള്‍ക്കായി 'വണ്‍ ഡേ ഹോം' തുറന്നുകൊടുക്കാനാണ് തീരുമാനം.