കേരളത്തിലെ ആദ്യ വനിതാവേട്ടക്കാരി കുട്ടിയമ്മ വിടവാങ്ങി. അതെ, ചരിത്രത്തില്‍ കുട്ടിയമ്മയ്ക്ക് സ്വന്തമായി ഒരേടുണ്ട്. അതാര് ചാര്‍ത്തിക്കൊടുത്താലും ഇല്ലെങ്കിലും കുട്ടിയമ്മയ്ക്ക് സ്വന്തം തന്നെ. എണ്‍പത്തിയെട്ടാം വയസ്സില്‍ ഇപ്പോള്‍ ജീവിതത്തിന് വിരാമമിട്ട് കുട്ടിയമ്മ പോകുമ്പോള്‍ അവര്‍ക്ക് പിന്നില്‍ സിനിമയെ വെല്ലുന്നൊരു കഥ നീണ്ടുകിടപ്പുണ്ട്. 

കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ എന്തെല്ലാം ജോലി ചെയ്ത് കഷ്ടപ്പെടുന്ന സ്ത്രീകളുണ്ട്. എന്നാല്‍ കുട്ടിയമ്മ അവരെക്കാളെല്ലാം ഒരുപടി മുകളിലായിരുന്നു. കാരണം, ദുരിതത്തിന്റേയും വിഷമതകളുടേയും കഥ മാത്രമല്ലായിരുന്നു കുട്ടിയമ്മയുടേത്. മേമ്പൊടിയില്ലാത്ത അതിസാഹസികതയുടെ പച്ചയായ അനുഭവങ്ങളുടേത് കൂടിയാണ് കുട്ടിയമ്മയുടെ കഥ. 

കന്യാസ്ത്രീയില്‍ നിന്ന് വേട്ടക്കാരിയിലേക്ക്...

നാല്‍പതുകളില്‍ പാലായില്‍ നിന്ന് ഇടുക്കിയിലെ മറയൂരിലേക്ക് കുടിയേറിയതാണ് കുട്ടിയമ്മയുടെ കുടുംബം. അപ്പന്‍ തോമസിനും അമ്മ ത്രേസ്യാമ്മയ്ക്കും ആകെയുള്ള ഏഴ് മക്കളില്‍ ഏക പെണ്‍തരി. ദില്ലിയില്‍ ഒരു മഠത്തില്‍ കന്യാസ്ത്രീയാകാനുള്ള പഠനത്തിലായിരുന്ന കുട്ടിയമ്മ പതിനേഴാം വയസില്‍ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു. 

ദാരിദ്ര്യം തന്നെയായിരുന്നു കാരണം. അക്കാലത്ത് വീട്ടിലെ പട്ടിണി മാറ്റാന്‍ കുട്ടിയമ്മയുടെ മൂത്ത സഹോദരന്‍ നാട്ടിലെ വേട്ടക്കാര്‍ക്കൊപ്പം വേട്ടയ്ക്ക് പോകുമായിരുന്നു. കള്ളത്തോക്കുമായിട്ടിയാരുന്നു നായാട്ട്. അങ്ങനെ കിട്ടുന്നത് കൊണ്ടെല്ലാമായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. 

വര്‍ഷങ്ങള്‍ കടന്നുപോയി. അങ്ങനെയൊരിക്കല്‍ വേട്ടയ്ക്ക് പോയ ചേട്ടന്‍ തിരിച്ചുവന്നില്ല. കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായ ആളെ കൂടെ കൊണ്ടുവരാനായില്ലെന്നാണ് അന്ന് വേട്ടക്കാര്‍ നല്‍കിയ ഉത്തരം. 

സഹോദരനെ അനാഥമായി മരണത്തിന് വിട്ടുകൊടുക്കാന്‍ കുട്ടിയമ്മയ്ക്ക് മനസുവന്നില്ല. ചേട്ടനില്ലാത്ത വീട്ടില്‍ ഒരേയൊരു രാത്രി അവര്‍ കഴിച്ചുകൂട്ടി. പിറ്റേന്ന് മറ്റ് സഹോദരന്മാര്‍ക്കൊപ്പം കുട്ടിയമ്മ കാട് കയറി. അതായിരുന്നു കുട്ടിയമ്മയുടെ ആദ്യ കാടുകയറ്റം. 

കാട്ടിനകത്ത് വച്ച് കാലിന് പരിക്കേറ്റ് അവശനിലയിലായ സഹോദരനെ കണ്ടെത്തി. നാട്ടിലെത്തി, ആശുപത്രിയിലെത്തിച്ചപ്പോള്‍ ചികിത്സിക്കാന്‍ പണമില്ല. മറ്റ് മാര്‍ഗങ്ങളില്ലാതെ വീട്ടിലുണ്ടായിരുന്ന തോക്കുമെടുത്ത് സഹോദരങ്ങളെ കൂട്ടി അവര്‍ പിന്നെയും കാടുകേറി. വേട്ടയാടലിന്റെ പാഠങ്ങളൊന്നും അറിയില്ല. എങ്കിലും അവര്‍ വിധി മുന്നില്‍ക്കൊണ്ടുവന്നുനിര്‍ത്തിയ കൂറ്റന്‍ കാട്ടുപോത്തിന് നേരെ ഉന്നം പിടിച്ചു. 

ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നു. 800 കിലോയോളം തൂക്കം വരുന്ന കാട്ടുപോത്തിനെ കാട്ടിനകത്ത് വച്ചുതന്നെ വെട്ടി- ശരിപ്പെടുത്തി ഇറച്ചിയാക്കി നാട്ടിലെത്തിച്ചു. 

ഉന്നം പിഴയ്ക്കാത്ത ഉശിര്...

അന്ന് കൊണ്ടുവന്ന ഇറച്ചിയുടെ ഒരു പങ്ക് ആശുപത്രിയില്‍ നല്‍കിയായിരുന്നു കുട്ടിയമ്മ സഹോദരന്റെ ചികിത്സ നടത്തിയത്.  വയ്യാത്ത ശരീരവുമായി ആ ദിവസങ്ങളില്‍ അദ്ദേഹമാണ് കുട്ടിയമ്മയെ തോക്ക് പിടിക്കാന്‍ ശീലിപ്പിച്ചത്. 

കുടുംബം നോക്കാന്‍ ചേട്ടന്റെ പാത പിന്തുടര്‍ന്ന് തോക്കേന്തി കാടുകയറാന്‍ അന്ന് കുട്ടിയമ്മ തീരുമാനിച്ചു. ഇരുത്തിയഞ്ച് വയസായിരുന്നു കുട്ടിയമ്മയ്ക്കപ്പോള്‍. ഇളയ സഹോദരങ്ങള്‍ക്കൊപ്പം കുട്ടിയമ്മ നായാട്ടിന് തിരിച്ചു. കണ്ണീരും ദുഖങ്ങളും കരളുറപ്പിലേക്ക് വഴിമാറിയ നാളുകളായിരുന്നു. കുട്ടിയമ്മ തെളിഞ്ഞ വേട്ടക്കാരിയായി. അതെ, കേരളത്തിലെ ആദ്യ വനിതാശിക്കാരി!

ജീവിതം കൊണ്ടുത്തന്ന അനുഭവങ്ങളുടെ ഉശിരായിരുന്നു കുട്ടിയമ്മയെക്കൊണ്ട് ഉന്നം പിടിപ്പിച്ചത്. പേടി കൂടാതെ അവര്‍ കാട്ടിനകത്തേക്ക് ഓരോ തവണയും തോക്കുമായി നടന്നുകയറി. മുരണ്ട്- പാഞ്ഞുവരുന്ന കാട്ടുപോത്തുകളേയും മ്ലാവിനേയും മാനിനേയും കാട്ടുപന്നികളേയുമെല്ലാം വേട്ടയാടി. 

കുടുംബജീവിതത്തിലേക്ക്...

ഇതിനിടെ സഹോദരങ്ങളുടെ സുഹൃത്തും വേട്ടക്കാരനുമായ തോമസ് എന്നയാളുമായി വിവാഹം കഴിഞ്ഞു. ഇരുവരും തമിഴ്‌നാട്ടിലെ മഞ്ഞപ്പെട്ടിയിലായിരുന്നു താമസം. വേട്ട തന്നെയായിരുന്നു ഉപജീവനമാര്‍ഗം. പിന്നീട് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളില്‍, കാടിനുള്ളിലേക്ക് സങ്കേതം മാറ്റി. 

അക്കാലങ്ങളില്‍ കാട്ടാനശല്യം ഭയന്നായിരുന്നു അവിടങ്ങളില്‍ ആളുകള്‍ താമസിക്കാതിരുന്നത്. എന്നാല്‍ കുട്ടിയമ്മയുടെ ധൈര്യത്തില്‍ അവിടേക്ക് കൂടുതല്‍ കുടുംബങ്ങളെത്തി. പിന്നീട് എണ്‍പത് ഏക്കറിലധികം വരുന്ന ചുരുളിവെട്ടി എന്ന ഗ്രാമമായി അവിടം മാറി. ഏതാണ്ട് നാല്‍പതോളം കുടുംബങ്ങളായിരുന്നു അന്ന് അവിടെ താമസിച്ചിരുന്നത്. 

കാട്ടില്‍ നിന്ന് മടക്കം...

നിയമങ്ങള്‍ കടുത്തുതുടങ്ങിയ കാലം. മൃഗവേട്ട വ്യാപകമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇവരെ ചുരുളിവെട്ടിയില്‍ നിന്ന് കുടിയിറക്കാന്‍ തീരുമാനിച്ചു. അവിടെ അവര്‍ക്കുണ്ടായിരുന്ന ഇരുപത് ഏക്കറോളം സ്ഥലത്തിന് സര്‍ക്കാര്‍ വില നല്‍കാമെന്നേറ്റു. എന്നാല്‍ പറഞ്ഞ വാക്ക് സര്‍ക്കാര്‍ പാലിച്ചില്ല. പിന്നീട് ഇതിന് വേണ്ടിയുള്ള നിയമപോരാട്ടത്തിലായിരുന്നു കുട്ടിയമ്മ. ഇതിനിടെ കാടിനോട് യാത്ര പറഞ്ഞിറങ്ങിയിരുന്നു.

ഏറ്റെടുത്ത സ്ഥലത്തിന്റെ മുഴുവന്‍ വിലയും നല്‍കാന്‍ കോടതി വിധി ആയെങ്കിലും സര്‍ക്കാര്‍ പകുതിവില മാത്രമാണ് നല്‍കിയത്. ഇതിനെതിരെ കുട്ടിയമ്മ വീണ്ടും കോടതിയെ സമീപിച്ചു. അങ്ങനെ 2016ഓടുകൂടി കേസില്‍ തീര്‍പ്പായി. കിട്ടിയ മുഴുവന്‍ പണവും മകനും മകന്റെ മക്കള്‍ക്കും നല്‍കി. വാര്‍ധക്യത്തിലും ഉശിരും ചുണയും ആര്‍ക്കും മുന്നില്‍ അടിയറവ് വച്ചില്ല. അവശയാകും വരേയും സാമൂഹികപ്രവര്‍ത്തനവുമായിട്ടായിരുന്നു കുട്ടിയമ്മ മുന്നോട്ടുപോയിരുന്നത്. 

നീണ്ടൊരു കാലത്തിന്റെ ചരിത്രമാണ് കുട്ടിയമ്മയുടെ ജീവിതത്തിന് സമാന്തരമായി കാട് പോലെ ഇരുണ്ടും കനത്തും കിടക്കുന്നത്. ഒരു സിനിമാപ്രേമി കൂടിയായിരുന്ന കുട്ടിയമ്മയുടെ കഥ തേടി ഏതെങ്കിലും സിനിമാക്കാരെത്തിയിരുന്നിരിക്കണം, അല്ലേ? അത്രമാത്രം അവിശ്വസനീയമായ അനുഭവങ്ങളെ ചേര്‍ത്തുവച്ചൊരു ജീവിതം എന്നുമാത്രം പറയാം.