സ്ത്രീകള്‍ ലെഗിന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനെഴുതിയ ലേഖനത്തില്‍ ഖേദമറിയിച്ച് അധ്യാപികയും നര്‍ത്തകിയുമായ ലക്ഷ്മിഭായ് തമ്പുരാട്ടി. തന്റേ ഫേസ്ബുക്ക് പേജിലൂടെയാണ് ഒരുകാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ലേഖനത്തെ പരിപൂര്‍ണ്ണമായി തള്ളിക്കളയുന്നതായി ലേഖിക തന്നെ അറിയിച്ചത്. 

യാഥാസ്ഥിതികതയും പിന്തിരിപ്പന്‍ കാഴ്ചപ്പാടുമായിരുന്നു അക്കാലത്ത് തന്നെ നയിച്ചിരുന്നതെന്നും ഇപ്പോള്‍ നോക്കുമ്പോള്‍ സ്ത്രീവിരുദ്ധത എന്ന് പറയാവുന്ന കാര്യങ്ങളാണ് താന്‍ ലേഖനത്തില്‍ അന്ന് എഴുതിയതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ലക്ഷ്മി ഭായ് പറയുന്നു. 

കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം...

ലെഗിന്‍സിനെപ്പറ്റി വീണ്ടും

ഈ കുറിപ്പ് ഒരു കുമ്പസാരമാണ്. എഴുതണോ വേണ്ടയോ എന്നു ഞാന്‍ പല തവണ ആലോചിച്ചുനോക്കി. ഗുരുസ്ഥാനത്തു നില്‍ക്കുന്ന പലരോടും ചര്‍ച്ച ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഇനി വിഷയത്തിലേക്കു വരാം. കഴിഞ്ഞ ദിവസം എന്റെ ഒരു വിദ്യാര്‍ത്ഥിനി ഞാന്‍ ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെപ്പറ്റി ചോദിച്ചു. ലെഗിന്‍സിനെപ്പറ്റിയായിരുന്നു ആ ലേഖനം. 

എനിക്കു മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടായി. ആദ്യംതന്നെ പറയട്ടെ, ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തലക്കെട്ട് ഞാന്‍ കൊടുത്തതല്ല. ലേഖനം അച്ചടിച്ചുവന്നപ്പോള്‍ മുതല്‍ ആ തലക്കെട്ട് എന്നെ ഉമിത്തീയിലിട്ടു നീറ്റി. സ്ത്രീകള്‍ ലെഗിന്‍സ് ധരിക്കുന്നതിനെതിരെ നിശിതമായ വിമര്‍ശനം അഴിച്ചുവിട്ട ലേഖനം എഴുതുമ്പോള്‍ എനിക്ക് പ്രായം 23 വയസായിരുന്നു. സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വികസിച്ചിരുന്നില്ല. തികച്ചും യാഥാസ്ഥിതികവും തികഞ്ഞ പിന്തിരിപ്പന്‍ സ്വഭാവവുമുള്ള ഒരു കാഴ്ചപ്പാടില്‍നിന്നുകൊണ്ട്, ഇന്നത്തെ നിലയില്‍ പറഞ്ഞാല്‍ സ്ത്രീവിരുദ്ധം എന്നു കരുതാവുന്ന ആ ലേഖനത്തെ, അതിലെ ആശയത്തെ, ഒരോ വരിയെയും വാക്കിനെയും തുറന്നമനസ്സോടെ ഞാന്‍ ഈ കുറിപ്പിലൂടെ പൂര്‍ണമായും തള്ളിക്കളയുന്നു. 

ഇതു ഞാന്‍ വളരെ മുമ്പേ തീരുമാനിച്ചിരുന്നതാണ്. ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ലേഖനസമാഹാരത്തില്‍നിന്നും ആദ്യം ഒഴിവാക്കിയതും ഇതേ ലേഖനമാണ്. പുസ്തകത്തിന്റെ മുഖവുരയില്‍ പ്രസ്തുത ലേഖനം എഴുതിയപ്പോള്‍ ആശയപരമായും വീക്ഷണപരമായും വന്ന പിഴവുകളെപ്പറ്റി ഏറ്റുപറയാനും ഞാന്‍ ഉദ്ദേശിച്ചിരുന്നു. കാരണം ഒരു ഇരുപത്തി മൂന്നുകാരിയില്‍നിന്ന് മുപ്പത്തിയൊന്നുകാരിയിലേക്കു മാറുമ്പോള്‍, ഒരു വിദ്യാര്‍ത്ഥിനിയില്‍നിന്ന് അധ്യാപികയിലേക്കു മാറുമ്പോള്‍ ഈ പഴയ ലേഖനം എന്നെ സംബന്ധിച്ചിടത്തോളം വേദനയും ബാധ്യതയുമാണ്. അതില്‍നിന്നും ഒരു മോചനം എനിക്കും വേണ്ടതായിട്ടുണ്ട്.

ഈ ലേഖനം എഴുതിയതിനുശേഷം ഏതാനും പോപ്പുലര്‍ ലേഖനങ്ങള്‍കൂടി എഴുതി പ്രസിദ്ധീകരിച്ചെങ്കിലും അവയില്‍നിന്നും മാറി പഠനത്തിലും ഗവേഷണത്തിലുമായി ഇക്കാലമത്രയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗവേഷണത്തിന്റെ ഭാഗമായുണ്ടായ പഠനങ്ങള്‍ അന്നുവരെയുണ്ടായിരുന്ന എന്റെ ധാരണകളെ പാടേ മാറ്റിക്കളഞ്ഞു. സ്ത്രീശരീരം, വസ്ത്രധാരണം, നഗ്‌നത, സദാചാരം എന്നിവയെക്കുറിച്ച് അതുവരെ ഞാന്‍ വച്ചു പുലര്‍ത്തിയ വികലമായ ധാരണകളില്‍നിന്നു മാറിച്ചിന്തിക്കാനും ആ കാലയളവില്‍ സാധിച്ചു. സാംസ്‌കാരിക ബോധത്തിന്റെയും രാഷ്ട്രീയധാരണകളുടെയും പുതിയ ലോകം എനിക്ക് ഉണ്ടായിവന്നു. 

അപ്പോഴേക്കും പോപ്പുലര്‍ ലേഖനങ്ങള്‍ തീരെ എഴുതാതാവുകയും ഗവേഷണത്തിലും അധ്യാപനത്തിലും നൃത്തത്തിലും ഞാന്‍ മുഴുകയും ചെയ്തു. അതിനും ഏറെ നാളുകള്‍ക്കുശേഷമാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ അക്കൌണ്ട് ആരംഭിക്കുന്നത്. അതിലൂടെ എന്റെ കാഴ്ചപ്പാടിലും സാമൂഹിക ബോധത്തിലും വന്ന കാലാനുസാരിയായ മാറ്റങ്ങളെ കൊണ്ടുവരാന്‍ ഞാന്‍ ശ്രദ്ധിച്ചു. ഇന്ന് നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വസ്ത്രധാരണം, നഗ്‌നത എന്നിവയെക്കുറിച്ച് പല മുന്‍ധാരണകള്‍വച്ചു പുലര്‍ത്തുന്ന പലരേയും കാണുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഏത് പക്ഷത്തു നില്‍ക്കുന്നുവെന്ന് സമൂഹത്തെ അറിയിക്കാനുള്ള ധാര്‍മിക ബാധ്യത എനിക്കുണ്ടെന്നു കരുതുന്നു.

സാമൂഹിക ശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയപ്പോള്‍ മുതല്‍ ലെഗിന്‍സിനെപ്പറ്റി ഞാന്‍ എഴുതിയ ലേഖനത്തില്‍ ഉടനീളം നിറഞ്ഞുനിന്ന പിന്തിരിപ്പന്‍ വിചാരങ്ങളെപ്പറ്റി എന്നില്‍ ആകുലതകളുണ്ടായി. ഈ ലേഖനം എഴുതിയ നിമിഷത്തെപ്പറ്റി കുറ്റബോധമുണ്ടായി. അപ്പോഴും എന്റെ മാറിയ ധാരണകളെ അറിയിക്കാന്‍ ഞാന്‍ എവിടെയും ശ്രമിച്ചതുമില്ല. ഇക്കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ക്കുള്ളില്‍ എന്നില്‍ രൂപപ്പെട്ട ചിന്താപരമായ വ്യതിയാനങ്ങളെപ്പറ്റി എന്റെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ ഇരിക്കുന്നവര്‍ക്കൊഴികെ മറ്റുള്ളര്‍ക്ക് മനസിലാക്കാന്‍ സാഹചര്യം ഉണ്ടായതുമില്ല. 

ഒരിക്കല്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തെ മുന്‍കാലപ്രാബല്യത്തോടെ പിന്‍വലിക്കുന്നതെങ്ങനെയെന്ന് എനിക്ക് അറിയില്ല. മുന്‍പാരെങ്കിലും ഇത്തരത്തില്‍ സ്വന്തം രചനയെ തിരസ്‌കരിച്ചിട്ടുണ്ടോ എന്നുമറിയില്ല. പക്ഷേ ഒരു കാര്യം നമുക്കെല്ലാം അറിയാം, മാറ്റങ്ങള്‍ക്കു തയ്യാറായിട്ടുള്ള ലോകത്തിലെ മിക്കവാറും എഴുത്തുകാര്‍ അവരുടെ പഴയകാല എഴുത്തില്‍, ചിന്തകളില്‍ ഉണ്ടായിരുന്നതും പില്‍ക്കാലത്ത് ഉപേക്ഷിക്കപ്പെടേണ്ടതായി വന്നിട്ടുള്ളതുമായ ഏതെങ്കിലും ഘടകത്തെ എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. 

എന്നെ സംബന്ധിച്ചിടത്തോളം മനസാക്ഷിയുടെ മുന്‍പില്‍ ഇങ്ങനെ ഒരു ഏറ്റുപറച്ചില്‍ അനിവാര്യമാണ്. എനിക്കു ചുറ്റുമുള്ള, ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ലോകം ആധുനികവും പുരോഗമനാത്മകവുമായ ദിശകളിലേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുക എന്നതാണ് ഒരു എളിയ എഴുത്തുകാരി, കലാകാരി എന്ന നിലയില്‍ ഞാന്‍ നിര്‍വഹിക്കേണ്ട ധര്‍മം എന്നു ഞാന്‍ തിരിച്ചറിയുന്നു. ലെഗിന്‍സ് ലേഖനത്തിന്റെ പേരില്‍ ഒരുപാട് പേര്‍ എന്നെ പരിഹസിക്കുന്നുണ്ട്, മാറ്റിനിര്‍ത്തുന്നുണ്ട്, വിമര്‍ശിക്കുന്നുണ്ട്. അവയെല്ലാം ഈ ലേഖനത്തെച്ചൊല്ലി മാത്രമാണെങ്കില്‍, അവയെല്ലാം ഞാന്‍ അര്‍ഹിക്കുന്നു എന്നു കരുതി സ്വീകരിക്കുന്നു. 

ഈ കുറിപ്പിനെതിരെയും സ്വാഭാവികമായും വിമര്‍ശനങ്ങളുണ്ടാകും. ആരും വിമര്‍ശനത്തിനതീതരല്ലല്ലോ. വിമര്‍ശനങ്ങളെയൊക്കെ നേരിടാന്‍തക്ക ആത്മബലവും സംഘബലവും ഇല്ലാത്ത ഒരു സ്ത്രീയാണെങ്കിലും, അതൊന്നും കാലം എന്നെ പഠിപ്പിച്ച ബോധ്യങ്ങള്‍ തുറന്നു പറയുന്നതില്‍നിന്ന് എന്നെ പിന്തിരിപ്പിക്കുന്നില്ല. ഒരു വ്യക്തി തന്റെ തെറ്റായിരുന്ന കാഴ്ചപ്പാടുകളെ വിനയപൂര്‍വം ഏറ്റുപറയുന്നുവെന്നും മാറിവന്ന ബോധ്യങ്ങളെ തുറന്ന മനസോടെ പങ്കുവയ്ക്കുന്നു എന്നുമുള്ള പരിഗണന ഈ കുറിപ്പിനു നേരേ ഉണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.

 

Also Read:- 'ഞങ്ങള്‍ക്കും വേണം ലെഗ്ഗിങ്‌സ്'; ആവശ്യക്കാരായി പുരുഷന്മാരും...