പ്രളയ കാലത്ത് ചേന്ദമംഗലത്തെ കൈത്തറി മേഖലയ്ക്ക് കൈത്താങ്ങാകുവാനായി ചെക്കുട്ടിപ്പാവ എന്ന ആശയം മുന്നോട്ടുവച്ചവരിലൊരാളായ ലക്ഷ്മി മേനോനെ മലയാളികള്‍ക്ക് പരിചിതമാണ്. സുസ്ഥിര ഉപജീവന ഉപാധികൾ  കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള 'പ്യുവർ ലിവിംങ്' എന്ന സംഘടനയുടെ സ്ഥാപകയാണ് എറണാകുളം സ്വദേശിയായ  ലക്ഷ്മി മേനോൻ. ഇപ്പോഴിതാ ഈ കൊവിഡ് കാലത്ത് 'ശയ്യ' എന്ന പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി. 

കൊവിഡ് കെയര്‍ സെന്‍ററിലുള്ളവര്‍ക്കായി വില കുറഞ്ഞ കിടക്കകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്മി ഇവിടെ. ആശുപത്രികളിലും ആളുകൾക്കിടയിലും പിപിഇ കിറ്റുകളുടെ ഉപയോഗം ഉയര്‍ന്നതോടെ നിരവധി വസ്ത്രവിപണികളും മറ്റ് കൂട്ടായ്മകളും ഇവ നിര്‍മ്മിക്കുന്നതിലേയ്ക്ക് തിരിഞ്ഞു. 

കേരളത്തിലെ ചില തയ്യൽക്കാർക്ക് പ്രതിദിനം 20,000 പിപിഇ കിറ്റുകളുടെ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും ലക്ഷ്മി മേനോൻ പറയുന്നു. ഈ പിപിഇ വസ്ത്രങ്ങള്‍  നിർമ്മിക്കുമ്പോൾ ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ കൊണ്ടാണ് കിടക്കകള്‍ നിര്‍മ്മിക്കുന്നത് എന്നും ലക്ഷ്മി മേനോന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

 

 

അവശിഷ്ടമായി വരുന്ന ഈ വാട്ടർപ്രൂഫ് വസ്തുക്കളിൽ ചെറിയ അളവിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്.  ഇവ എളുപ്പത്തിൽ പുനരുപയോഗിക്കാനും കഴിയില്ല. ഇവ ചിലര്‍ കത്തിച്ചു കളയുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇതിന് പരിഹാരമായി കൂടിയാണ് ലക്ഷ്മി മേനോൻ 'ശയ്യ' എന്ന പുതിയ ആശയം അവതരിപ്പിച്ചത്. 

അവശിഷ്ടമായി വരുന്ന തുണിയുടെ മൂന്ന് കഷണങ്ങൾ പരസ്പരം അടുക്കി വച്ച് ഇഴപിരിക്കും. തലമുടി പിന്നുന്നത് പോലെ. സ്വന്തം വീട്ടില്‍ തന്നെ പത്ത് പേരെ വച്ചാണ് ലക്ഷ്മി ഇപ്പോള്‍ കിടക്കകള്‍ നിര്‍മ്മിക്കുന്നത്. ഇത് നിര്‍മ്മിക്കാനായി തയ്യല്‍ അറിയണമെന്ന് ഇല്ലെന്നും ലക്ഷ്മി പറയുന്നു. നൂലോ സൂചിയോ ഇല്ലാതെയാണ്  'ശയ്യ'യുടെ നിർമ്മാണം.

കിടക്ക 6 അടി നീളത്തിലും 2.5 അടി വീതിയിലും ആണ് നിർമ്മിക്കുന്നത്. ഇവ നല്ല ഉറപ്പുള്ളതാണ് എന്നും വെള്ളം പിടിക്കില്ല എന്നും ലക്ഷ്മി പറയുന്നു. സോപ്പ് വെള്ളത്തിൽ കഴുകി ഇവ ഉണക്കി വൃത്തിയാക്കാം.  6 ടൺ മാലിന്യമുള്ള ഒരു ചെറിയ ഉൽ‌പാദന യൂണിറ്റിൽ നിന്ന് 2400 ശയ്യകൾ നിർമ്മിക്കാൻ കഴിയുമെന്നും ലക്ഷ്മി മേനോൻ പറയുന്നു. 

 

കേരളത്തിൽ മാത്രം 900ലധികം പഞ്ചായത്തുകളാണുള്ളത്. ഓരോന്നിനും നിരവധി കൊവിഡ് കെയർ സെന്ററുകളുണ്ട്. കുറഞ്ഞത് 50 കിടക്കകളാണ് ഓരോ സെന്‍ററിലും ഉണ്ടാവുക. ഈ പ്രദേശങ്ങളിൽ, ഓരോ രോഗിക്കും  കിടക്ക ആവശ്യമായി വരും. ഒരു മെത്തയ്ക്ക് 500- 1000 രൂപ വരെ ചിലവാകുന്ന സ്ഥാനത്ത് ശയ്യയുടെ വില വെറും 300 രൂപ മാത്രമാണ്.  

താന്‍ താമസിക്കുന്ന കാഞ്ഞിരമറ്റത്ത് ജോലി നഷ്ടപ്പെട്ട ധാരാളം സ്ത്രീകള്‍ ഉണ്ടെന്നും അവര്‍ക്ക് ഇതൊരു സഹായമാകുമെന്നുമാണ്  ലക്ഷ്മിയുടെ പ്രതീക്ഷ. ആദ്യത്തെ സെറ്റ് ശയ്യ തന്‍റെ പഞ്ചായത്തിലെ കൊവിഡ് കെയര്‍ സെന്‍ററിലേയ്ക്ക് സംഭാവന ചെയ്യാനാണ് ലക്ഷ്മി ആഗ്രഹിക്കുന്നത്. കൊവിഡ് കെയർ സെന്ററുകളിൽ ഉപയോഗിക്കുന്നതിനു പുറമേ, ഇവ  ഭവനരഹിതരായ ആളുകൾക്ക്  വിതരണം ചെയ്യാനും പദ്ധതിയുണ്ടെന്നും ലക്ഷ്മി പറയുന്നു. 

Also Read: കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സ്വന്തം ഇഷ്ടപ്രകാരം കട്ടിലുകള്‍ വാങ്ങി; പടിഞ്ഞാറത്തറ പഞ്ചായത്തില്‍...