വ്യത്യസ്ത ഡിസൈനിലും നിറത്തിലുമുള്ള വസ്ത്രങ്ങളും അതിനിണങ്ങിയ ആഭരണങ്ങളും ധരിച്ച് 72-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ താരമാകുകയാണ് ബോളിവുഡിലെ താരസുന്ദരിമാർ. ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്, സോനം കപൂർ തുടങ്ങിയ താരങ്ങൾ ഇതിനോടകം തന്നെ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. അവർക്കൊപ്പം ആരാധകരെ അമ്പരപ്പിച്ച് റെഡ് കാർപ്പറ്റിൽ എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം നടി മല്ലിക ഷെരാവത്ത്.   
 
ആകാശനിറത്തിലുള്ള ​ഗൗൺ ധരിച്ചാണ് താരം കാനിൻ്റെ ചുവപ്പ് പരവതാനിയിലൂടെ ചുവടുവച്ചത്. അതിസുന്ദരിയായി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെയാണ് താരത്തിന്റെ വസ്ത്രം എല്ലാവരും ശ്രദ്ധയോടെ ഉറ്റുനോക്കുന്നത്. മറ്റ് താരങ്ങളെ അപേക്ഷിച്ച് വളരെ സിംമ്പിളായ വസ്ത്രമാണ് മല്ലിക ധരിച്ചത്. 

ഫാഷൻ പ്രേമികളെ നിരാശപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ വസ്ത്രധാരണവുമെല്ലാം. എന്നാൽ മല്ലിക ധരിച്ച വസ്ത്രം ഇതിന് മുമ്പ് മറ്റെവിടെയോ കണ്ടിട്ടുള്ളതായി എല്ലാവരും ഒന്നടകം പറഞ്ഞു. 2014-ലെ കാൻ ഫെസ്റ്റിവലിൽ ധരിച്ച അതേ ഡിസൈനിലും പറ്റേണിലുമുള്ള ​ഗൗൺ ധരിച്ചാണ് മല്ലിക ഇത്തവണത്തെ ഫെസ്റ്റിവലിൽ എത്തിയത്.

എമിലിയോ പുക്സി ഡിസൈന്ഡ ചെയ്ത ​ഗൗൺ ആയിരുന്നു 2014-ലെ കാൻ ഫെസ്റ്റിവലിൽ ധരിച്ചത്. എന്നാൽ ഇത്തവണ ഡിസൈനർ മാറി. പാരിസിലെ പ്രശസ്ത ഡിസൈനറായ ഫ്രോങ്കോസ് ജോസഫ് ​ഗ്രാഫ് ആണ് ഇത്തവണ മല്ലികയ്ക്കായി വസ്ത്രം ഡിസൈൻ ചെയ്തത്. ​മല്ലികയുടെ വസ്ത്രത്തെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് ആരാധകർ പങ്കുവച്ചത്. വസ്ത്രം തീരെ ഭം​ഗിയില്ലെന്നും പ്രത്യേകിച്ച് വസ്ത്രത്തിനൊപ്പം ധരിച്ച കോട്ട് തീരെ ഇണങ്ങുന്നില്ലെന്നും ആരാധകർ അഭിപ്രായപ്പെട്ടു.