ലണ്ടൻ: വിമാനത്തിന്റെ മുൻവശത്തിരുന്ന് യാത്ര ചെയ്യണമെന്ന എന്‍പത്തിയെട്ടുകാരിയുടെ സ്വപ്നം സഫലമാക്കിയ യുവാവിന് കയ്യടിക്കുകയാണ് സോഷ്യൽലോകം. ജാക്ക് ലിറ്റിൽ ജോൺ എന്ന യുവാവാണ് തന്റെ ബിസിനസ് ക്ലാസ് സീറ്റ് നൽകി വിമാനയാത്രക്കാരിയായ വയലറ്റ് അലിസണിന്റെ ആ​​ഗ്രഹം സഫലമാക്കിയത്. ഫ്ലൈറ്റ് അറ്റന്‍ഡന്റായ ലിയ എമിയാണ് ജാക്കിന്റേയും വയലറ്റിന്റേയും കഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ട് യാത്രക്കാര്‍' എന്ന് വിശേഷിപ്പിച്ചാണ് ജാക്കിന്റേയും വയലറ്റിന്റേയും ചിത്രങ്ങൾ ലിയ പങ്കുവച്ചത്. ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് വയലറ്റും ജാക്കും പരിചയപ്പെടുന്നത്. കുടുംബത്തോടൊപ്പമായിരുന്നു ജാക്കിന്റെ യാത്ര. ടൈംസ് സ്വകയറിൽ നടന്ന സന്നദ്ധ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ജാക്കും കുടുംബവും.

മകളെ കാണാനായി ഇടയ്ക്ക് ന്യൂയോര്‍ക്കിലേക്കിൽ എത്താറുണ്ടെങ്കിലും ഇതുവരെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ വയലറ്റിന് സാധിച്ചിരുന്നില്ല. കൂടാതെ വിമാനത്തിന്റെ മുന്‍വശത്തെ സീറ്റുകളിലൊന്നിലിരുന്ന് യാത്ര ചെയ്യണമെന്നുള്ള തന്റെ ആ​ഗ്രഹവും ഇതുവരെ സാധ്യമായിരുന്നില്ല. ഇത് മനസ്സിലാക്കിയ ജാക്ക് ഇക്കോണമി ക്ലാസില്‍ ഇരുന്ന വയലറ്റിനോട് തന്റെ ബിസിനസ് ക്ലാസ് സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തന്നെ തമാശയാക്കുകയാണ് ജാക്ക് എന്നായിരുന്നു വയലറ്റ് ആദ്യം കരുതിയിരുന്നത്. എന്നാൽ ജാക്ക് നിർബന്ധിച്ചതോടെ വയലറ്റ് അമ്പരന്ന് ജാക്കിന്റെ സീറ്റിലിരിക്കുകയായിരുന്നു. മുന്‍വശത്തിരുന്ന് യാത്ര ചെയ്യാനുള്ള ആഗ്രഹം നടന്നതോടെ വയലറ്റ് ഏറെ സന്തോഷവതിയായിയെന്നും ലിയ പോസ്റ്റില്‍ കുറിച്ചു. തന്റെ മകള്‍ ഒരിക്കലും താൻ ബിസിനസ് ക്ലാസ്സിൽ ഇരുന്ന് യാത്ര ചെയ്തത് വിശ്വസിക്കാനിടയില്ലെന്നും അതിനാല്‍ സെല്‍ഫി എടുക്കണമെന്നും വയലറ്റ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, വയലറ്റിന് ഫോണോ ഇ മെയില്‍ അഡ്രസോ ഇല്ലാത്തതിനാല്‍ ഫോട്ടോകള്‍ പോസ്റ്റലായി മകള്‍ക്കയച്ച് കൊടുക്കുമെന്നും ലിയ കുറിച്ചു. ജാക്കിന്റെയും വയലറ്റിന്റെയും സ്നേഹസമ്പന്നമായ കഥ പറഞ്ഞ ലിയയുടെ പോസ്റ്റിന് പതിനെട്ടായിരത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധി ആളുകൾ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.