ചെന്നൈ: യുട്യൂബ് നോക്കി കാമുകിക്ക് ഗർഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. 27കാരനായ കമ്മാർപാളയം സ്വദേശി എസ്.സൗന്ദറാണ് അറസ്റ്റിലായത്. ഗ്യാസ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഇയാളും യുവതിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. അതിനിടെയാണ്, യുവതി ഗർഭിണിയാത്. 

ഇതു വിവാഹത്തിനു തടസ്സമാകുമെന്നു പറഞ്ഞു യുവാവ് ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കുകയായിരുന്നു. ഗർഭഛിദ്രത്തിനു വിധേയയായ യുവതി ഗുരുതരാവസ്ഥയിൽ ഇപ്പോൾ ചികിത്സയിലാണ്. ​പുറത്തറിയുമെന്ന് പേടിച്ചാണ് സ്വയം ഗർഭഛിദ്രം നടത്താൻ തീരുമാനിച്ചത്. യുവതി ഏഴ് മാസം ​ഗർഭിണിയായിരുന്നു. സൗന്ദർ കാമുകിയെ ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തിലെത്തിച്ചാണ് ഗർഭഛിദ്രം നടത്താൻ ശ്രമിച്ചത്.

യുട്യൂബ് ചാനലിലെ വീഡിയോ നോക്കിയാണ് ഗർഭഛിദ്ര ശസ്ത്രക്രിയ ചെയ്യാൻ ശ്രമിച്ചതെന്ന് സൗന്ദർ പൊലീസിനോട് പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ ഗർഭസ്ഥ ശിശുവിന്റെ കൈ ഒടിയുകയും പിന്നീട് അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. 

ഇത് കണ്ട് പേടിച്ച് സൗന്ദർ കാമുകിയെ പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. സൗന്ദറിനെതിരെ പൊലീസ് ഐപിസി സെക്ഷൻ 316 പ്രകാരം  കേസെടുത്തു. സൗന്ദറിന്റെയും കാമുകിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ നില ഇപ്പോഴും അതീവ ​ഗുരുതരമായി തുടരുകയാണ്.