വെളുപ്പും മെലിഞ്ഞ രൂപവുമാണ് പലപ്പോഴും സൗന്ദര്യസങ്കല്‍പമായി എല്ലാവരും ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിറം, സൗന്ദര്യം  എന്നിവയെ ചൊല്ലിയുള്ള വേര്‍തിരിവുകള്‍ ഇന്നും പലയിടങ്ങളിലും കാണാം. അത്തരത്തില്‍ തന്‍റെ നിറത്തേക്കുറിച്ച് വിഷമിക്കുന്ന ഒരു നാലുവയസ്സുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

അരിയോന എന്ന പെണ്‍കുട്ടി ഷബ്‌റിയ എന്നു പേരുള്ള ഹെയര്‍സ്റ്റൈലിസ്റ്റിനരികിലേക്ക് തന്‍റെ മുടി വെട്ടാന്‍  വന്നതായിരുന്നു. ഷബ്‌റിയയുടെ ഫോണില്‍ മുടി വെട്ടുന്നതിന്‍റെ വീഡിയോ റെക്കോഡ് ചെയ്യുന്നതിനിടേയാണ് അരിയോന താന്‍ വിരൂപയാണല്ലോ എന്ന് പറയുന്നത്.അരിയോന ഇത് പറഞ്ഞതും ഷബ്‌റിയ അവളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

'അങ്ങനെ പറയരുത്... നീ സുന്ദരിയാണ്. ഞാന്‍ സുന്ദരിയാണ് എന്നാണ് നിന്നെനോക്കി നീ പറേയണ്ടത്. എന്തു മനോഹരമായ നുണക്കുഴികളാണ് നിനക്ക്. എന്തൊരു ക്യൂട്ടാണ് നീ'- ഷബ്‌റിയ പറഞ്ഞു. എന്നാല്‍ ഇതൊന്നും അരിയോനയെ സമാധാനപ്പെടുത്തിയില്ല എന്നുമാത്രമല്ല, അരിയോന വിങ്ങിപ്പൊട്ടുകയായിരുന്നു.  ഇതുകണ്ടു 'നീ എന്നെയും കരയിക്കുമല്ലോ' എന്ന ഷബ്‌റിയ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.  

നിനക്ക് സുന്ദരമായ ചോക്ലേറ്റ് നിറത്തിലുള്ള ചര്‍മമാണുള്ളതെന്നും ക്ലാസ്സിലെ ഏറ്റവും സുന്ദരിയാണെന്നുമൊക്കെ ഷബ്‌റിയ പറയുന്നുണ്ട്. കറുപ്പ് സുന്ദരമാണെന്നും ഷബ്‌റിയ പറഞ്ഞു. എന്നാല്‍ കുഞ്ഞ് അരിയോനയുടെ ഈ സങ്കടം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ആശ്വാസിപ്പിക്കാന്‍ നിരവധിപേര്‍ എത്തുകയും ചെയ്തു. മുന്‍ അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും അരിയോനയെ സമാധാനിപ്പിച്ച് രംഗത്തെത്തി. അരിയോന സുന്ദരിയും ധീരയും മൂല്യമുള്ളവളുമാണെന്ന് മിഷേല്‍ കുറിച്ചു.

 

 

പ്രശസ്ത നടി വയോള ഡേവിസും അരിയോനയുടെ വീഡിയോ പങ്കുവെച്ചു. കറുപ്പ് നിറത്തിലുള്ളവരെ പ്രചോദിപ്പിക്കുന്ന വീഡിയോ ആണ്  ഇത്. വര്‍ഷങ്ങളോളം തങ്ങളെ ചെറുതായി കാണുന്നതിനെതിരെയുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും വയോള കുറിച്ചു. നിന്നെപ്പോലെയുള്ള ഒരു സഹോദരിയാണ് ഇതു പറയുന്നതെന്നും വയോള കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ സോഷ്യല്‍  മീഡിയയിലൂടെ നിരവധി പേര്‍ അരിയോനയെ  ആശ്വസിപ്പിക്കാന്‍ മുന്നോട്ടുവന്നു.