ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ അസാധാരണമായ പ്രണയപ്രകടനത്തിനാണ്. ഈ യുവതി കയറിപ്പറ്റിയത്, പർദേശിപൂർ ഭാഗത്തുള്ള ഭണ്ഡാരി പാലത്തിനു മുകളിലെ ഒരു ഹോർഡിങ്ങിന്റെ മുകളിലാണ്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു. 

സംഭവം ഇങ്ങനെയായിരുന്നു. പാലത്തിനരികിലൂടെ പൊയ്ക്കൊണ്ടിരുന്ന ആരോ ഒരാളാണ്, പാലത്തിലുള്ള ഒരു ഹോർഡിങ്ങിന്റെ മുകളിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയെ ശ്രദ്ധിക്കുന്നത്. നോക്കിക്കൊണ്ടിരിക്കെ നിരവധിപേർ അവിടെ തടിച്ചു കൂടി. അവരോടായി, പണ്ട് ഷോലെ സിനിമയിൽ ധർമേന്ദ്ര വാട്ടർടാങ്കിന്റെ മുകളിൽ കയറി നിന്നുകൊണ്ട് പറഞ്ഞ പോലെ അവൾ പറഞ്ഞു, "ഇപ്പോൾ ചാടും ഞാൻ..." 

അവൾക്ക് പ്രായപൂർത്തി ആയിരുന്നില്ല എങ്കിലും, പ്രദേശവാസിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു അവൾ. എന്നാൽ, ആ വിവരമറിഞ്ഞ അമ്മ, യുവാവുമായുള്ള വിവാഹത്തിന് എതിരുനിന്നു. എന്നുമാത്രമല്ല അവൾക്കുവേണ്ടി വിവാഹം ആലോചിക്കാൻ തുടങ്ങുകയും ചെയ്തു. അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയതിനെത്തുടർന്നാണ്, ഒരു അവസാന പരിശ്രമം എന്ന നിലയ്ക്കാണ് പെൺകുട്ടി ഒരു ആത്മഹത്യാ ഭീഷണിയുമായി രംഗത്തുവന്നത്. 

 

അതോടെ പൊലീസ് ഇടപെടുകയും, പെൺകുട്ടിയുമായി സംസാരിക്കാൻ വേണ്ടി അവളുടെ കാമുകനെ തന്നെ കൊണ്ടുവരികയും ചെയ്തു. കാമുകന്റെ സ്നേഹപൂർവമുള്ള നിർബന്ധത്തിനു വഴങ്ങി ഒടുവിൽ യുവതി താഴെയിറങ്ങാൻ തയ്യാറായതോടെ,  ഏറെ നേരം നീണ്ടുനിന്ന ആ നാടകീയമായ രംഗങ്ങൾക്ക് തല്ക്കാലം തിരശ്ശീല വീണു.