സൗന്ദര്യമത്സരങ്ങള്‍ പലപ്പോഴും ബാഹ്യസൗന്ദര്യത്തെ അടയാളപ്പെടുത്താന്‍ വേണ്ടി മാത്രമുള്ളതാണെന്നാണ് സങ്കല്‍പം. ഇത്തരത്തില്‍ നടക്കുന്ന സൗന്ദര്യമത്സരങ്ങളുമുണ്ട്. എന്നാല്‍ വ്യക്തിത്വം, വിജ്ഞാനം, ആര്‍ജ്ജവം എന്നിങ്ങനെ പല തലങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ഗുണമേന്മകളെയാണ് യഥാര്‍ത്ഥത്തില്‍ സൗന്ദര്യമത്സരങ്ങള്‍ വിലയിരുത്തേണ്ടത്. 

ഈ കാഴ്ചപ്പാടിനോട് ചേര്‍ന്നുനില്‍ക്കുന്നൊരു വിപ്ലവകരമായ തീരുമാനം അറിയിക്കുകയാണ് പനാമ. പനാമയില്‍ നടക്കാനിരിക്കുന്ന മിസ് പനാമ സൗന്ദര്യമത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാനാണ് 'മിസ് പനാമ ഒര്‍ഗനൈസേഷ'ന്റെ തീരുമാനം. 

രാജ്യത്തെ ഏറ്റവും വലിയ സൗന്ദര്യമത്സരമാണിത്. ഇതില്‍ വിജയി ആകുന്നയാളാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിന് വേണ്ടി രാജ്യത്തെ പ്രതിനിധീകരിച്ച് പോവുക. നിയമപരമായും മെഡിക്കല്‍ രേഖകളിലും സ്ത്രീ ആയി മാറിയെന്ന് തെളിയിക്കാനാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മിസ് പനാമ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്. 

'മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷ'ന്റെ നിയമം അനുസരിച്ച് തന്നെയാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്നും നിരവധി ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ഈ വിഷയത്തില്‍ നടന്നുകഴിഞ്ഞുവെന്നും 'മിസ് പനാമ ഓര്‍ഗനൈസേഷന്‍' അറിയിച്ചു. എന്നാല്‍ ട്രാന്‍സ്്‌ജെന്‍ഡര്‍ സ്ത്രീകളായ ആരും ഇതുവരെ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. 

2018ല്‍ സ്‌പെയിനിനെ പ്രതിനിധീകരിച്ച് ഏയ്ഞ്ചല പോന്‍സ് എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വനിത മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ആയിരുന്നു ആദ്യമായി ലോക സൗന്ദര്യമത്സരവേദിയില്‍ പരസ്യമായെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ വനിത.

Also Read:- ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടറെ ആരോഗ്യവകുപ്പ് അസി.സെക്രട്ടറിയാക്കി; ബൈഡന് ഇപ്പോഴേ കയ്യടി...