ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമാണ് ഇപ്പോഴത്തെ താരം. വാട്സ്പ്പും ഫേസ്ബുക്കും പോലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു ആപ്പ് കൂടിയാണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റഗ്രാം വഴി പ്രമോഷൻ നൽകുന്ന താരങ്ങൾക്ക് ലഭിക്കുന്നത് കോടികളാണത്രേ. ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക ചോപ്രയെ 43 കോടി ആളുകൾ പിന്തുടരുന്നുണ്ട്. ഏകദേശം 2 കോടി രൂപയാണ് താരത്തിന് ലഭിക്കുന്നത്. കോലിയ്ക്ക് ലഭിക്കുന്നത് 1.35 കോടി രൂപയും. 

അതിനിടെ  പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനുള്ള ഒരു ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അടുത്തിടെ കൊണ്ടുവന്നു. ഓസ്ട്രേലിയ അടക്കമുളള ചില രാജ്യങ്ങളില്‍ മാത്രമാണ് ഇത് തല്‍ക്കാലം വരുന്നത്. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനുള്ള തീരുമാനത്തില്‍ മനംനൊന്ത് ലൈവില്‍ പൊട്ടിക്കരയുകയാണ് ഓസ്‌ട്രേലിയന്‍ മോഡല്‍ മികെയ്‌ല ടെസ്റ്റ. ഇന്‍സ്റ്റഗ്രാമിനോട് അമിതാസക്തിയുണ്ടെന്ന് ഇവര്‍ പറയുന്നു. കുറച്ചുനാളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായും മികെയ്‌ല ടെസ്റ്റ അറിയിച്ചു. 

'ഞാന്‍ ശരിക്കും തകര്‍ന്നുപോയി..എനിക്ക് അമിതാസക്തിയുണ്ടായിരുന്നു.  രണ്ടാഴ്ചയ്ക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഞാന്‍ എല്ലാ കമന്‍റും, മെസേജും വായിക്കുമായിരുന്നു. എന്‍റെ തലക്കുള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയുന്നില്ല. എന്തായാലും ഇതെന്നെ ബാധിക്കും..'- പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം മോഡലായ ഇവര്‍ക്ക് നിലവില്‍ രണ്ട് അക്കൗണ്ടുകളാണ് ഉള്ളത്. സ്വന്തം പേരിലുള്ള അക്കൗണ്ടില്‍ ഏകദേശം 45,000 ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. സ്‌കാന്‍ഡലസ് എക്‌സ് എന്ന മറ്റൊരു അക്കൗണ്ടില്‍ 13,000 ഫോളോവേഴ്‌സും ഉണ്ട്. ആയിരം ലൈക്കുകള്‍ നേടുന്ന പോസ്റ്റിലൂടെ ഏകദേശം 693 ഡോളറുകള്‍ സമ്പാദിക്കുന്നതായി ഇവര്‍ അവകാശപ്പെടുന്നു. ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ തീരുമാനം അക്കൗണ്ടിലെ എന്‍ഗേജ്‌മെന്‍റ് കുറയ്ക്കുമെന്നും തന്‍റെ വരുമാനത്തെ അത് ബാധിക്കുമെന്നുമാണ് മികെയ്‌ല പറയുന്നത്. 

അതേസമയം തനിക്ക് വരുന്ന കമന്‍റുകള്‍ കണ്ടിട്ടാണ് താന്‍ കരയുന്നത് എന്നാണ് അവര്‍ വീഡിയോ ക്യാപ്ഷനില്‍ എഡിറ്റ് ചെയ്ത് പറയുന്നത്.