ഒറ്റ വർഷത്തിനുള്ളിൽ രണ്ട് തവണ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി യുവതി. ഫ്ലോറിഡാ വെസ്റ്റ്‌‌‌ പാം ബീച്ചിൽ നിന്നുള്ള അലക്സാൻഡ്രിയ വോളിസ്റ്റന്‍ ആണ് ഈ അപൂർവ്വ സംഭവത്തിലെ നായിക. 

2019–ൽ പത്ത് മാസത്തെ ഇടവേളക്കു ശേഷമാണ് രണ്ടാമത്തെ ഇരട്ടക്കുട്ടികൾക്ക് ഇവർ ജന്മം നൽകിയത്. 2019 മാർച്ചിൽ രണ്ട് ആൺകുട്ടികള്‍ക്ക് (മാർക്ക്, മലാഖി) അലക്സാൻഡ്രിയ ജന്മം നല്‍കി.  പിന്നീട് അതേവര്‍ഷം  ഡിസംബർ 27 നാണ്  കെയ്‌ലൻ, കാലേമ്പ് എന്നിവർക്കും അവര്‍ ജന്മം നല്‍കിയത്.  അങ്ങനെ ഒരു വർഷത്തിനുള്ളിൽ നാലു ആൺകുഞ്ഞുങ്ങളെയാണ് ഇവർക്ക് ലഭിച്ചത്.

ആദ്യ പ്രസവത്തിനുശേഷം അധികം വൈകാതെ തന്നെ അവര്‍ വീണ്ടും ഗര്‍ഭിണിയായി. എന്നാല്‍ അത്  തന്നെ ഒട്ടും അസ്വസ്ഥമാക്കിയില്ല എന്നാണ് അലക്സാൻഡ്രിയ പറയുന്നത്. സി. സെക്ഷനിലൂടെയാണ് രണ്ടാമത്തെ സെറ്റ് കുട്ടികൾ പിറന്നത്. ഒരു മാതാവിനും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിരിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു. സന്തോഷം മാത്രമേയുള്ളൂ എന്നും അവര്‍ പറയുന്നു.  

 

 

ഈ നാല് കുട്ടികൾക്ക് പുറമെ ഇവർക്ക് മൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ട്. അഞ്ച് കുട്ടികളേയും  വളർത്തുന്നതിൽ എനിക്കൊരു വിഷമവുമില്ലെന്നും ഇവർ പറഞ്ഞു. ഇനി അടുത്തൊന്നും ഗര്‍ഭിണിയാകാനുള്ള പ്ലാനില്ലെന്നും അലക്സാൻഡ്രിയ കൂട്ടിച്ചേര്‍ത്തു.