താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ളാദമായിരുന്നു സൈറ സ്ട്രാങ്ഫെല്‍ഡിനും ഭര്‍ത്താവിനും. നാക്ക് കെട്ടുപിണഞ്ഞായിരുന്നു ആദ്യകുഞ്ഞ് പോര്‍ട്ടറിന്‍റെ ജനനം. 18 മാസം പ്രായമായ അവള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സൈറയ്ക്ക് കഴിഞ്ഞിരുന്നില്ല. രണ്ടാമതൊരുകുഞ്ഞുണ്ടാകുന്നുവെന്നറിഞ്ഞപ്പോള്‍ മുലയൂട്ടാമെന്നായിരുന്നു അവളുടെ വലിയ സന്തോഷം. 

എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടില്ല. ഗര്‍ഭത്തില്‍ 20 ആഴ്ച വളര്‍ച്ചയെത്തിയപ്പോള്‍ തന്നെ കുഞ്ഞിന് അപൂര്‍വ്വ ജനിതക രോഗമുണ്ടെന്ന് കണ്ടെത്തി. ജനിക്കുമ്പോഴേ വൈകല്യങ്ങള്‍ ഉണ്ടാകുകയോ അല്ലെങ്കില്‍ ജനനത്തോടെ മരിച്ചുപോകുകയോ ചെയ്യുന്നതായിരുന്നു ആ രോഗാവസ്ഥ. പ്രസവിക്കേണ്ടിയിരുന്നതിന്‍റെ രണ്ട് മാസം മുമ്പ് തന്നെ സൈറയുടെ മകന്‍ പിറന്നു. സാമുവല്‍ ലീ എന്നാണ് മണിക്കൂറുകള്‍ മാത്രം ജീവിച്ച ആ കുഞ്ഞിന് ആ ദമ്പതികള്‍ പേരുവച്ചത്. മൂന്ന് മണിക്കൂര്‍ മാത്രമാണ് ആ കുഞ്ഞ് ഭൂമിയില്‍ ജീവിച്ചത്. 

കുഞ്ഞ് മരിച്ചതോടെ തന്‍റെ മകന് മുലയൂട്ടാന്‍ കൊതിച്ച് കാത്തിരുന്ന ആ അമ്മ ഒരു തീരുമാനത്തിലെത്തി, തന്‍റെ മുലപ്പാലുകൊണ്ട് മറ്റുകുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടട്ടേ എന്ന്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി അവള്‍ തന്‍റെ മുലപ്പാല്‍ ശേഖരിച്ച് എന്‍ഐസിയു ബ്രസ്റ്റ് മില്‍ക്ക് ബാങ്കില്‍ നല്‍കാന്‍ തീരുമാനിച്ചു. 

തന്‍റെ കുഞ്ഞിന് ജനിതക രോഗമുണ്ടെന്ന് അറിഞ്ഞിട്ടും  ഗര്‍ഭഛിദ്രത്തിന് താന്‍ തയ്യാറായിരുന്നില്ലെന്ന് സൈറ പറഞ്ഞു. ''ഞങ്ങള്‍ക്ക് ഗര്‍ഭഛിദ്രം ഒരു മാര്‍ഗമേ ആയിരുന്നില്ല. അങ്ങനെ ഒരു ചോദ്യമേ ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. ആ വിലപിടിപ്പുള്ള സമ്മാനം ഞങ്ങള്‍ക്ക് കാണണമായിരുന്നു. അവനെ കാണാന്‍ ഞങ്ങള്‍ എന്തും ചെയ്യുമായിരുന്നു. ഒരു സാധാരണകുഞ്ഞിനെപ്പോലെ അവനെ ഞങ്ങള്‍ കൊണ്ടുനടക്കുമായിരുന്നു'' - സൈറ സ്ട്രാങ്ഫെല്‍ഡിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. സെപ്തംബര്‍ അഞ്ചിനാണ് സാമുവല്‍ ലീ ജനിച്ചത്. 652 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്‍റെ ഭാരം. 

'' ഞാന്‍ അവനെ എന്‍റെ നോഞ്ചോട് ചേര്‍ത്തുവച്ചു. അതോടെ അവന്‍റെ ഹൃദയമിടിപ്പും ശ്വാസോഛ്വാസവും വര്‍ദ്ധിച്ചു. അവനറിയാമായിരുന്നു അവനപ്പോള്‍ അവന്‍റെ അമ്മയുടെ അടുത്തായിരുന്നെന്ന്. മൂന്ന് മണിക്കൂറാണ് അവനൊപ്പം ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. നിമിഷങ്ങള്‍കൊണ്ടാണ് മണിക്കൂറുകള്‍ ഓടിമറഞ്ഞത്'' - സൈറ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 

''എനിക്ക് സാമുവലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല, മറ്റ് കുഞ്ഞുങ്ങളുടെ ജീവനെങ്കിലും രക്ഷിക്കാനാവട്ടേ. അവനിവിടെ ഈ ഭൂമിയില്‍ എവിടെയെങ്കിലും ഉണ്ടാകും. അവന്‍റെ അമ്മയെ ഓര്‍ത്ത് അവന്‍ അഭിമാനിക്കുന്നുണ്ടാവും. അപരിചിതരായ കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ മുലയൂട്ടുന്നു. എന്നാല്‍ എന്‍റെ കുഞ്ഞിനെ മുലയൂട്ടാനായില്ലെനിക്ക്...'' ടിസോമി 18 എന്ന ജനിതക രോഗമാണ് സാമുവലിനെ ബാധിച്ചത്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവല്‍ക്കരിക്കാന്‍ ഒരു സ്ഥാപനം തുടങ്ങണമെന്നാണ് സൈറയുടെ ആഗ്രഹം.