ട്രെയ്‌സിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് അവിചാരിതമായി അവര്‍ ആ സത്യം അറിയുന്നത്. മകള്‍ക്ക് ഗര്‍ഭപാത്രമില്ല, വേറെയും ചില പ്രശ്‌നങ്ങളുണ്ട്. വിവാഹജീവിതം ആകാമെങ്കിലും അവള്‍ക്ക് ഒരിക്കലും ഒരു കുഞ്ഞിനെ ഗര്‍ഭം കൊണ്ട് പ്രസവിക്കാനാവില്ല
ഗര്‍ഭപാത്രമില്ലാത്ത ഒരു സ്ത്രീ, സ്വന്തം കുഞ്ഞിനെ ഉദരത്തിലേറി നടന്ന് പ്രസവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഒരു സത്രീ, എന്നിട്ടും ആ സ്വപ്‌നം വിടാതെ ചേര്‍ത്തുപിടിച്ചതിന്റെ പേരില്‍ മാത്രം ഒടുവില്‍ അമ്മയാവുക. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കഥയാണ് ട്രെയ്‌സി സ്മിത്ത് എന്ന മുപ്പത്തിയൊന്നുകാരിയുടേത്. ഈ കഥയില്‍ മറ്റൊരു നായിക കൂടിയുണ്ട്. ട്രെയ്‌സിയുടെ അമ്മ എമ്മ മൈല്‍സ്.
ബ്രിട്ടിനാലണ് എമ്മയും കുടുംബവും കഴിയുന്നത്. ട്രെയ്‌സിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് അവിചാരിതമായി അവര്‍ ആ സത്യം അറിയുന്നത്. മകള്‍ക്ക് ഗര്‍ഭപാത്രമില്ല, വേറെയും ചില പ്രശ്‌നങ്ങളുണ്ട്. വിവാഹജീവിതം ആകാമെങ്കിലും അവള്‍ക്ക് ഒരിക്കലും ഒരു കുഞ്ഞിനെ ഗര്‍ഭം കൊണ്ട് പ്രസവിക്കാനാവില്ല.
ഗര്‍ഭപാത്രമില്ലാത്തതിനാല്‍ തന്നെ ഇതിന് മറ്റ് ചികിത്സകളൊന്നും സാധ്യമായിരുന്നില്ല. എങ്കിലും വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തോളം ഒരു കുഞ്ഞിന് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ട്രെയ്‌സിയും ഭര്‍ത്താവും അന്വേഷിച്ചുകൊണ്ടിരുന്നു. എത്രയോ ആശുപത്രികളില്‍ കയറിയിറങ്ങി. ഡോക്ടര്‍മാരെ കണ്ടു.
നിരാശയുടെ ഓരോ ഘട്ടത്തിലും ട്രെയ്‌സിയുടെ കൂടെ ശക്തമായ തണലായി അമ്മ നിന്നു. എന്തിനും ഏതിനും ഞാനുണ്ട് കൂടെയെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ട്രെയ്‌സിയുടെ അണ്ഡവും ഭര്‍ത്താവിന്റെ ബീജവും കുത്തിവച്ച് ഭ്രൂണമുണ്ടാക്കിയതിന് ശേഷം വാടക ഗര്‍ഭപാത്രമുപയോഗിച്ച് കുഞ്ഞിനെ ജനിപ്പിക്കാമെന്ന തീരുമാനത്തില്‍ അവരെത്തി.

തീരുമാനമറിഞ്ഞപ്പോള്‍ അമ്പത്തിയഞ്ചുകാരിയായ എമ്മ ആ ദൗത്യം താനേറ്റെടുക്കാമെന്ന് പറഞ്ഞു. മകള്‍ക്ക് വേണ്ടി മകളുടെ കുഞ്ഞിന് ഉദരത്തില്‍ കൊണ്ട്, പ്രസവിക്കുക! ലോകത്തില്‍ ഏതൊരമ്മയ്ക്കാണ് മകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സമ്മാനം നല്‍കാനാവുക. എന്നാല്‍ എമ്മയുടെ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം ഇതിനെ വിലക്കി.
എന്നിട്ടും പിന്മാറാന്‍ എമ്മയും ട്രെയ്‌സിയും തയ്യാറായില്ല. കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായി 38 കിലോയോളം എമ്മ ഭാരം കുറച്ചു. ഹോര്‍മോണ്‍ ചികിത്സ നടത്തി. ജീവിതചര്യകളിലാകെ മാറ്റങ്ങള്‍ വരുത്തി. ഗര്‍ഭം ധരിക്കാന്‍ നിങ്ങളുടെ ശരീരം തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ പറയും വരെ എമ്മ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ തന്റെ മൂന്നാമത്തെ കുഞ്ഞായി എമ്മ മകളുടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തിലേക്ക് ഏറ്റുവാങ്ങി.
അപ്പോഴും പരിപൂര്‍ണ്ണമായ ഒരുറപ്പ് നല്‍കാന്‍ ഡോക്ടര്‍മാര്‍ മടിച്ചു. എപ്പോള്‍ വേണമെങ്കിലും എല്ലാവരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ഒരു പ്രശ്‌നം ഉണ്ടാകാമെന്നും, അത് എമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് തന്നെ ഭിഷണിയായേക്കാമെന്നുമെല്ലാം ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ അരുതാത്തതൊന്നും സംഭവിച്ചില്ല.
പൂര്‍ണ്ണ ആരോഗ്യത്തോടെ ഒരു പെണ്‍കുഞ്ഞിനെ എമ്മ പ്രസവിച്ചു. അങ്ങനെ മകള്‍ക്ക് വേണ്ടി അവര്‍ അമ്പത്തിയഞ്ചാം വയസ്സില്‍ ഒരിക്കല്‍ കൂടി അമ്മയായി. താന്‍ പിറവി കൊണ്ട അതേ ഉദരത്തില്‍ തന്റെ മകളും കിടന്നുവെന്നതോര്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണെന്ന് ട്രെയ്‌സിയും പറയുന്നു.

'അമ്മ അവളെ വയറ്റിലിട്ടുകൊണ്ട് നടന്നിരുന്ന ഓരോ നിമിഷവും ഞങ്ങളുടെ ഹൃദയം ഭയങ്കരമായിട്ട് മിടിച്ചോണ്ടിരിക്കുകയായിരുന്നു. കുഞ്ഞിനെയൊന്ന് കയ്യിലേക്ക് കിട്ടിയാല്‍ മതിയെന്ന അവസ്ഥയായിരുന്നു. എനിക്ക് അമ്മ, തന്നിട്ടുള്ള ഏറ്റവും വലിയ സമ്മാനമാണ് അവള്‍...'- ട്രെയ്‌സി പറയുന്നു.
'എനിക്ക് എന്റെ പ്രായത്തെ പറ്റിയോ ആരോഗ്യാവസ്ഥയെ പറ്റിയോ ഒന്നും ടെന്‍ഷനുണ്ടായിരുന്നില്ല. മകള്‍ക്ക് വേണ്ടി എനിക്ക് ചെയ്യാവുന്ന വലിയ കാര്യമായിരുന്നു അത്. ഒന്നുമോര്‍ത്ത് സമയം കളയാതെ അത് ചെയ്യുക എന്നത് തന്നെയായിരുന്നു തീരുമാനം..'- എമ്മയും ഏറെ സന്തോഷത്തില്‍ തന്നെയാണ്.
ഇനി കുഞ്ഞ് എവീയ്ക്ക് ഒരു സഹോദരനോ സഹോദരിയോ വേണാ? അതും തന്നോട് പറഞ്ഞാല്‍ മതി, താന്‍ ഇനിയും പ്രസവിക്കാന്‍ റെഡിയാണെന്നാണ് എമ്മ ഇപ്പോള്‍ പറയുന്നത്. ട്രെയ്‌സിക്കും ഭര്‍ത്താവിനുമൊപ്പമാണ് എവീ ഇപ്പോഴുള്ളത്. എമ്മയാണെങ്കില്‍ തന്റെ പഴയ ജീവിതത്തിലേക്ക് പുതിയ പ്രസരിപ്പോടെ തിരിച്ചുപോയിരിക്കുന്നു.
