പ്രധാനമായും ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഈ പ്രാകൃതമായ രീതി തുടര്‍ന്നുപോകുന്നത്. ഇന്ത്യയിലും ചില സംസ്ഥാനങ്ങളില്‍ ഈ രീതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 'ബൊഹ്‌റ' എന്ന സമുദായത്തിലാണ് ഇന്ത്യയില്‍ ലിംഗഛേദനം വ്യാപകമായി നടന്നിരുന്നത്

ചോരയൊലിച്ച് അവശയായ നിലയില്‍ 2017 ആഗസ്റ്റിലാണ് മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ ഈസ്റ്റ് ലണ്ടണിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മ തന്നെയാണ് മകളെ ആശുപത്രിയില്‍ കൊണ്ടുവന്നത്. അടുക്കളയിലെ തിണ്ണയില്‍ നിന്ന് താഴേക്ക് മറിഞ്ഞുവീണ് പരിക്ക് പറ്റിയെന്നാണ് അന്ന് അവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. 

എന്നാല്‍ പരിക്ക് സാധാരണമല്ലെന്ന് കണ്ട ഡോക്ടര്‍മാര്‍ വിശദമായ പരിശോധനയില്‍ അത് 'ലിംഗഛേദനം' നടത്തിയതിനെ തൊട്ടുണ്ടായ മുറിവാണെന്ന് മനസ്സിലാക്കി. അങ്ങനെയാണ് ആഫ്രിക്കന്‍ വംശജയായ ഫിലിപ്പ വിപ്പിള്‍ പൊലീസിന്റെ പിടിയിലാകുന്നത്. 

ഒന്നര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കോടതി 11 വര്‍ഷത്തെ തടവ് വിധിച്ചത്. ബ്രിട്ടനില്‍ സ്ത്രീകളുടെ ലിംഗഛേദനവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരാളെ ശിക്ഷിക്കാന്‍ കോടതി ഉത്തരവിടുന്നത്. 

നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ ആഫ്രക്കന്‍ വംശജരുടെ ഇടയില്‍ ഇപ്പോഴും ലിംഗഛേദനം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആവശ്യമായ തെളിവുകളില്ലാത്തതിനാല്‍ പലപ്പോഴും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാറില്ല. 

സ്ത്രീകളിലെ ലിംഗഛേദനം...

സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഭാഗികമായി നീക്കം ചെയ്യുന്ന രീതിയാണ് ലിംഗഛേദനം. ആരോഗ്യപരമായ ഗുണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, വലിയ രീതിയിലുള്ള ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഒരാചാരമാണിത്. 

പ്രധാനമായും ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഈ പ്രാകൃതമായ രീതി തുടര്‍ന്നുപോകുന്നത്. ഇന്ത്യയിലും ചില സംസ്ഥാനങ്ങളില്‍ ഈ രീതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 'ബൊഹ്‌റ' എന്ന സമുദായത്തിലാണ് ഇന്ത്യയില്‍ ലിംഗഛേദനം വ്യാപകമായി നടന്നിരുന്നത്. എന്നാല്‍ ക്രൂരമായ ഈ ആചാരം രാജ്യത്ത് നിന്ന് പൂര്‍ണ്ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞുവെന്ന് 2017ല്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.

അതേസമയം ഘാന, കെനിയ, നൈജീരിയ തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോഴും ലിംഗഛേദനം നടക്കുന്നുണ്ട്. പലയിടങ്ങളിലും നിയമപരമായ വിലക്കുകളുണ്ടെങ്കിലും ഈ വിലക്കുകളെയെല്ലാം എതിര്‍ത്തുകൊണ്ടാണ് ആചാരം നടക്കുന്നത്. വളരെ ചെറുപ്രായത്തിലോ അല്ലെങ്കില്‍ പന്ത്രണ്ട്- പതിമൂന്ന് വയസ്സിലോ ആണ് ലിംഗഛേദനം നടത്തുന്നത്. ഇത് വലിയ രീതിയിലുള്ള അണുബാധയ്ക്ക് കാരണമാകുമെന്നും, ഒരുപക്ഷേ അത് പെണ്‍കുട്ടിയെ മരണത്തിലേക്ക് വരെയെത്തിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നിരവധി സന്നദ്ധ സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ആഗോളതലത്തില്‍ ലിംഗഛേദനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ എതിര്‍പ്പുകളൊന്നും വക വയ്ക്കാതെ ഇന്നും പലയിടങ്ങളിലും ലിംഗഛേദനം നടക്കുന്നുവെന്ന് തന്നെയാണ് ബ്രിട്ടനില്‍ നിന്നുള്ള ഈ വാര്‍ത്തയും സൂചിപ്പിക്കുന്നത്.