കുഞ്ഞിന് ഒന്ന് പനി വന്നാല്‍ വീട്ടുകാരെ മുഴുവനത് ബാധിക്കും, അത് സ്വാഭാവികം മാത്രമാണ്. ഇവിടെ ക്യാന്‍സര്‍ ബാധിച്ച മൂന്ന് വയസ്സുകാരനെ ഒരു വയസ്സിന് മൂത്ത സഹോദരി സഹായിക്കുന്ന കരളലയിപ്പിക്കുന്ന കാഴ്ചയാണ് അവരുടെ അമ്മ പങ്കുവെയ്ക്കുന്നത്. കളിച്ചിചിരിച്ച് നടക്കേണ്ട പ്രായത്തില്‍ കീമോതെറാപ്പിയുടെ വേദനിപ്പിക്കുന്ന ദിനങ്ങളിലൂടെയാണ് ബാഗറ്റിന്‍ കടന്നുപോകുന്നത്. അവിടെ കൈപിടിച്ച് ഒപ്പം നില്‍ക്കുന്നത് സഹോദരി ഓബ്രേ ആണ്. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  അമ്മ കയറ്റ്‌ലിന്‍ (28) തന്‍റെ ജീവിതാനുഭവം പങ്കുവെച്ചത്. ക്യാന്‍സര്‍ ബാധിച്ച അനുജനെ ടോയിലറ്റില്‍ സഹായിക്കുന്ന സഹോദരിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. അമേരിക്കന്‍ സ്വദേശിയാണ് കയറ്റ്‌ലിന്‍. കയറ്റ്‌ലിന്‍റെ മൂന്ന് വയസ്സുളള മകന്‍ ബാഗറ്റിന് രക്താര്‍ബുദ്ദമാണ് (ലുക്കീമിയ). നിരവധി കീമോതെറാപ്പികള്‍ ചെയ്ത മകനെ മൂത്ത മകള്‍ നോക്കുന്നതും അവരുടെ ബന്ധവുമാണ് കയറ്റ്‌ലിന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബാഗറ്റിന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. 

" കുട്ടികളിലെ ക്യാന്‍സര്‍ രോഗം ശരിക്കും ബാധിക്കുന്നത് ആ കുടുംബത്തെ മുഴുവനുമാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. ക്യാന്‍സര്‍ ചികിത്സയുടെ പണചിലവിനെ കുറിച്ചും ചികിത്സയുടെ വേദനകളെ കുറിച്ചും മാത്രമേ എങ്ങും പറഞ്ഞുകേട്ടിട്ടുളളൂ. എന്നാല്‍ ക്യാന്‍സര്‍ രോഗം ഒരു കുടുംബത്തെ മുഴുവന്‍ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാമോ? കുടുംബത്തിലെ മറ്റ് കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ? 15 മാസം മാത്രം വ്യത്യാസത്തില്‍ ജനിച്ച എന്‍റെ മക്കള്‍  അത് അനുഭവിക്കുകയാണ്"- ആ അമ്മ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

'നാല് വയസ്സുളള മകള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് തന്‍റെ അനുജന്‍ ഐസിയുവിലേക്ക് പോകുന്നത്. അവന്‍റെ ശരീരത്തിലേക്ക് സൂചികള്‍ കയറ്റുന്നതും മരുന്നുകള്‍ കൊടുക്കുന്നതും. എന്താണ് അനിയന്‍റെ അസുഖമെന്ന് അവള്‍ക്ക് കൃത്യമായി അറിയില്ല. എന്നാല്‍ അവന് എന്തോ പറ്റിയെന്ന് മാത്രമേ അവള്‍ക്കറിയൂ. എപ്പോഴും കളിച്ചു ചിരിച്ച് നടന്ന അനിയന്‍ ഇപ്പോള്‍ എപ്പോഴും ഉറക്കമാണ്. അവന് ഇപ്പോള്‍ കളിക്കണമെന്നില്ല. നടക്കാന്‍ പോലും സഹായം വേണമെന്ന് അവസ്ഥയാണ്'- അവര്‍ പറയുന്നു. 

ആശുപത്രിയിലും എല്ലായിടത്തും മകനോടൊപ്പം മകളെയും കൊണ്ടുപോകുന്നതിന്‍റെ കാരണവും അവര്‍ പറയുന്നു. സഹായിക്കാനും ഒപ്പം നില്‍ക്കാനുമുള്ള മനസ്സ് കുഞ്ഞുങ്ങളില്‍ ഉണ്ടാക്കിയെടുക്കാനാണിതെന്നും അമ്മ പറയുന്നു. 'മകന്‍ ടോയിലറ്റില്‍ പോകുമ്പോള്‍ ഒപ്പം നില്‍ക്കുന്നത് മകളാണ്. അവന്‍ ഛര്‍ദിക്കുമ്പോള്‍  പുറംവശം തടവി കൊടുക്കുന്നത് അവളാണ്. ഇതാണ് കുഞ്ഞുങ്ങളിലെ ക്യാന്‍സര്‍'- കയറ്റ്‌ലിന്‍ കുറിച്ചു. 

Watch Moreഓണം വാരാഘോഷം; വര്‍ണാഭമായ ഘോഷയാത്രയും കലാപരിപാടികളും തത്സമയം