Asianet News MalayalamAsianet News Malayalam

'ഒരുമിച്ചെത്തിയ നാല് കുഞ്ഞിച്ചിരികള്‍...' ; പറയാന്‍ വാക്കുകളില്ലെന്ന് ഈ അമ്മ

ആലപ്പുഴ ജില്ലയിലെ ചാരുമ്മൂടിനടുന്ന് നൂറനാട് എന്ന ​ഗ്രാമത്തിൽ ഒരമ്മയുണ്ട്, സൗമ്യ രതീഷ് എന്ന ഈ അമ്മയ്ക്കൊപ്പമുള്ളത് നാല് കു‍ഞ്ഞിച്ചിരികളാണ്. മാതൃദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയാണ് സൗമ്യ എന്ന അമ്മ.

mothers day special story
Author
Alappuzha, First Published May 10, 2020, 4:15 PM IST

ഇന്ന് അമ്മമാരുടെ ദിവസമാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയാണ് അമ്മ എന്നൊക്കെ പറഞ്ഞാൽ അതിൽ അതിശയോക്തിയൊന്നും വിചാരിക്കണ്ട. അതൊരു ചെറിയ പോരാളിയല്ല. അതൊരു അമ്മയ്ക്ക് മാത്രം കഴിയുന്ന പോരാട്ടം കൂടിയാണ്. ആലപ്പുഴ ജില്ലയിലെ ചാരുമ്മൂടിനടുന്ന് നൂറനാട് എന്ന ​ഗ്രാമത്തിൽ ഒരമ്മയുണ്ട്, സൗമ്യ രതീഷ് എന്ന ഈ അമ്മയ്ക്കൊപ്പമുള്ളത് നാല് കു‍ഞ്ഞിച്ചിരികളാണ്. മാതൃദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയാണ് സൗമ്യ എന്ന അമ്മ...

വിശേഷങ്ങളറിയാൻ ആദ്യം വിളിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ, 'രണ്ടാളെ ഉറങ്ങീട്ടുള്ളൂ, ഞാനും അമ്മയും കൂടി രണ്ടാളെ ഉറക്കുവാ. പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാവോ?' അരമണിക്കൂറിന് ശേഷം വിളിച്ചിട്ടും രണ്ടാളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഒറ്റപ്രസവത്തിൽ നാല് കുഞ്ഞിക്കുറുമ്പുകളെയാണ് ദൈവം സൗമ്യയ്ക്ക് നൽകിയത്. നാല് പേരാണ് തന്റെ വയറ്റിനുള്ളിലെന്നറിഞ്ഞ ആ നിമിഷം സന്തോഷമാണോ അത്ഭുതമാണോ എന്താണ് തോന്നിയതെന്ന് പറയാനറിയില്ലെന്ന് സൗമ്യ പറയുന്നു. ചില വലിയ സങ്കടങ്ങൾക്ക് മേൽ ഈശ്വരൻ സന്തോഷത്തിന്റെ മഴ പെയ്യിച്ചത് പോലെയാണ് തോന്നിയത്.

mothers day special story

''ഏഴാം മാസത്തിലായിരുന്നു പ്രസവം. പ്രസവിച്ച് കുറച്ച് ദിവസം മക്കള്‍ എൻഐസിയുവിലായിരുന്നു. എനിക്ക് കാണാനോ എടുക്കാനോ ഒന്നും സാധിച്ചില്ല. ഞാൻ അകത്തു കയറി കാണും. പിന്നീടാണ് എന്റെ കയ്യിലേക്ക് കിട്ടിയത്.'' സൗമ്യ പറയുന്നു. ഇവരുടെ കുടുംബഫോട്ടോ കാണുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളൊക്കെ ഒരുപോലെയാണ്. എങ്ങനെയാണ് ഇവരെ മാനേജ് ചെയ്യുന്നത്? ''സത്യമായിട്ടും അതെങ്ങനെയാണെന്ന് പറഞ്ഞു തരാൻ എനിക്കറിയില്ല. ചില ടെക്നിക്കുകളൊക്കെ പരീക്ഷിച്ച്  മുന്നോട്ട് പോകും. അത്ര വലിയ പ്രശ്നക്കാരൊന്നുമല്ല. എല്ലാവരും ഒന്നിച്ചിരുന്ന് കളിക്കും. കളിപ്പാട്ടത്തിനോ മറ്റോ വഴക്കിടും. അത് ഞാനോ അച്ഛനോ അമ്മയോ ആരെങ്കിലും ഇടപെട്ട് പരിഹരിക്കും.'' സൗമ്യയുടെ പുഞ്ചിരി നിറഞ്ഞ മറുപടി. അദ്രിക, ആത്മിക, അനാമിക, അവനിക. കണ്ടുവച്ചിരുന്ന പേരുകളാണ് മക്കൾക്ക് നൽകിയതെന്ന് രതീഷും സൗമ്യയും ഒരേ സ്വരത്തിൽ പറയുന്നു. 

''ഒറ്റക്ക് പുറത്തോട്ട് ഇറക്കി വിടാറില്ല. മുറ്റത്തേയ്ക്കാണെങ്കിലും അച്ഛനും അമ്മയും ഒപ്പം കാണും. നാലും നാലുവഴിക്കാണ് ഓട്ടം. ആരെങ്കിലും കൂടെ ഇല്ലാതെ പറ്റില്ല. മാർച്ച് 10ന് രണ്ടുവയസ്സായി. ഭക്ഷണം ഞങ്ങളാരെങ്കിലും വാരിക്കൊടുക്കും. ആഹാരം കഴിക്കുന്ന സമയത്ത് ഒരാൾ കളയുന്നത് കണ്ടാൽ അടുത്തയാളും കളയും. ചിലപ്പോൾ എല്ലാവരും ഒന്നിച്ച് നിന്ന് കഴിക്കും.'' സൗമ്യ പറഞ്ഞു.

mothers day special story

അദ്രികയും ആത്മികയും അനാമികയും അവനികയും വീട്ടിലെ അക്കുവും ചിക്കുവും  ഇക്കുവും കിക്കുവുമാണ്. ആദ്യത്തെയാൾ കുറച്ച് ദേഷ്യക്കാരിയാണ്. കളിപ്പാട്ടമെങ്ങാൻ തട്ടിപ്പറിച്ചാൽ ആളുടെ സ്വഭാവം മാറും. രണ്ടാമത്തെയാൽ ആത്മിക എന്ന ചിക്കു. ചിക്കു അമ്മക്കുട്ടിയാണ്. എപ്പോഴും അമ്മയോ അച്ഛനോ കൂടെ വേണം. മൂന്നാമത്തെയാളായ അനാമിക ശാന്തസ്വഭാവക്കാരിയാണെന്ന് സൗമ്യ പറയുന്നു. കൂട്ടത്തിൽ കുരുത്തക്കേട് ഇത്തിരി കൂടുതലുള്ളത് കുഞ്ഞുവാവ ആയ കിക്കു എന്ന അവനികയാണ്. കൂട്ടത്തിൽ ഏറ്റവും ചെറിയ ആളും അവളാണ്. 

mothers day special story

രണ്ടാം പിറന്നാൾ ദിനത്തിൽ ചുവന്ന ഉടുപ്പൊക്കെ ഇട്ട് മുഖം നിറയെ കുസൃതിയുമായി നിൽക്കുന്ന നാല് പെൺകുഞ്ഞുങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദമാം സീപോർട്ടിൽ ഉദ്യോ​ഗസ്ഥനാണ് ഇവരുടെ അച്ഛൻ രതീഷ്. അവധിക്ക് നാട്ടിലെത്തിയ അച്ഛനൊപ്പമാണ് ഇപ്പോൾ കൂട്ട്. ഈ വീട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത് നാല് കുഞ്ഞിക്കൊഞ്ചലുകളിലാണ്, കൊലുസുകളുടെ കിലുക്കത്തിലും, വാശിക്കരച്ചിലുകളിലുമാണ്. 

Follow Us:
Download App:
  • android
  • ios