കൊവിഡ് ബാധിച്ച അമ്മമാർ നവജാതശിശുക്കൾക്ക് മുലയൂട്ടുന്നത് തുടരാമെന്ന് വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കി. അമ്മയ്ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ പ്പോലും മുലയൂട്ട‌ലിലൂടെ കുഞ്ഞിനെ സംരക്ഷിക്കാനാകും. 

കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്നവരോ സ്ഥിരീകരിക്കപ്പെട്ടവരോ ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡബ്ല്യുസിഡി അറിയിച്ചു. അമ്നിയോട്ടിക് ദ്രാവകത്തിലോ മുലപ്പാലിലോ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ല. ഗർഭകാലത്തും മുലപ്പാലിലൂടെയും വൈറസ് പകരുന്നില്ലെന്നും ഡബ്ല്യുസിഡി വ്യക്തമാക്കി. 

'' ലോകാരോഗ്യസംഘടനയുടെയും ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടൽ തുടരുന്നതിന് ആരോഗ്യ സംരക്ഷണ ദാതാക്കൾ എല്ലാ അമ്മമാർക്കും ഉറപ്പ് നൽകുകയും പിന്തുണ നൽകുകയും വേണം '' - മന്ത്രാലയം ട്വീറ്റ് ചെയ്തു.

കുഞ്ഞുമായുള്ള സമ്പർക്കത്തിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ബോട്ടിലിലോ കപ്പിലോ പാൽ കൊടുക്കുന്നതിന് മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 മുലയൂട്ടലിലൂടെ കൊവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായാണ് ആചരിക്കപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് വനിതാ ശിശു വികസന മന്ത്രാലയം, കൊവിഡ് കാല മുലയൂട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഗര്‍ഭിണികളിലെ കൊവിഡ് ബാധ; രണ്ടാം ആഴ്ചയില്‍ കൂടുതല്‍ അപകടമെന്ന് വിദഗ്ധര്‍...