ജന്മനാടായ കെനിയയില്‍ വച്ചാണ് 'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്' മാഗസിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയത്. അഭയാര്‍ത്ഥി ക്യാമ്പിലെ ഓര്‍മ്മകളുമായാണ് താന്‍ വീണ്ടും കെനിയയില്‍ വന്നിറങ്ങിയതെന്നും അവിശ്വസനീയമാണ് ജീവിതത്തില്‍ സംഭവിച്ച ഈ മനോഹരമായ മാറ്റങ്ങളെന്നും ഹലീമ പ്രതികരിച്ചു

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും നടക്കുന്ന ഒരു കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ആവിഷ്‌കാരത്തിലൂടെ തന്നെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഹലീമ എയ്ദന്‍ എന്ന യുവമോഡല്‍. തന്റെ മുസ്ലീം സ്വത്വത്തെ കൈവിടാതെ തന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാനാണ് ഹലീമയുടെ തീരുമാനം. 

'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്' എന്ന അമേരിക്കന്‍ മാഗസിന്റെ കവര്‍ചിത്രമായി വന്ന ഹലീമയുടെ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന, കാഴ്ചയില്‍ സ്വിം സ്യൂട്ടിനോടും ബിക്കിനിയോടുമെല്ലാം സാദൃശ്യം തോന്നുന്ന പ്രത്യേകവസ്ത്രമാണ് ഹലീമ ധരിച്ചിരിക്കുന്നത്. 

തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ത്തീരത്ത്, മയില്‍പ്പീലി നിറങ്ങളുടെ കോമ്പിനേഷനിലുള്ള സ്യൂട്ടും അതിന് പുറത്ത് ഗൗണും, തലപ്പാവുമെല്ലാം ധരിച്ച് വശം ചരിഞ്ഞുകിടക്കുന്നതാണ് കവര്‍ചിത്രം. ആത്മവിശ്വാസത്തോടെയുള്ള ഹലീമയുടെ പുഞ്ചിരിക്കാണ് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ മുഴുവന്‍ മാര്‍ക്കും നല്‍കുന്നത്. 

View post on Instagram

തന്റെ സമ്പാദ്യം ഈ ആത്മവിശ്വാസം തന്നെയാണെന്ന് ഹലീമയും സമ്മതിക്കുന്നു. കാരണം ഇത്തരത്തില്‍ ചര്‍ച്ചയിലൊക്കെ ഇടം നേടുന്നതിന് മുമ്പ് ഹലീമ കടന്നുപോയ ജീവിതം അത്രമാത്രം പ്രതീക്ഷയറ്റതായിരുന്നു.

കെനിയയിലെ ഒരഭയാര്‍ത്ഥി ക്യാമ്പിലാണ് ഹലീമ ജനിച്ചത്. ഏഴ് വയസ് വരെ അതേ ക്യാമ്പില്‍ ജീവിച്ചു. പിന്നീടാണ് അമേരിക്കയിലേക്ക് കുടിയേറാന്‍ അവസരം കിട്ടിയത്. 2016-17 വര്‍ഷങ്ങളില്‍ മോഡലിംഗില്‍ ശ്രദ്ധേയമായ സാന്നിധ്യമാകാന്‍ തുടങ്ങി. അമേരിക്കയില്‍ നടന്ന 'മിസ് മിനോസോട്ട' സൗന്ദര്യമത്സരത്തില്‍ ശരീരം മുഴുവന്‍ മറച്ചുകൊണ്ട് റാംപിലിറങ്ങിയ ഹലീമ അന്നേ ചര്‍ച്ചകളില്‍ ഇടം നേടി. 

'ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഏത് മേഖലയിലും അവസരങ്ങളുണ്ടാകണം. ഹിജാബിന്റെ പേരില്‍ അവരെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല. എല്ലാം സ്ത്രീത്വത്തിന്റെ ആഘോഷങ്ങള്‍ തന്നെയാണ്'- ഹലീമ പറയുന്നു. 

View post on Instagram

ജന്മനാടായ കെനിയയില്‍ വച്ചാണ് 'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്' മാഗസിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയത്. അഭയാര്‍ത്ഥി ക്യാമ്പിലെ ഓര്‍മ്മകളുമായാണ് താന്‍ വീണ്ടും കെനിയയില്‍ വന്നിറങ്ങിയതെന്നും അവിശ്വസനീയമാണ് ജീവിതത്തില്‍ സംഭവിച്ച ഈ മനോഹരമായ മാറ്റങ്ങളെന്നും ഹലീമ പ്രതികരിച്ചു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് 'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്' മാഗസിനോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഹലീമ അറിയിച്ചു.