സംഭാൽ:  ഭര്‍ത്താവ് സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്നുവെന്നും അതിനാല്‍ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഉത്തര്‍ പ്രദേശിലെ സംഭാലിലാണ്  ഭർത്താവ് സ്നേഹത്താൽ വീർപ്പുമുട്ടിക്കുന്നെന്നും തന്നോട് വഴക്കിടുന്നില്ലെന്നും അതിനാൽ വിവാഹമോചനം നൽകണമെന്നുമുള്ള ആവശ്യവുമായി യുവതി കോടതിയെ  സമീപിച്ചത്. 

'ഭര്‍ത്താവിന് എന്നോട് വളരെ അധികം സ്നേഹമാണ്. അദ്ദേഹത്തിന്‍റെ സ്നേഹം എന്നെ വീര്‍പ്പ് മുട്ടിക്കുകയാണ്, ഇതെനിക്ക് സഹിക്കാനാവുന്നില്ല'. 18 മാസത്തെ ദാമ്പത്യത്തിനുശേഷം ഭര്‍ത്താവിന്‍റെ സ്നേഹം സഹിക്കാതെ  യുവതി ശരിയത്ത്‌ കോടതിക്കു മുന്പിലെത്തി പറഞ്ഞത് ഇങ്ങനെയാണ്.

'ഭർത്താവ് ദേഷ്യത്തിൽ സംസാരിക്കുകയോ എന്നോട് തര്‍ക്കിക്കുകയോ എന്‍റെ പരാമര്‍ശങ്ങളില്‍ അസ്വസ്ഥനാവുകയോ ചെയ്യുന്നില്ല. അദ്ദേഹം എനിക്കായി ഭക്ഷണം പാകം ചെയ്യുകയും വീട്ടു ജോലികളിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ എന്തൊക്കെ തെറ്റുകൾ ചെയ്താലും അദ്ദേഹം എന്നോട് ക്ഷമിക്കുന്നു. എനിക്ക് അദ്ദേഹത്തോട്  തർക്കിക്കണം. എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ടാ' -യുവതി കോടതിയ്ല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  

എന്നാൽ ഭാര്യയെ താൻ ഏറെ സ്നേഹിക്കുന്നെന്നും അവർ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ കേസ് അവസാനിപ്പിക്കണമെന്നുമായിരുന്നു ഭർത്താവ്  കോടതിയെ അറിയിച്ചത്. ഒടുവില്‍ യുവതിയുടെ ആവശ്യം ബാലിശമാണെന്ന് വിലയിരുത്തി കോടതി ഹർജി തള്ളി. എന്നാല്‍ യുവതി പിന്നീട് പ്രാദേശിക ഭരണസമിതിക്കുമുന്നിൽ ആവശ്യമുന്നയിച്ചെങ്കിലും വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അവരും അറിയിക്കുകയായിരുന്നു.