പ്രസവമുറിയില്‍ ജോലി ചെയ്യുന്ന ഒമ്പത് നഴ്സുമാരും ഒരേ സമയം ഗര്‍ഭിണികളാവുക, അവരുടെ പ്രസവ തിയതികള്‍ ഏകദേശം ഒരേ സമയത്തുമാവുക. അങ്ങനെയൊക്കെ സംഭവിക്കുമോ? എന്നാല്‍ പോര്‍ട്ട്‍ലാന്‍റിലെ മെയ്ന്‍ മെഡിക്കല്‍  സെന്‍ററില്‍ അങ്ങനെ ഒരു കൗതുകം നടന്നു. ഒരേ ലേബര്‍ റൂമിലുള്ള ഒമ്പത് നഴ്സുമാരും ഗര്‍ഭിണികളായ വിവരം അറിയുന്നത് ഏകദേശം ഒരേ സമയത്ത്. പ്രസവ തിയതി എല്ലാവര്‍ക്കും ഏപ്രില്‍ മുതല്‍ ജൂലൈ വരെയും.

ആശുപത്രിയിലെ പ്രസവമുറിയില്‍ ജോലി നോക്കുന്ന ഒമ്പത് നഴ്സുമാരും ഗര്‍ഭിണികളാണെന്ന് അറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു.  വളരെ സന്തോഷമുണ്ടെന്ന ആശുത്രി അധികൃതരുടെ കുറിപ്പിനൊപ്പം  ഗര്‍ഭിണികളുടെ ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. 

ഗര്‍ഭിണികളുടെ ചിത്രം പങ്കുവച്ചതിന് പിന്നാലെ ചിലരുടെ സംശയങ്ങള്‍ ഇങ്ങനെയായിരുന്നു. ലേബര്‍ റൂമില്‍ ഒമ്പതുപേര്‍ ഒരുമിച്ച് അവധിയിലായാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകില്ലേ എന്നതായിരുന്നു അത്. എന്നാല്‍ അതോര്‍ത്ത് വിഷമിക്കേണ്ടെന്നും ഇതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ മറുപടി നല്‍കി. ഗര്‍ഭിണികളെല്ലാം പരസ്പരം സഹായിച്ചും ജോലിയില്‍ സഹകരിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും ആരോഗ്യവും കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.