ഉഡുപ്പി: ഇന്ത്യയെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ വിവരിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രീസ സോറിയാനോ കര്‍ണാടകയിലെത്തുന്നത്. എന്നാല്‍ വിനോദ സഞ്ചാരിയെന്ന നിലയില്‍ ഇന്ത്യ ആസ്വദിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ മനോഹരമായ അവധിക്കാലമാണ് ലോക്ക്ഡൌണ്‍ കര്‍ണാടകയില്‍ ലഭിച്ചത്.

ലോക്ക്ഡൌണ്‍ കാലത്ത് ഇന്ത്യയിലെത്തി തിരികെ പോകാന്‍ സാധിക്കാതെ വന്നതോടെ കര്‍ണാടകയിലെ ഗ്രാമീണ ജീവിതം ആസ്വദിച്ച് സ്പാനിഷ് വനിത. മാര്‍ച്ചിലാണ് ട്രീസ ഇന്ത്യയിലെത്തുന്നത്. മുപ്പത്തിനാലുകാരിയായ ട്രീസ സോറിയാനോയാണ് ഗ്രാമീണ ജീവിതം ആസ്വദിച്ച് കന്നട ഭാഷയും സംസ്കാരവും പഠിക്കാനുള്ള ശ്രമവുമായി ഉഡുപ്പിയില്‍ താമസിക്കുന്നത്. സ്പാനിഷ് നഗരമായ വലന്‍സിയയില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ് ഈ മുപ്പത്തിനാലുകാരി.

മാര്‍ച്ച് മുതലുള്ള ഉഡുപ്പിയിലെ താമസം കൊണ്ട് അത്യാവശ്യം കന്നട സംസാരിക്കാനും ട്രീസ പഠിച്ചു. ഉഡുപ്പിയിലെ കുന്ദാപൂറിലെ ഹെറാഞ്ചല്‍ ഗ്രാമത്തില്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് ട്രീസ ഇപ്പോള്‍ താമസിക്കുന്നത്. നഗരങ്ങളിലെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ ജീവിതം സുരക്ഷിതമാണെന്നാണ് ട്രീസ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. പരിസ്ഥിതിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവസരം ഗ്രാമീണര്‍ക്ക് ലഭിക്കുന്നത്. നഗരങ്ങളില്‍ കൊവിഡ് 19 വ്യാപനം നിമിത്തം നിയന്ത്രണങ്ങള്‍ ഏറെയാണെന്നും ട്രീസ പറയുന്നു.

കടലക്കൃഷി, പശുവിനെ കറക്കല്‍, നെല്‍ കൃഷി, മീന്‍ പിടുത്തം, രംഗോലി വരയ്ക്കാന്‍ പഠിക്കല്‍, ഈര്‍ക്കിലി ചൂല്‍ നിര്‍മ്മാണം തുടങ്ങിയ നിരവധി സംഭവങ്ങള്‍ പഠിക്കാനും ഒരു കൈ പരീക്ഷിക്കാനും അവസരം ലഭിച്ചുവെന്നും ട്രീസ പറയുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ട്രീസ മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യക്ക് പിന്നാലെ ശ്രീലങ്കയും സന്ദര്‍ശിച്ച് മെയ് മാസം തിരികെ സ്പെയിനിലേക്ക് എത്താനായിരുന്നു പദ്ധതി. എന്നാല്‍ ലോക്ക്ഡൌണില്‍ വിമാന സര്‍വ്വീസ് നിലച്ചതോടെ ട്രീസയുടെ സന്ദര്‍ശന പദ്ധതി പാളിയത്. ട്രീസയ്ക്ക് പിന്നാലെ ഇന്ത്യയിലെത്തിയ സുഹൃത്ത് മുംബൈയിലാണ് കുടുങ്ങിയിട്ടുള്ളത്.