കുഞ്ഞുങ്ങളെ വളർത്തിവലുതാക്കുക പ്രയാസമുള്ള പണിയാണ്. ഒരു സംശയവുമില്ല അക്കാര്യത്തിൽ. അത് കൂടുതൽ ദുഷ്കരമാവുന്നത് എപ്പോഴെന്നോ? അമ്മ എന്ന റോളിൽ മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാനുള്ള ശ്രമത്തിനിടെ, ഒന്ന് കണ്ണാടിനോക്കാൻ പോലും നേരം കിട്ടാതെയാകുമ്പോൾ, ആറ്റുനോറ്റിരുന്ന് സമ്പാദിച്ച സ്വപ്നജോലിയെ പുറംകാൽ കൊണ്ട് തട്ടേണ്ടിവരുമ്പോൾ, ഒക്കെ ഇടനെഞ്ചിന്റെ ഏതോ ഒരു മൂലയിലിരുന്ന് ഒരു വേദന ചോദിക്കും, "ഇതാണോ നീ ആഗ്രഹിച്ചിരുന്ന മാതൃത്വം..? " കുഞ്ഞിനെ വേണ്ടുംവിധം നോക്കുന്നതിനിടയിലും എന്നെങ്കിലും ഒരു ജോലിചെയ്യാൻ സാധിക്കുമോ? അവനവനെപ്പറ്റി ഇടക്കൊക്കെ ചിന്തിക്കാനാകുമോ ? അങ്ങനെ പല ചോദ്യങ്ങളും അലട്ടും നിങ്ങളെ.

നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക എന്ന കെണിയിൽ വീണുപോകാൻ വളരെ എളുപ്പമാണ്. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്നാണല്ലോ. ഫേസ്‌ബുക്കിൽ നിത്യം പോസ്റ്റിടുന്ന ആ സ്ത്രീ, അവർക്കുമുണ്ടല്ലോ കുട്ടികൾ. അവരെത്ര എളുപ്പത്തിലാണ് കാര്യങ്ങൾ ചെയ്യുന്നത്. അതിനിടെ ജോലിയും കൊണ്ടുപോകുന്നത്. ഞാൻ മാത്രമെന്താ ഇങ്ങനെ ? പാചകം ചെയ്തു തീർന്നിട്ട് എപ്പോഴാണവർ മേക്കപ്പ് ചെയുന്നത്? മക്കളുടെ കാര്യങ്ങൾ ചെയ്തുതീർന്നിട്ട് അവരുടെ അച്ഛനെ സന്തോഷിപ്പിക്കാൻ എപ്പോഴാണ് സമയം കണ്ടെത്തുന്നത്? സ്വന്തം ഭർത്താവുമായുള്ള സെക്സ് ലൈഫ് തകരാതെ നോക്കാൻ അവർക്ക് എങ്ങനെ സാധിക്കുന്നു..? മറ്റൊരാളുടെ ജീവിതത്തിലേക്ക് പുറത്തുനിന്ന് നോക്കിയാൽ ആകെ ഒരു അപകർഷതാബോധം പോലും വന്ന് ആവേശിക്കാനിടയുണ്ട് നിങ്ങളെ. 

എന്നാൽ നിങ്ങൾ സോഷ്യൽ മീഡിയയിൽ നിങ്ങൾ അസൂയയോടെ ഫോളോ ചെയ്യുന്ന ആ 'പെർഫെക്റ്റ്' അമ്മമാർ, സുന്ദരികളും സുന്ദരന്മാരുമായ കുഞ്ഞുമക്കളുള്ളവർ, അവരെ കളിപ്പിക്കുന്നതിന്റെയും കുളിപ്പിക്കുന്നതിന്റെയും, ഒരുക്കുന്നതിന്റെയും അവർക്കൊപ്പം ടൂറുപോകുന്നതിന്റെയുമൊക്കെ ഫോട്ടോകളിട്ട് നിങ്ങളിൽ കുറ്റബോധമുണർത്തുന്നവർ - അവരുടെ ജീവിതത്തിലുമുണ്ടാവാം നിങ്ങൾ അനുഭവിക്കുന്ന അതേ വിഷമങ്ങൾ. നിങ്ങൾ കാണുന്ന, അവർ നിങ്ങളെ കാണിക്കാൻ തയ്യാറാകുന്ന, അവരുടെ ജീവിതങ്ങളിലെ   സന്തോഷത്തിന്റെ മാത്രം നിമിഷങ്ങൾ കണ്ടുകൊണ്ട് നിങ്ങൾ സ്വന്തം ജീവിതത്തെ ജഡ്ജ് ചെയ്യാൻ നിന്നാൽ അതിൽ എത്രമാത്രം വാസ്തവമുണ്ടാകും? 

സുപ്രസിദ്ധയായ ഓസ്‌ട്രേലിയൻ ബ്ലോഗറാണ് ലോറ മാസ്സ. ലോറയുടെ ബ്ലോഗായ The Mum On The Run ഏറെ വായിക്കപ്പെടുന്ന ഒന്നാണ്. ആദ്യത്തെ കുട്ടി ലൂക്കയെ പ്രസവിച്ച ശേഷമുണ്ടായ ഡിപ്രഷൻ കാലഘട്ടത്തിലാണ് അവർ ആദ്യമായി ബ്ലോഗെഴുത്ത് തുടങ്ങുന്നത്. അവരുടെ എഴുത്തിലെ മനുഷ്യപ്പറ്റ് താരതമ്യേന ജനശ്രദ്ധ പിടിച്ചുപറ്റി. നിന്നവർക്ക് രണ്ടരലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. അവരുടെ ഈടാക്കും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ വൈറൽ ആയ ഒന്നാണ്. അതിൽ അവർ അഭിസംബോധന ചെയ്യുന്നത്, ''നല്ലൊരമ്മയല്ലല്ലോ ഞാൻ'' എന്നോർത്ത് വേവലാതിപ്പെടുന്ന യുവതികളെയാണ്.  നിങ്ങളിൽ ആരെങ്കിലും അത്തരത്തിലുള്ള സങ്കടങ്ങൾ ഉള്ളിൽ പേറുന്നവരാണെങ്കിൽ, ഉറപ്പായും അത് വായിക്കണം. അത്രക്ക് ഉള്ളിൽ തട്ടുന്ന ഒന്നാണത്. ലോറയുടെ എഴുത്താണ് ചുവടെ. 

" എനിക്ക് മൂന്നുമക്കളാണ്. പലരും എന്നോട് പറയാറുണ്ട്, "നിങ്ങൾ മൂന്നെണ്ണത്തിനെ എങ്ങനെ നോക്കുന്നു എന്നെനിക്കറിയില്ല. എനിക്കാണെങ്കിൽ ഇവിടെ ഒരെണ്ണത്തിനെത്തന്നെ വേണ്ടപോലെ നോക്കാൻ പറ്റുന്നില്ല."എന്ന്  

ഞാൻ അവരോട് ആദ്യം തന്നെ പറയുന്നത് ഇതാണ്, ഒന്നാമത്തേതാണ് ഏറ്റവും പ്രയാസമുള്ളത്. 

എന്റെ ജീവിതത്തിൽ ഏറ്റവുമധികം ഉറക്കമൊഴിഞ്ഞിട്ടുള്ളത്, ഏറ്റവുമധികം ഞെട്ടിയിട്ടുള്ളത്, ഏറ്റവുമധികം ഉദ്വേഗം അനുഭവിച്ചിട്ടുളളത് ഒക്കെ എന്റെ ആദ്യത്തെ കുഞ്ഞിനെ നോക്കുന്ന കാലത്താണ്. മൂന്നു പിള്ളേരെ നോക്കുന്നത് പെടാപ്പാടുപിടിച്ച പരിപാടിയാണ്. എന്നാലും, ആദ്യമായി നിങ്ങൾ മാതൃത്വം എന്ന നവ്യാനുഭൂതിയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിലേക്ക് ഇറങ്ങിച്ചെന്ന് കഷ്ണം കഷ്ണമായി ചിതറിത്തെറിച്ച് പറന്നുപോവുന്ന പോലെയാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലമായിരിക്കും അത്. 

എന്നാലും പറയാം, അടിവയറ്റിൽ നിന്ന് നിൽക്കാത്ത ആന്തലുണ്ടാകുന്ന ദിനങ്ങൾ, ഓക്കാനം കൊണ്ട് പൊറുതിമുട്ടിയ, തലചുറ്റൽ കൊണ്ട് എഴുന്നേരിക്കാനാകാത്ത ദിവസങ്ങൾ - അധികനാൾ നീളില്ല. അധികം താമസിയാതെ തന്നെ നിങ്ങളുടെ മാലാഖക്കുഞ്ഞിനെ അടക്കിപ്പിടിച്ചുകൊണ്ട് നിങ്ങൾക്ക് സ്വസ്ഥമായുറങ്ങാൻ നിങ്ങൾക്കാകും. നിങ്ങളുടെ കയ്യിൽ കിടന്നുകൊണ്ട് യാതൊരു ബഹളവുമുണ്ടാക്കാതെ അത് ഉറങ്ങും.  നിങ്ങളുടെ ജീവിതത്തിൽ ക്രമമില്ലെങ്കിലും, സ്വൈരം തിരിച്ചെത്തും. 
 

 

ചില ദിവസങ്ങളിൽ നിങ്ങൾക്ക് ഒറാങ് ഉട്ടാന്റെ ദുർഗന്ധമായിരിക്കും, നിങ്ങളുടെ തലയിൽ നിന്ന് പേനും ചെല്ലും പെറുക്കിയെടുക്കാൻ നഖം കൊണ്ട്. മറ്റു ചില ദിവസങ്ങളിൽ നിങ്ങൾ അസുലഭ നിർവൃതിയിലാണ്ടിരിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ ചിലപ്പോൾ നിങ്ങൾ, 'ഏത് ഗതികെട്ട നേരത്താണാവോ കുഞ്ഞു വേണമെന്ന് തോന്നിയത്' എന്ന പശ്ചാത്താപചിന്തയിലായിരിക്കും. കുഞ്ഞുണ്ടായാൽ ഇത്രക്ക് പ്രശ്നമാവും എന്നറിഞ്ഞിരുന്നെങ്കിൽ ഇതിന് ഇറങ്ങിപ്പുറപ്പെടുകയില്ലായിരുന്നു എന്ന് നിങ്ങൾ മനസ്സിൽ പറഞ്ഞേനെ. ഒരു കാര്യം മാത്രമോർക്കുക. ഒക്കെ സ്വാഭാവികം മാത്രമാണ്. ഇതൊന്നും നിങ്ങളെ ഒരു മോശം അമ്മയാക്കുന്നില്ല. 

കുഞ്ഞിനെ നോക്കാൻ ഒരാളെ കണ്ടെത്തുന്നത്, സ്വസ്ഥമായൊന്നുറങ്ങുന്നത്, സ്വന്തം കുഞ്ഞിനെ ഫുട്ബാൾ മത്സരത്തിനിടെ പന്ത് പാസ് ചെയ്യും വണ്ണം നിങ്ങളുടെ പങ്കാളിക്ക് കൈമാറുന്നത്, അല്ലെങ്കിൽ കയ്യിലിരുന്ന് ഉറക്കം പിടിച്ച നിങ്ങളുടെ കുഞ്ഞിനെ, ഉണർത്താതെ പതുക്കെ കിടക്കയിലേക്ക് കിടത്തുന്നത്, എന്നിട്ട് നിങ്ങൾ രണ്ടു മിനുട്ടെങ്കിൽ രണ്ടുമിനുട്ട് ഒന്നുറങ്ങുന്നത് - ഒക്കെ വളരെ നോർമൽ ആയ കാര്യങ്ങൾ മാത്രമാണ്. അതിനൊന്നും ഒരു കുഴപ്പവുമില്ല. നിങ്ങൾ അത്യാവശ്യമായി നോക്കേണ്ടത് നിങ്ങളുടെ മാനസികാരോഗ്യമാണ്. അവനവനെ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റാരും ഗൗനിക്കില്ല. കുഞ്ഞുണ്ടായി എന്നും  പറഞ്ഞ് നിങ്ങൾ നിങ്ങളെത്തന്നെ നഷ്ടപ്പെടുത്തേണ്ടതില്ല. നിങ്ങളും ഒരു മനുഷ്യസ്ത്രീയാണ്. ഒരു വ്യക്തിയാണ്. നല്ലൊരു അമ്മയാകാനുള്ള നെട്ടോട്ടത്തിനിടെ തളർന്നു വീണുപോവേണ്ടവളല്ല നിങ്ങൾ. ഇല്ലാതായിപ്പോവേണ്ടവളല്ല നിങ്ങൾ..! 

ഈ ലോകത്ത്, എല്ലാവരും അവരവരുടെ വീടുകൾ ദിവസവും അടിച്ചുതുടച്ച് കണ്ണാടിപോലെ തിളക്കിക്കൊണ്ടല്ല ഇരിക്കുന്നത്. എല്ലാവരും ദിവസവും രാത്രി സെക്സിൽ ഏർപ്പെടുന്നുമില്ല. എല്ലാവർക്കും എല്ലാമൊന്നും ഒന്നിച്ച് നേടാൻ സാധിക്കാറില്ല. അതുപോലെ തന്നെ നിങ്ങളും. കുഞ്ഞിനെ നോക്കാനുള്ള പരിശ്രമത്തിനിടെ എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുന്നവർ തന്നെ ഈ ലോകത്തിലെ എല്ലാ അമ്മമാരും. നിങ്ങൾ ഫേസ്‌ബുക്കിൽ ആരാധനയോടെ പിന്തുടരുന്ന, ലോകത്തിലെ ഏറ്റവും സുന്ദരിയും സൗഭാഗ്യവതിയുമായ ആ അമ്മ പോലും..!  

ഞാൻ കഷ്ടപ്പെട്ട് വേദന തിന്ന് സിസേറിയനിലൂടെ പ്രസവിച്ചിട്ടുണ്ട്. അതിനു മുമ്പ് വേദന തിന്ന്, കഷ്ടപ്പെട്ട് ഒരു നോർമൽ ഡെലിവറിയും ഉണ്ടായിട്ടുണ്ട്. രണ്ടും ഒരുപോലെ പ്രയാസമായിരുന്നു. ഞാൻ കുഞ്ഞിന് കൊടുക്കാനുള്ള പാൽ ഊറിവരാതെ സങ്കടപ്പെട്ട് കരഞ്ഞിട്ടുണ്ട്, കുഞ്ഞിന് പൊടി കലക്കിക്കൊടുക്കേണ്ടി വന്നതിൽ വിഷമിച്ചിട്ടുണ്ട്. മറ്റുള്ള അമ്മമാർ എന്റെ കുഞ്ഞിന് പാലുകൊടുത്തിട്ടുണ്ട്. എല്ലാം ഏറെ പ്രയാസകരമായ പണികളായിരുന്നു. എന്നാലും, അതൊക്കെ വളരെ സ്‌പെഷ്യൽ ആയ കാര്യങ്ങളാണ്. എന്റെ മൂന്നുപിള്ളേരും ഇന്നും എനിക്ക് പ്രാന്തുപിടിച്ചു നിൽക്കുന്ന നേരത്തു തന്നെയാണ് അവരുടെ പ്രാന്തും കൊണ്ട് ബഹളം വെച്ചുതുടങ്ങാറ്. എന്നും. അതുകൊണ്ട് നിരാശപ്പെടേണ്ടതില്ല. എനിക്കു മാത്രം എന്തേ ഇങ്ങനെ എന്ന് അവനവന്റെ ദുർഭാഗ്യത്തെ പഴിക്കേണ്ടതില്ല. 

ആദ്യത്തെ കുഞ്ഞ് വളർന്നുവരുന്ന കാലത്താണ് വളർന്നുവരുന്ന കാലത്താണ് ഞാൻ ഭർത്താവിനോട് ഏറ്റവുമധികം കലഹിച്ചിട്ടുള്ളത്. ഏറെക്കാലം രണ്ടു വഴിക്ക് പോകുന്ന കപ്പലുകളായിരുന്നു ഞങ്ങൾ. എന്നാൽ രണ്ടും ഒരേ തുറമുഖത്തടുക്കാൻ ഏറെ നാൾ വേണ്ടി വന്നില്ല. സന്തോഷങ്ങൾ വിരുന്നുവരാൻ ഏറെ വസന്തങ്ങൾ വേണ്ടി വന്നില്ല. വിശ്വസിക്കണം. 

എങ്ങനെ ഞാൻ മൂന്നെണ്ണത്തിനെയും കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു എന്നെനിക്ക് നിശ്ചയമില്ല, നിങ്ങൾ നിങ്ങളുടെ ഒറ്റക്കുട്ടിയെ എങ്ങനെ നോക്കുന്നു എന്നതും അത്ര തന്നെ അതിശയകരമാണ്. നമ്മൾ എല്ലാവരും ചെയ്യുന്നത്, ഏറെ അത്ഭുതകരമായ കാര്യങ്ങളാണ് എന്നതാണ് സത്യം. അത് തിരിച്ചറിയുക. 

നിങ്ങൾ ഓരോരുത്തരും ഏറെ സ്പെഷ്യലാണ്. നിമിഷനേരം കൊണ്ട് കുഞ്ഞുങ്ങളുടെ കരച്ചിലടക്കുന്നത്. അവർ മിനിട്ടിനു മിനിട്ടിന് നനയ്ക്കുന്ന  നാപ്കിനുകൾ മാറ്റുന്നത്, ആദ്യത്തെ പിച്ചവെപ്പുകൾക്ക് കൈപിടിക്കുന്നത് ഒക്കെ നിങ്ങളെ അവർക്ക് സ്പെഷ്യലാക്കുന്നു. നിങ്ങൾ ഒരു മോശം അമ്മയാണ് എന്നൊരിക്കലും ചിന്തിക്കരുത്, കാരണം നിങ്ങളുടെ കുരുന്നുകൾക്ക് ഈ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ് നിങ്ങളെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിങ്ങളാണ് അവരുടെ ലോകങ്ങളിലെ വെളിച്ചം. നിങ്ങളാണ് അവരുടെ എല്ലാമെല്ലാം." 

താൻ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഈ പോസ്റ്റ് ഇട്ടത് എന്ന് ലോറ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഡിപ്രെഷനെപ്പറ്റി ലോറയിട്ട ഒരു പോസ്റ്റിന്റെ ചുവട്ടിൽ വന്നു ഒരു സ്ത്രീ ലോറയെ അകാരണമായി ശകാരിച്ചിരുന്നു. പിന്നീട് അതേ സ്ത്രീ ക്ഷമാപണവുമായും വന്നു. താൻ വളരെ മോശപ്പെട്ട ഒരു ദിവസത്തിലൂടെ കടന്നുപോവുകയായിരുന്നു എന്നാണവർ കാരണമായി പറഞ്ഞത്. അവർ ആദ്യമായി അമ്മയായി, അതിന്റെ എല്ലാവിധ തിക്താനുഭവങ്ങളിലൂടെയും കടന്നു പോയി, ആകെ ഡിപ്രഷനടിച്ച് ഇരിക്കുന്ന ഒരു സ്ത്രീയായിരുന്നു. അവരോട് സംസാരിച്ചപ്പോൾ അതുപോലെ നിരവധിപേരുണ്ട് എന്ന് ലോറിക്ക് ബോധ്യമായി. ആ അമ്മമാർക്കെല്ലാം വേണ്ടിയാണ്, അവരോടായിട്ടാണ് ഈ പോസ്റ്റെന്ന് ലോറ പിന്നീട് കുറിച്ചു. ഒരു സോഷ്യൽ വർക്കറായ ലോറ സൈക്കോളജിയിൽ മാസ്റ്റേഴ്സ് ബിരുദം കഴിഞ്ഞിട്ടുള്ള ആളാണ്.

ഈ പോസ്റ്റിന് കിട്ടിയ ജനപ്രീതിയിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ലോറ മറ്റൊരു പോസ്റ്റിൽ കുറിച്ചു. സങ്കടപ്പെട്ടിരിക്കുന്ന ആർക്കെങ്കിലും ഈ പോസ്റ്റ് പ്രത്യാശ പകർന്നിട്ടുണ്ടെങ്കിൽ താൻ കൃതാർത്ഥയാണ് എന്നും അവർ പറഞ്ഞു.