ആര്‍ത്തവക്രമക്കേടുകളെ കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകളുടെ എണ്ണം മുന്‍കാലങ്ങളെയെല്ലാം അപേക്ഷിച്ച് ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മോശം ജീവിതശൈലിയാണ് പ്രധാനമായും ഇതിന് കാരണമായി വരുന്നതെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ആര്‍ത്തവക്രമക്കേടുകള്‍ എപ്പോഴും അത്രമാത്രം ഗുരുതരമാകണമെന്നില്ലെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ഡോ. സിദ്ധാര്‍ത്ഥ് ഭാര്‍ഗവ പറയുന്നത്. ലൈഫ്‌സ്റ്റൈലുമായി ബന്ധപ്പെട്ട് വരുന്ന താല്‍ക്കാലിക മാറ്റങ്ങള്‍ വരെ ആര്‍ത്തവക്രമക്കേടിന് കാരണമാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

'സാധാരണഗതിയില്‍ 28 ദിവസമാണ് ഒരു ആര്‍ത്തവക്രം. അത് ചില സന്ദര്‍ഭങ്ങളില്‍ 21, 30, 35 ഒക്കെ ആകാറുണ്ട്. അതുപോലെ ബ്ലീഡിംഗ് ചിലരില്‍ രണ്ടോ മൂന്നോ ദിവസങ്ങളേ ഉണ്ടാകൂ. ഇതെല്ലാം അബ്‌നോര്‍മല്‍ ആണെന്ന് കരുതി ടെന്‍ഷന്‍ അടിക്കരുത്. മാനസിക സമ്മര്‍ദ്ദം വീണ്ടും ആര്‍ത്തവപ്രശ്‌നങ്ങളെ വര്‍ധിപ്പിക്കാനേ ഉപകരിക്കൂ...'- 

7 ദിവസങ്ങള്‍ക്കുള്ളില്‍ എപ്പോള്‍ ബ്ലീഡിംഗ് അവസാനിച്ചാലും അത് 'നോര്‍മല്‍' തന്നെയാണെന്ന് ഡോക്ടര്‍ പറയുന്നു. ആര്‍ത്തവ ക്രമക്കേടുകള്‍ സംബന്ധിച്ച് വിദഗ്ധരുടെ നിര്‍ദേശമോ ചികിത്സയോ തേടേണ്ട സന്ദര്‍ഭങ്ങളും അദ്ദേഹം വ്യക്തമാക്കുന്നു. പതിവായി ആര്‍ത്തവചക്രം തെറ്റുക, അമിതമായ ബ്ലീഡിംഗ് പതിവാകുക, പിഎംഎസ് നിയന്ത്രണാതീതമായി എപ്പോഴും അനുഭവപ്പെടുക, അസഹ്യമായ വേദന പതിവാകുക എന്നീ സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കാണേണ്ടതുണ്ടെന്ന് തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 

താല്‍ക്കാലികമായി വരുന്ന 'സ്‌ട്രെസ്', ഉറക്കക്കുറവ്, ശരീരഭാരത്തില്‍ പെടുന്നനെ സംഭവിച്ച വ്യതിയാനം, മദ്യപാനം തുടങ്ങി പല ലൈഫ്‌സ്റ്റൈല്‍ വിഷയങ്ങളും ആര്‍ത്തവ ക്രമക്കേടിലേക്ക് നയിക്കാറുണ്ടെന്നും ഡോ. സിദ്ധാര്‍ത്ഥ് പറയുന്നു. അതിനാല്‍ത്തന്നെ ആരോഗ്യകരമായ ലൈഫ്‌സ്റ്റൈല്‍ സ്ത്രീകള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും ഭക്ഷണത്തിനൊപ്പം തന്നെ വ്യായാമത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

Also Read:- എപ്പോഴും ക്ഷീണം, ഭാരം കൂടുക, ശരീരവേദന; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക...