എന്ത് കാര്യം തീരുമാനിക്കാനും, അത് നടപ്പിലാക്കാനും ഭര്‍ത്താവ് വേണമെന്ന് നിര്‍ബന്ധമായ ഒരു സ്ത്രീ ആണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ പങ്കാളിയോട് അമിതമായ ആശ്രയത്വമുള്ള ഒരാളാണെന്നാണ് സ്വയം മനസിലാക്കുക. പരസ്പരം ആശ്രയിക്കുന്നത് ദാമ്പത്യത്തിന്റെ അടിസ്ഥാനപരമായ ഘടകങ്ങളിലൊന്ന് തന്നെയാണ്. എന്നാല്‍ അത് അമിതമാകുന്നത് വ്യക്തിപരമായി പല നഷ്ടങ്ങളിലേക്കും നിങ്ങളെ എത്തിച്ചേക്കും.

എളുപ്പത്തില്‍ വൈകാരികമായി പ്രശ്‌നത്തിലാവുക, ഭര്‍ത്താവിന്റെ അഭാവത്തില്‍ സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതിരിക്കുക, ഭര്‍ത്താവിന് മുന്നില്‍ വ്യക്തിത്വമില്ലാത്തയാളായി രേഖപ്പെടുത്തപ്പെടുക- ഇങ്ങനെ പല അനാരോഗ്യകരമായ അവസ്ഥകളിലേക്കും അമിത ആശ്രയത്വം നിങ്ങളെ എത്തിച്ചേക്കാം. 

ഇത്തരത്തില്‍ അമിത ആശ്രയത്വം നിങ്ങളിലുണ്ടോയെന്ന് ഏത് ഘട്ടത്തിലും സ്വയം പരിശോധിക്കാവുന്നതേയുള്ളൂ. അതിന് സഹായിക്കുന്ന നാല് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാന്‍ നിങ്ങള്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍, അല്ലെങ്കില്‍ നിങ്ങളെക്കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ ഇത് ഒരു സൂചനയാണ്. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുക, എങ്ങോട്ടെങ്കിലും പോവുക, വീട്ടിലെ കറന്റ് ബില്ലോ വെള്ളത്തിന്റെയോ കേബിളിന്റെയോ ബില്ലടയ്ക്കുക എന്ന് തുടങ്ങി ബ്യൂട്ടി പാര്‍ലറില്‍ പോകുന്ന അത്രയും സ്വകാര്യമായ കാര്യങ്ങള്‍ പോലും തനിയെ ചെയ്യുന്നയാളല്ലേ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും കരുതുക. നിങ്ങള്‍ മാനസികമായി ഭര്‍ത്താവിനോട് അമിതമായ ആശ്രയത്വം വച്ചുപുലര്‍ത്തുന്നയാളാണ്. 

 

 

എപ്പോഴെങ്കിലും തനിയെ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ നിങ്ങള്‍ എളുപ്പത്തില്‍ 'ഉത്കണ്ഠ'പ്പെടാനും, അസ്വസ്ഥയാവാനും സാധ്യതയുണ്ട്. അതോടൊപ്പം തന്നെ നിങ്ങളുടെ പങ്കാളിയേയും നിങ്ങളുടെ ഈ സ്വഭാവം പ്രതികൂലമായി ബാധിച്ചേക്കാം. 

രണ്ട്...

ഭര്‍ത്താവിന്റെ സന്തോഷത്തിന് അനുസരിച്ച് മാത്രമേ നിങ്ങള്‍ക്കും സന്തോഷിക്കാനാവാറുള്ളൂ? എങ്കില്‍ ഓര്‍ക്കുക, നിങ്ങളുടെ മനസ് മുഴുവനായി അദ്ദേഹത്തിന്റെ മനസിന് കീഴ്‌പ്പെട്ടിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം ദുഖങ്ങളും സന്തോഷങ്ങളും പങ്കിടുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ ഒരാള്‍ക്ക് എപ്പോഴും അടുത്തയാളുടെ സന്തോഷങ്ങളേയും സങ്കടങ്ങളേയും അനുസരിച്ച് മാത്രമാണ് അതെല്ലാം അനുഭവപ്പെടുന്നത് എങ്കില്‍ അത് ഒട്ടും ആരോഗ്യകരമല്ല. 

ഭര്‍ത്താവ് ദുഖത്തിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ അതില്‍ നിന്ന് പിടിച്ചുയര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയാതെ പോവുകയും, അതുപോലെ സ്വന്തമായ സന്തോഷങ്ങള്‍ കണ്ടെത്താനാകാതെ നിങ്ങളുടെ മനസ് മടുത്തുപോവുകയും ചെയ്യുന്ന അവസ്ഥ ഇതുമൂലം ഉണ്ടാകാം. 

മൂന്ന്...

വീട്ടിലെ കാര്യങ്ങള്‍ക്ക് പുറമെ, സ്വന്തം കാര്യങ്ങളും ഭര്‍ത്താവ് തീരുമാനിക്കുന്നത് പ്രകാരമാണോ ചെയ്യാറ്? അങ്ങനെയാണെങ്കില്‍ അത് നിങ്ങളുടെ അമിത ആശ്രയത്വമാണ് വെളിവാക്കുന്നത്. 

 

 

നിങ്ങളുടെ വ്യക്തിത്വത്തിന് മുകളില്‍ ഭര്‍ത്താവിന് വിലക്കുറവ് തോന്നാന്‍ ഇത് ഇടയാക്കും. ഒരുപക്ഷേ അദ്ദേഹം അക്കാര്യം ഒരിക്കലും ചര്‍ച്ച ചെയ്യുക പോലുമുണ്ടാകില്ല. എന്നാല്‍ ഉള്ള് കൊണ്ട് അത്തരത്തിലുള്ളൊരു പരിവേഷം നിങ്ങള്‍ക്കുണ്ടാകാന്‍ ഈ സ്വഭാവം കാരണമാകും. 


നാല്...

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെയാണോ നിങ്ങളുടേയും സുഹൃത്തുക്കള്‍? അവരുടെ ഭാര്യമാരുമായി മാത്രമേ നിങ്ങള്‍ ചങ്ങാത്തം സ്ഥാപിക്കാറുള്ളു? ഇത് നിങ്ങളുടെ മോശം സാമൂഹിക ജീവിതത്തെയാണ് കാണിക്കുന്നത്. ഭര്‍ത്താവിനോടുള്ള അമിതമായ ആശ്രയത്വം തന്നെയാണ് ഇതിനും കാരണമാകുന്നത്. 

സ്വന്തം ചിന്തകളേയും കാഴ്ചപ്പാടുകളേയും ആഗ്രഹങ്ങളേയും കുറിച്ച് ഓരോ വ്യക്തിയും ബോധവാന്മാരും ബോധവതികളുമാകേണ്ടതുണ്ട്. വ്യക്തമായ വീക്ഷണം ഏത് വിഷയത്തോടും വച്ചുപുലര്‍ത്താനാകണം. ഇത്തരത്തില്‍ ജീവിക്കുന്നൊരാള്‍ക്ക് തീര്‍ച്ചയായും സ്വന്തം താല്‍പര്യാനുസരണമുള്ള സുഹൃത്തുക്കളും ആവശ്യമാണ്. ഇത്തരത്തില്‍ സ്വാശ്രയത്തോടെ ജീവിക്കണമെന്ന് തീരുമാനിക്കുമ്പോള്‍ അത് 'അരുത്' എന്ന് ഭര്‍ത്താവ് പറയുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും ആ നിയന്ത്രണത്തിലെ അനാരോഗ്യകരമായ ഘടകവും നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.