Asianet News MalayalamAsianet News Malayalam

'ആ ചിത്രം വരച്ചത് ഞാനാണ്'; ഇന്ത്യയെ സ്‌നേഹിക്കുന്ന പാക്ക് ചിത്രകാരി പറയുന്നു...

അതിര്‍ത്തിക്കപ്പുറത്ത് എന്താണ് അവസ്ഥ? നമ്മളെപ്പോലെ അവിടെയും സമാധാനത്തിനായി ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാര്‍ ഉണ്ടാകുമോ? 'മെയ്ക്ക് ചായ് നോട്ട് വാർ' എന്ന യുദ്ധവിരുദ്ധ ചിത്രം വരച്ച പാക്കിസ്ഥാനി ആർട്ടിസ്റ്റ് മരിയ ഖാൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു...

pakistan woman artist who illustrated indian army man in her anti war graphical picture
Author
Trivandrum, First Published Feb 28, 2019, 10:19 PM IST

ചങ്കിടിപ്പോടെയാണ് ഇന്ത്യന്‍ ജനതയിപ്പോള്‍ അതിര്‍ത്തിയില്‍ നിന്ന് വരുന്ന ഓരോ വാര്‍ത്തയും കേള്‍ക്കുന്നത്. ആ അതിര്‍ത്തിക്കുമപ്പുറം എന്താണ് അവസ്ഥ? നമ്മളെപ്പോലെ അവിടെയും സമാധാനത്തിനായി ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാര്‍ ഉണ്ടാകുമോ? 

ഉണ്ടെന്നാണ് പാക്കിസ്ഥാനി ചിത്രകാരിയായ മരിയ ഖാന്‍ പറയുന്നത്. മരിയയെ നിങ്ങള്‍ അറിയും.... കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന 'മെയ്ക്ക് ചായ് നോട്ട് വാര്‍' എന്ന ഗ്രാഫിക്കല്‍ ചിത്രം വരച്ച ആര്‍ട്ടിസ്റ്റ്. 

പാക്കിസ്ഥാന്റെ കസ്റ്റഡിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖമാണ് ആ ചിത്രത്തിലേക്ക് നമ്മളെ വലിച്ചടുപ്പിച്ചത്. പാക്കിസ്ഥാന്‍ ആര്‍മി ചോദ്യം ചെയ്യുന്നതിനിടെ ചായ കുടിച്ചുകൊണ്ട് മറുപടി പറയുന്ന അഭിനന്ദന്റെ വീഡിയോയും നമ്മള്‍ നേരത്തേ കണ്ടിരുന്നു. സംയമനത്തോടെയും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്ന അഭിനന്ദന്റെ മുഖം എങ്ങനെ തന്റെ ചിത്രത്തിലേക്കെത്തിയെന്ന് മരിയ തന്നെ  പറയുന്നു...

'ഞാന്‍ ജോലി ചെയ്യുന്നത് മാംഗോ ബാസ് എന്ന് പേരുള്ള ഒരു പാക്കിസ്ഥാനി മീഡിയ കമ്പനിക്ക് വേണ്ടിയാണ്. സമാധാനം ഇതിവൃത്തമാക്കി ഒരു ചിത്രം വേണമെന്ന് അവര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഞാന്‍ വരയ്ക്കാനൊരുങ്ങിയത്. സമാധാനത്തെ സൂചിപ്പിക്കാന്‍ വേണ്ടി പ്രാവിനെ വരയ്ക്കുന്ന കാലങ്ങളായുള്ള പതിവ് പിന്തുടരുന്നതില്‍ എനിക്കൊട്ടും താല്‍പര്യം തോന്നിയില്ല. മറ്റൊന്നുമല്ല, വളരെ ശക്തമായ ഒരു ഇമേജ് വേണമെന്നായിരുന്നു എന്റെ മനസ്സില്‍. ഇതുതന്നെ ഓര്‍ത്തിരിക്കുമ്പോഴാണ് ആ വീഡിയോ കണ്ടത്. എന്നെയത് വല്ലാതെ സ്വാധീനിച്ചു. പാക്കിസ്ഥാന്‍ ആര്‍മി അദ്ദേഹത്തോട് പെരുമാറിയ രീതിയും തിരിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും... വളരെ സന്തോഷം തോന്നി അത് കണ്ടപ്പോള്‍. അദ്ദേഹം ചായ കുടിക്കുന്ന ഭാഗം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ അതാണ് എന്റെ ചിത്രമെന്ന് എനിക്ക് തോന്നുകയായിരുന്നു... പിന്നെ വൈകാതെ അത് വരച്ചു.'- മരിയ പറയുന്നു. 

pakistan woman artist who illustrated indian army man in her anti war graphical picture

യുദ്ധമെന്ന ഭീതി ഏത് രാജ്യത്തായാലും ഒരുപോലെയാണ് സാധാരണ മനുഷ്യരെ ബാധിക്കുകയെന്നാണ് മരിയ പറയുന്നത്. യുദ്ധത്തിനെതിരായ ക്യാംപയിനുകള്‍ ഇന്ത്യയിലും നടക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുകയാണെന്നും മരിയ പറയുന്നു.

'എന്റെ സോഷ്യല്‍ മീഡിയ വാള്‍ മുഴുവന്‍ #saynotowar ഹാഷ്ടാഗുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനെ സൂചിപ്പിക്കാന്‍ വേണ്ടി എന്റെ ചിത്രം ഉപകരിച്ചുവെന്ന് അറിയുന്നത് തന്നെ വലിയ സന്തോഷമാണ്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും എനിക്കൊരുപോലെ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മെസേജുകള്‍ വരുന്നുണ്ട്. ഞാന്‍ ഇന്ത്യയില്‍ മുമ്പ് യാത്രയൊക്കെ നടത്തിയിട്ടുള്ള ആളാണ്. പാക്കിസ്ഥാനില്‍ നിന്ന് വന്ന അതിഥി എന്ന നിലയില്‍ എന്നെ എത്ര സന്തോഷത്തോടെയും സ്‌നേഹത്തോടെയും സ്വീകരിച്ച മനുഷ്യര്‍ അവിടെ ഉണ്ടായിരുന്നുവെന്നോ... അതൊക്കെ ഓര്‍ക്കാന്‍ തന്നെ എനിക്ക് സന്തോഷമാണ്. കുറച്ച് സുഹൃത്തുക്കളെയൊക്കെ അവിടെ കിട്ടിയിരുന്നു. പിന്നെ ഇന്ത്യയില്‍ നിന്നുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്, പ്രതിഭകളായവര്‍... അവരോടൊക്കെ എനിക്ക് സ്‌നേഹമാണ്..'- മരിയ പറയുന്നു. 

ഇനി സൗത്ത് ഇന്ത്യയിലെ വിവിധയിടങ്ങളില്‍ യാത്ര നടത്തണമെന്നാണ് ലാഹോറുകാരിയായ മരിയയുടെ ആഗ്രഹം. കുടുംബത്തിലെ എല്ലാവര്‍ക്കും മരിയ എന്ന ചിത്രകാരിയെ തന്നെയാണ് പ്രിയം. എങ്കിലും അമ്മയുടെ പിന്തുണയാണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് മരിയ പറയുന്നു. ലാഹോറിലെ നാഷണല്‍ കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് പഠിച്ചിറങ്ങിയ മരിയ  കഴിഞ്ഞ പത്ത് വര്‍ഷമായി പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ്. സാമൂഹിക പ്രാധാന്യമുള്ള പല വിഷയങ്ങളെ കുറിച്ചും മരിയ വരയ്ക്കാറുണ്ട്. അടിസ്ഥാനപരമായി താനൊരു ഫെമിനിസ്റ്റാണെന്നാണ് മരിയ അവകാശപ്പെടുന്നത്. 

pakistan woman artist who illustrated indian army man in her anti war graphical picture

'ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തിനകത്ത് ഇനിയും നേടിയെടുക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അല്ലെങ്കിലും ഓരോ രാജ്യവും സ്‌നേഹവും സമാധാനവുമാണ് ഉയര്‍ത്തിക്കാട്ടേണ്ടത്. അങ്ങനെയാകുമ്പോള്‍ അവിടെയുള്ളവര്‍ക്ക് ആ രാജ്യത്തോടും കരുതലും സ്‌നേഹവും വരും. ദേശസ്‌നേഹമെന്ന് പറയുന്നത് ഇങ്ങനെയൊക്കെ ആവണമെന്നാണ് ഞാന്‍ കരുതുന്നത്...'- സമാധാനത്തിന് വേണ്ടി മാത്രം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് വേണ്ടി മരിയ പറഞ്ഞുനിര്‍ത്തുന്നു. 

Follow Us:
Download App:
  • android
  • ios