വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോവുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് കാർ യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്.

സിർസ: കല്യാണ ആഘോഷത്തിനിടയിലേക്ക് ഇടിച്ച് കയറി കാർ. വാഹനം ഇടിച്ച് 10 അടിയോളം ഉയരത്തിൽ തെറിച്ച് പോയ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ സിർസയിലാണ് സംഭവം. സിർസ ഹിസാർ റോഡിലെ റിസോർട്ടിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോവുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് കാർ യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്. അതിവേഗമെത്തിയ കാർ ഫോട്ടോഗ്രാഫറെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 10 അടിയോളം ഉയരത്തിൽ പൊങ്ങിപ്പോയ ഫോട്ടോഗ്രാഫർ ദാരുണമായി കൊല്ലപ്പെട്ടു. അപകടമുണ്ടാക്കിയ കാർ സംഭവ സ്ഥലത്ത് നിർത്താതെ പാഞ്ഞുപോവുകയായിരുന്നു. ഈ സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

View post on Instagram

വിവാഹ ചടങ്ങുകൾ ക്യാമറയിൽ പകർത്തുകയായിരുന്ന 22 വയസ്സുകാരനായ ഫോട്ടോഗ്രാഫറാണ് കാറിടിച്ച് മരിച്ചത്. രാവിലെ 6:22-നും 6:28-നും ഇടയിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഫോട്ടോഗ്രാഫർ ഏകദേശം 10 അടി ഉയരത്തിലേക്ക് തെറിച്ചുപോയി. 25-30 മീറ്റർ അകലെയാണ് ഫോട്ടോഗ്രാഫർ വീണത്. റാനിയയിലെ അഭോലി ഗ്രാമവാസിയായ 22 വയസ്സുകാരൻ മൽക്കിത് എന്ന അജയ് കുമാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടമുണ്ടാക്കിയ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.