ട്രാന്‍സ്‌ജെന്‍ഡര്‍  സജ്ന ഷാജി എറണാകുളത്ത് വഴിയരികിലെ തന്റെ ബിരിയാണി കച്ചവടം പുനരാരംഭിച്ചു. നേരത്തെ ഇവിടെ ബിരിയാണി കച്ചവടം നടത്തിയിരുന്ന സജ്‌നയേയും സുഹൃത്തുക്കളായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളേയും ചിലര്‍ സംഘം ചേര്‍ന്ന് ശല്യപ്പെടുത്തുകയും കച്ചവടം മുടക്കുകയും ചെയ്തിരുന്നു. 

ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.  സിനിമാ സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേരാണ് സജ്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. 

 

ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സജ്‌ന പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയില്‍ നടപടിയുമായി മന്ത്രി കെകെ ശൈലജയും മുന്നോട്ടുവന്നിരുന്നു. എന്നാല്‍  സജ്നയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. 

ഇത്തരം വിവാദങ്ങളില്‍ മനംനൊന്ത് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജ്ന ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ബിരിയാണി കച്ചവടം പുനരാരംഭിച്ചത്. 

Also Read: 'അന്തസായി ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കേണ്ടേ'; കരഞ്ഞുകൊണ്ട് സജ്‌നയുടെ ലൈവ് വീഡിയോ...