മുഖക്കുരു സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പല കാരണങ്ങള്‍ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. മോശം ഭക്ഷണരീതി, മലിനീകരണം, ചര്‍മ്മത്തെ വേണ്ട വിധം ശ്രദ്ധിക്കാതിരിക്കുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ഇവയെല്ലാം മുഖക്കുരുവിലേക്ക് നയിച്ചേക്കാം. 

എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ മറ്റൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നത്തിന്റെ സൂചനയായും മുഖക്കുരു ഉണ്ടാകാം. മറ്റൊന്നുമല്ല, പിസിഒഎസ് അഥവാ 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം' എന്ന അസുഖം. 

അടിസ്ഥാനപരമായി ഇതൊരു ഹോര്‍മോണ്‍ വ്യതിയാനമാണ്. ആര്‍ത്തവത്തിന്റെ ക്രമം തെറ്റുന്നത് മുതല്‍ പല പ്രശ്‌നങ്ങളിലേക്കും പിസിഒഎസ് സ്ത്രീകളെ നയിക്കുന്നു. മുടി കൊഴിച്ചില്‍, അതുപോലെ നെഞ്ചിലും മുഖത്തുമെല്ലാം അസാധാരണമായ രോമവളര്‍ച്ച, ശരീരവണ്ണം കൂടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം പിസിഒഎസ് ആകാനാണ് സാധ്യത. 

'പിസിഒഎസ് ഇന്ന് ഒരുപാട് സ്ത്രീകളില്‍ കണ്ടുവരുന്ന പ്രശ്‌നമാണ്. ആര്‍ത്തവക്രമത്തെ ആണ് പ്രധാനമായും ഇത് ബാധിക്കുക. അതുപോലെ അമിത രോമവളര്‍ച്ച, മുഖക്കുരു എന്നിവയെല്ലാം പിസിഒഎസിന്റെ ഭാഗമായി ഉണ്ടാകാം. ഇതിനെല്ലാം പുറമെ പ്രമേഹമോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍, ഗര്‍ഭാശയ ക്യാന്‍സര്‍ പോലുള്ള ഗൗരവമുള്ള അസുഖങ്ങള്‍ എന്നിവയിലേക്കെല്ലാം പിസിഒഎസ് വഴിവച്ചേക്കാം...'- പ്രമുഖ ഒബ്‌സ്‌ട്രെറ്റീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ അനൂയ പാവ്‌ഡേ പറയുന്നു. 

പിസിഒഎസ് ഉള്ള സ്ത്രീയില്‍ 'ആന്‍ഡ്രോജന്‍' ഹോര്‍മോണ്‍ അമിതമായി കാണപ്പെടുമത്രേ. ഇത് മുഖചര്‍മ്മം അസാധാരണമായി എണ്ണമയമുള്ളതാക്കാന്‍ ഇടയാക്കുന്നു. ഈ എണ്ണമയം രോമകൂപങ്ങളില്‍ കട്ട പിടിക്കുന്നതോടെയാണ് മുഖക്കുരുവുണ്ടാകുന്നത്. ഇവ കൂടെക്കൂടെ പൊട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. 

ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ ആദ്യം ചികിത്സ തേടേണ്ടത് പിസിഒഎസിനാണെന്നും ഡോക്ടര്‍ അനൂയ ഓര്‍മ്മിപ്പിക്കുന്നു. മരുന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും തുടരുക. ഒപ്പം തന്നെ ജീവിതരീതികളിലും ചില മാറ്റങ്ങള്‍ വരുത്തുക. വ്യായാമം, പ്രോട്ടീന്‍ സമ്പുഷ്ടവും കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറവും അടങ്ങിയ ഭക്ഷണം, ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കല്‍ എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. ചികിത്സയ്‌ക്കൊപ്പം ഇതുകൂടിയാകുമ്പോള്‍ തീര്‍ച്ചയായും ആശ്വാസം ലഭിക്കുമെന്ന് തന്നെയാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്. 

Also Read:- ശരീരം അപകടത്തിലാണ്; ചര്‍മ്മം നല്‍കുന്ന ചില സൂചനകള്‍...