സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തി പിന്നീട് ഒരു ഫാഷന്‍ ഡിസൈനറായി മാറിയ താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പൂര്‍ണ്ണിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അടുത്തിടെ മനസ്സുതുറക്കുകയുണ്ടായി. സാരിയുണ്ടാക്കാന്‍ വളരെ അധികം ഇഷ്ടമുളളയാളാണ് താന്‍ എന്ന് പലപ്പോഴും പൂര്‍ണ്ണിമ സൂചന നല്‍കിയിട്ടുണ്ട്.

 

 

പൂര്‍ണ്ണിമയുടെ ഇന്‍സ്റ്റഗ്രാം മാത്രം നോക്കിയാല്‍ മതി, താരം പലപ്പോഴും സാരിയുടുത്തുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യാറുളളത്. അടുത്തിടെ 20 വര്‍ഷം പഴക്കമുള്ള സാരിയുടുത്തുള്ള പൂര്‍ണ്ണിമയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. 

സ്വന്തം അമ്മയുടെ സാരി അണിയാനായി ഒരവസരം കാത്തിരിക്കുകയാണ് താന്‍ എന്ന് പൂര്‍ണ്ണിമ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.  സ്വന്തം അമ്മയുടെ അടുത്താണെങ്കിൽ സാരി എടുക്കാനുള്ള പ്രത്യേകം അനുവാദം വാങ്ങേണ്ട കാര്യമില്ലല്ലോ എന്നും എന്നാൽ ഇന്ദ്രന്‍റെ അമ്മ ഉടുത്തിരിക്കുന്ന സാരിയുടെ ചിത്രമോ മറ്റോ കണ്ട് ഇഷ്ടമായാൽ ഉടൻ വിളിക്കുകയോ വാട്ട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയ്ത് സാരി ഉടൻ പാഴ്സൽ അയക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും പൂര്‍ണ്ണിമ പറയുന്നു.

 

 

യുവതലമുറയില്‍പ്പെട്ട ഒരുപാട് പെണ്‍കുട്ടികള്‍ ഇപ്പോള്‍ സാരി ഉടുത്ത് കാണുന്നുണ്ട് എന്നും പൂര്‍ണ്ണിമ പറയുന്നു. വസ്ത്രധാരണത്തിലെ ഇഷ്ടങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്  തന്‍റെ പേഴ്സണാലിറ്റിയുമായി ചേര്‍ന്നുപോകുന്നതാണ് താന്‍ എപ്പോഴും തെരഞ്ഞെടുക്കുന്നത് എന്നാണ് പൂര്‍ണ്ണിമ പറഞ്ഞത്.

 

തന്‍റെ അടുത്തേയ്ക്ക് വസ്ത്രം ഡിസൈൻ ചെയ്യാനെത്തുന്നവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് താൻ ഡിസൈൻ ചെയ്യുന്നതെന്നും പൂര്‍ണ്ണിമ കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിന്‍റെ ആദ്യ ഭാഗം മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. 

 

വീഡിയോ കാണാം