തിരുവനന്തപുരം: കാഴ്ചാ പരിമിതിയുടെ വെല്ലുവിളിയെ അതിജീവിച്ച് സിവിൽ സർവീസിലെത്തിയ പ്രാഞ്ജൽ പാട്ടിൽ ഇനി തിരുവനന്തപുരം സബ്കളക്ടർ. ഐഎഎസ് പദവിയിലെത്തിയ ആദ്യ കാഴ്ചയില്ലാത്ത വനിതയാണ് പ്രാഞ്ജൽ പാട്ടിൽ. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയായ പ്രാഞ്ജൽ  2017ലാണ് സർവ്വീസിലെത്തുന്നത്. കുറച്ചുകാലം കൊച്ചി അസി. കളക്ടറായി ജോലി ചെയ്തിരുന്ന പ്രാഞ്ജൽ പാട്ടിൽ കേരളത്തിലേക്കുളള തിരിച്ചുവരവിൽ സന്തോഷത്തിലാണ്.

തിരുവനന്തപുരം കളക്ടറേറ്റില്‍ ഇന്ന് ജോയിന്‍‌ ചെയ്ത പ്രാഞ്ജൽ പാട്ടിലിന് കളക്ടറേറ്റില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണനും മുൻ കളക്ടർ ബിജു പ്രഭാകറും അടക്കമുളളവർ പ്രാഞ്ജാലിന്  ആശംസയർപ്പിച്ചു. ആറാം വയസിൽ കാഴ്ച ശക്തി നഷ്ടമായ പ്രാഞ്ജൽ ജെഎന്‍യുവില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിവിൽ സർവ്വീസിനായി പരിശീലനം തുടങ്ങിയത്.  ആദ്യ ശ്രമത്തില്‍ തപാല്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസില്‍ നിയമനം ലഭിച്ചെങ്കിലും പരിശ്രമം തുടരുകയായിരുന്നു. തുടർന്ന് 124 ആം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്.