പ്രായം കൂടുംതോറും സ്വാഭാവികമായി അത് നമ്മുടെ ശരീരത്തിലും പ്രകടമായിക്കൊണ്ടിരിക്കും. ചിലര്‍ക്ക് പ്രായം കൂടുതല്‍ തോന്നിച്ചേക്കാം. മറ്റ് ചിലര്‍ക്കാകട്ടെ ഉള്ളതില്‍ നിന്ന് അല്‍പം കുറവ് പ്രായമേ തോന്നിക്കൂ. എന്തായാലും കാഴ്ചയില്‍ പ്രായം കുറവായിത്തോന്നുന്നത് തന്നെയാണ് മിക്കവരും ഇഷ്ടപ്പെടുക. 

എങ്കിലും അമ്പതാം വയസിലും ഇരുപത്തിയഞ്ചേ തോന്നിക്കുന്നുള്ളൂ എന്നായാലോ! അത് അല്‍പസ്വല്‍പം പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയേക്കും അല്ലേ? അതെ, അതുതന്നെയാണ് രജന്‍ ഗില്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പ്രശ്‌നം. 

വടക്കേ ഇന്ത്യക്കാരിയായ രജന്‍ വര്‍ഷങ്ങളായി ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലാണ്. ഭര്‍ത്താവ് ഹര്‍പ്രീതിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് താമസം. മൂത്ത മകള്‍ നീലം മോഡലാണ്, അവള്‍ക്ക് വയസ് ഇരുപത്തിയഞ്ച്. അതിന് താഴെ പത്തൊമ്പതുകാരിയായ ജാസ്മിന്‍, ഏറ്റവും ഇളയ മകള്‍ മിലാന് ഏഴ് വയസ്. 

 

 

രജന് പ്രായം അമ്പതായെങ്കിലും കാഴ്ചയില്‍ ഒരു യുവതിയാണെന്നേ തോന്നിക്കൂ. അപരിചിതരായ ആളുകള്‍ പ്രായം അറിയുമ്പോള്‍ അമ്പരക്കാറുണ്ടെന്നും അത് ഒരു 'കോംപ്ലിമെന്റ്'  ആയേ താന്‍ എടുക്കാറുള്ളൂവെന്നും രജന്‍ പറയുന്നു. 

എങ്കിലും ഇടയ്ക്ക് രജന്റെ പ്രായം ചില പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി വൈന്‍ കുപ്പിയെടുക്കുമ്പോഴോ, മരുന്ന് വാങ്ങിക്കാന്‍ പോകുമ്പോഴോ എല്ലാം ആളുകള്‍ രജനോട് പ്രായം ചോദിക്കും. അമ്പതായി എന്ന് പറയുമ്പോള്‍ വിശ്വാസമില്ലാതെ അവര്‍ ഐഡി കാര്‍ഡ് ചോദിക്കും. അങ്ങനെ ബാഗില്‍ എപ്പോഴും ഐഡി കാര്‍ഡുമായാണ് ഇപ്പോള്‍ തന്റെ നടപ്പ് എന്നാണ് രജന്‍ പറയുന്നത്. 

ഭര്‍ത്താവ് ഹര്‍പ്രീതിന് രജനേക്കാള്‍ പത്ത് വയസ് കുറവാണ്. പ്രായം തോന്നിക്കാത്ത 'ലുക്ക്' ആയതിനാല്‍ ഈ വയസ് വ്യത്യാസം തങ്ങളുടെ ദാമ്പത്യത്തില്‍ ഒരിക്കലും വില്ലനായിട്ടില്ലെന്നാണ് രജന്‍ പറയുന്നത്. എപ്പോഴും 'യംഗ്' ആയിട്ടിരിക്കാന്‍ സാധിക്കുന്നുവെന്നത് സന്തോഷം നല്‍കുന്നത് തന്നെയാണ്. പക്ഷേ മക്കളുടെ കൂടെ പുറത്തുപോകുമ്പോള്‍ അവരുടെ സഹോദരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതും, അമ്മയാണെന്ന് പറയുമ്പോള്‍ അത് ആളുകള്‍ കണക്കിലെടുക്കാതെ വരുന്നതുമെല്ലാം മക്കള്‍ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് ചിരിയോടെ രജന്‍ പറയുന്നു. 

 

 

യുവത്വം നിലനിര്‍ത്താന്‍ പ്രത്യേകിച്ചൊന്നും ചെയ്യാറില്ലെന്നാണ് ഇവര്‍ പറയുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായതിനാല്‍ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് അടിസ്ഥാന ബോധമുണ്ട്. അതിനാല്‍ ചര്‍മ്മസംരക്ഷണത്തിനാവശ്യമായ ചില ഉത്പന്നങ്ങളെല്ലാം ഉപയോഗിക്കാറുണ്ട്. ഫാസ്റ്റ് ഫുഡ്- പ്രോസസ്ഡ് ഫുഡൊന്നും കഴിക്കില്ല. ചിട്ടയായ ജീവിതരീതിയും വ്യായാമവും ഉണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ രജന്റെ 'നിത്യഹരിത യൗവന'ത്തിന് ആരാധകരും ഏറെയാണ്.

Also Read:- എപ്പോഴും ചിരിക്കുന്നവരെ കളിയാക്കേണ്ട; ചിരി കൊണ്ടും ഗുണമുണ്ട്...