Asianet News MalayalamAsianet News Malayalam

14ാം വയസ്സില്‍ വിവാഹം; എട്ട് വര്‍ഷം നീണ്ട ദുരിതത്തിന് അറുതിയായി കോടതി വിധി

പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അനുവദിച്ചു. എന്നാല്‍ എല്ലാ ദിവസവും ഭര്‍തൃവീട്ടുകാര്‍ ക്ലാസിന് പുറത്ത് കാവല്‍ നില്‍ക്കും. സഹപാഠികള്‍ക്ക് മുന്‍പില്‍ വച്ച് അപമാനിക്കും. 

Rajasthan woman who was child marriage victim gets lifeline from court 8 years later
Author
Jodhpur, First Published Mar 26, 2021, 2:40 PM IST

പതിനാലാം വയസ്സില്‍ വിവാഹിതയായി എട്ട് വര്‍ഷത്തോളം ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും പീഡനം ഏറ്റുവാങ്ങേണ്ടി വന്ന യുവതിക്ക് ഒടുവില്‍ ആശ്വാസം. 2013 മെയ് 23ന് വിവാഹിതയാവുമ്പോള്‍ ഛോട്ടാ ദേവിയുടെ പ്രായം 14 ആയിരുന്നു. അന്ന് മുതല്‍ ഭര്‍ത്താവിന്‍റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം നേരിട്ടായിരുന്നു ഇവരുടെ ജീവിതം. പരാതിപ്പെട്ടപ്പോള്‍ ജാതി പഞ്ചായത്ത് ഇടപ്പെട്ടു. വീട്ടുകാര്‍ ഉപേക്ഷിച്ചു, ഒടുവില്‍ കോളേജ് വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടതോടെ ജീവിതം മുന്നോട്ട് പോവാനായി ഒരു തിയറ്ററിന്‍റെ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുകയാണ് ഛോട്ടാ ദേവി. കഷ്ടപ്പാടുകള്‍ നിറഞ്ഞ എട്ട് വര്‍ഷത്തിന് ശേഷം ജോധ്പൂരിലെ കോടതി അടുത്തിടെയാണ് ഛോട്ടാ ദേവിയുടെ വിവാഹം റദ്ദാക്കിയത്.

മഹേന്ദ്ര സിഹാഗ് എന്ന ഭര്‍ത്താവിനെ ഒന്നിനും കൊള്ളാത്ത മദ്യപാനിയെന്നാണ് ഛോട്ടാ ദേവി വിശേഷിപ്പിക്കുന്നത്. ഭര്‍ത്താവിന്‍റെ പ്രായം കൃത്യമായി എത്രയാണ് എന്ന് പോലും ഛോട്ടാ ദേവിക്ക് അറിയില്ല. 2013ല്‍ വിവാഹം കഴിക്കുന്ന സമയത്ത് 23ഓളം പ്രായമുണ്ടെന്നാണ് പറഞ്ഞിരുന്നതെന്ന് ഇവര്‍ പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മുതിര്‍ന്ന രണ്ട് സഹോദരിമാര്‍ക്കും ബന്ധുക്കളായ രണ്ട് പേര്‍ക്കുമൊപ്പം ഛോട്ടാ ദേവിയുടേയും വിവാഹം നടക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അനുവദിച്ചു. എന്നാല്‍ എല്ലാ ദിവസവും ഭര്‍തൃവീട്ടുകാര്‍ ക്ലാസിന് പുറത്ത് കാവല്‍ നില്‍ക്കും. സഹപാഠികള്‍ക്ക് മുന്‍പില്‍ വച്ച് അപമാനിക്കും. എന്നാല്‍ പഠിക്കുന്നത് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് ഛോട്ടാ ദേവി ദേശീയ മാധ്യമങ്ങളോട് പറയുന്നു.

പക്ഷേ സ്കൂള്‍ പഠനം കഴിഞ്ഞതോടെ കാര്യങ്ങള്‍ വീണ്ടും മോശമായി. പത്രം വായിക്കാനുള്ള അറിവായില്ലേ, അത്രയും പഠിച്ചാല്‍ മതി. തങ്ങളുടെ കുടുംബത്തില്‍ ആരും പഠിച്ചവരില്ല, പഠിച്ചിട്ട് നീ എന്ത് ചെയ്യാനാണ് എന്നായിരുന്നു ഭര്‍ത്താവിന്‍റെ പരിഹാസം. എന്നാല്‍ ഭര്‍തൃവീട്ടുകാരുടെ ഈ ആവശ്യത്തിന് വഴങ്ങാന്‍ തയ്യാറാകാതെ വന്നതോടെ ഛോട്ടാ റാണിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വീട്ടിലേക്ക് മടങ്ങിയെത്തി ബിരുദ പഠനം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലായി. ഭര്‍ത്താവിന്‍റെ കോളേജിലെത്തിയുള്ള ഭീഷണിയും അപമാനവും മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നു. സഹായത്തിനായി എന്‍ജിഒ കളെ സമീപിച്ചെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു.

2018ല്‍ ഛോട്ടാ ദേവി കോടതിയെ സമീപിച്ചതോടെ ജാതി പഞ്ചായത്ത് ഇടപെട്ടു. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പഞ്ചായത്തിന്‍റെ തീരുമാനം. കൃഷിക്കാരായിരുന്ന രക്ഷിതാക്കള്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ വന്നതോടെ ഛോട്ടാ ദേവിയോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സഹോദരന്മാരോ രണ്ട് സഹോദരിമാരോ സഹായിക്കാന്‍ തയ്യാറായില്ല. ഗ്രാമത്തില്‍ നിന്ന് പുറത്തായതോടെ ജോധ്പൂരില്‍ ഒരു താമസസ്ഥലം കണ്ടെത്തി. എന്നാല്‍ സാമ്പത്തികമായും മാനസികമായും കഷ്ടപ്പാടിന്‍റെ കാലമായിരുന്നു പിന്നീട് നേരിട്ടത്.

ജോധ്പൂരിലെ ഒരു തിയറ്ററില്‍ 11 മാസത്തോളം ഛോട്ടാ ദേവി ജോലി ചെയ്തു. എന്നാല്‍ കൊവിഡ് മൂലം തിയേറ്ററുകള്‍ അടച്ചതോടെ ആകെയുണ്ടായിരുന്ന ഉപജീവന മാര്‍ഗ്ഗവും നിലച്ചു.  ഇതിനിടെ കുടുംബ കോടതിയില്‍ ഛോട്ടാ ദേവിയുടെ വിവാഹം നടന്നത് 2016ലാണെന്ന് ഭര്‍തൃ വീട്ടുകാര്‍ വിശദമാക്കി. ആ സമയത്ത് ഛോട്ടാ ദേവിക്ക് പ്രായപൂര്‍ത്തി ആയിരുന്നെന്നുമാണ് ഛോട്ടാ ദേവിയുടെ ഭര്‍തൃവീട്ടുകാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദം സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പശ്ചാത്തലത്തില്‍ ഛോട്ടാ ദേവി പരാജയപ്പെടുത്തി. ഇതോടെയാണ് കോടതി ഛോട്ടാ ദേവിയുടെ വിവാഹം റദ്ദാക്കി ഉത്തരവിട്ടത്. 

Follow Us:
Download App:
  • android
  • ios