Asianet News MalayalamAsianet News Malayalam

'രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തു, ഇന്നയാളുടെ 40 ലക്ഷത്തിന്‍റെ വീട് ഞാന്‍ വാങ്ങി': രഞ്ജു

ശരീരം ഒരു പുരുഷന്‍റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല

renju renjimar talks about her miseries
Author
Kochi, First Published May 16, 2019, 9:20 AM IST

കൊച്ചി: ട്രാന്‍സ്ജെന്‍ഡേഴ്സിനോടുള്ള മനോഭാവത്തില്‍ സമൂഹത്തിന്‍റെ പൊതുബോധത്തിന് ഇനിയും ഏറെ മാറ്റങ്ങള്‍ ആവശ്യമാണെന്നിരിക്കെ ജീവിതത്തില്‍ താന്‍ നേടിയതെല്ലാം ട്രാന്‍സ്ജെന്‍ഡര്‍ എന്ന സ്വത്വം വെളിപ്പെടുത്തിയാണെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. തന്‍റെ ദാരിദ്ര്യം നിറഞ്ഞ പഴയകാല ജീവിതം വിശദാമാക്കുകയായിരുന്നു ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ ഇഷ്ടികക്കളത്തില്‍ ജോലിക്ക് പോയ നിര്‍ഭാഗ്യവാനായ വ്യക്തിയാണ് ഞാന്‍. ശരീരം ഒരു പുരുഷന്‍റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ഇഷ്ടിക ചുമന്ന് ആഴ്ചയില്‍ കിട്ടുന്ന 270 രൂപ വീട്ടില്‍ കൊടുക്കുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്. എന്നാല്‍ ആഗ്രഹിച്ച രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല എന്ന വിഷമം ഇന്നും മനസ്സിലുണ്ട്' - രഞ്ജു പറഞ്ഞു. ഒരു മാധ്യമത്തിന് മുമ്പിലാണ് രഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ആണ്- പെണ്ണ് എന്ന വേര്‍തിരിവില്‍ നിന്നും മാറിനിന്ന് ജീവിക്കേണ്ടി വന്നപ്പോളും തന്‍റെ അമ്മ മാത്രമാണ് പ്രചോദനം നല്‍കി കൂടെ നിന്നതെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു. 

'ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തെ ഒരു അഭിഭാഷകന്‍റെ വീട്ടില്‍ ഓഫീസ് ജോലിക്കെന്ന് പറ‍ഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ മറ്റ് പല ജോലികളും എനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണ്. അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് എന്‍റെ കമ്മ്യൂണിറ്റിയില്‍പ്പെട്ട പലരെയും പരിചയപ്പെടാന്‍ സാധിച്ചത്. രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു. 

ഒരിക്കല്‍ സിനിമാസെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്നപ്പോള്‍ അതിന് കാരണക്കാരായ ആളോട് ഞാന്‍ പറഞ്ഞു, നാളെ സിനിമാ മെഖല എന്‍റെ പിന്നില്‍ ക്യൂ ില്‍ക്കും., അന്ന് നിങ്ങലീ ഫീല്‍ഡില്‍ ഉണ്ടാകില്ല. ദൈവനിശ്ചയമാകാം അയാള്‍ ഇന്ന് ഫീല്‍ഡിലില്ല. ഞാനാണെങ്കില്‍ മേക്കപ്പ് മേഖലയില്‍ കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. 

ചോദ്യപേപ്പര്‍ വാങ്ങിക്കാന്‍ രണ്ട് രൂപ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്‍റെ വീട് ഞാന്‍ വാങ്ങി. 600 രൂപയ്ക്ക് ലൈന്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. ആ കെട്ടിടത്തിന്‍റെ ഉടമ ഇന്ന് എന്‍റെ കാര്‍ ഡ്രൈവറാണ്. ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ലോകത്തില്‍ ആര്‍ക്കും മറ്റുള്ളവരെ കളിയാക്കാനും കുറ്റപ്പെടുത്താനും അവകാശമില്ല. വെറും ആറടി മണ്ണിന് അപ്പുറത്തേക്ക് നമുക്ക് ഒന്നിനും അവകാശമില്ല. ജീവിതത്തില്‍ ഇനിയും മുമ്പോട്ട് പോകേണ്ടതുണ്ട്' - രഞ്ജു രഞ്ജിമാര്‍ വിശദമാക്കി.

 

Follow Us:
Download App:
  • android
  • ios