സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എങ്ങും സുരക്ഷയില്ലയെന്ന് സൂചിപ്പിക്കുന്ന വാര്‍ത്തയാണിത്. ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകയുടെ വാര്‍ത്തയാണ് അമേരിക്കയിലെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജോര്‍ജിയയിലെ വെര്‍ച്വല്‍ ചാനല്‍ ത്രീയ്ക്ക് (WSAV-TV) വേണ്ടി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടയിലാണ് അല്ക്‌സ ബോസര്‍ജാന്‍ എന്ന റിപ്പോര്‍ട്ടര്‍ക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. പാലത്തില്‍ നിന്ന് മാരത്തണ്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇവര്‍. ചാനല്‍ റിപ്പോര്‍ട്ടിങ്ങ് നടക്കുന്നുണ്ട്‌ എന്നു മനസിലായതോടെ ഓടിവരുന്ന ആളുകളുടെ ആവേശം കൂടിയിരുന്നു. പുറകില്‍ നിന്ന് പലരും കാമറയ്ക്ക് നേരെ കൈവീശുന്നുണ്ടായിരുന്നു. 

എന്നാല്‍ പെട്ടെന്നായിരുന്നു അലക്‌സയ്ക്ക് അത് അതിക്രമം ഉണ്ടായത്. അതിന്‍റെ ദൃശ്യങ്ങളും ലൈവായി പോവുകയും ചെയ്തു. സണ്‍ഗ്ലാസും നീലനിറത്തിലുള്ള നീളന്‍ കൈ ഷര്‍ട്ടും ധരിച്ച് ഓടുകയായിരുന്നയാള്‍ റിപ്പോര്‍ട്ടറുടെ നിതംബത്തില്‍ പ്രഹരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ അലക്‌സ ഒരു നിമിഷത്തിക്ക് നിന്നുപോയി. എന്നാല്‍ പതറിപ്പോകാതെ വീണ്ടും റിപ്പോര്‍ട്ടിങ് തുടര്‍ന്നു. വീഡിയോ പങ്കുവച്ചു കൊണ്ട് അക്‌സ ട്വിറ്ററിലൂടെ കുറിച്ചത് ഇങ്ങനെയായിരുന്നു: 

'ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ എന്റെ നിതംബത്തില്‍ പ്രഹരിച്ചയാളോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ പരിധികള്‍ ലംഘിച്ചു എന്നെ സംഭ്രമത്തിലാക്കി, ഇനിയൊരു സ്ത്രീയ്ക്കും ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലും വച്ചോ ഇത്തരം അക്രമണങ്ങള്‍ സംഭവിക്കാന്‍ പാടില്ല. കുറച്ചുകൂടി നന്നായി പെരുമാറാന്‍ പഠിക്കുക'- അല്കസ കുറിച്ചു.

 

ഈ ദൃശ്യങ്ങള്‍ നിരവധി പേര്‍ വീഡിയോ പോസ്റ്റ് ചെയ്തു. പൊതുവിടത്തില്‍ ഇവര്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് നിരവധി പേര്‍ വിമര്‍ശിക്കുകയും ഈ സാഹചര്യത്തിലും തളരാതെ ജോലി തുടര്‍ന്ന അലക്സയെ അഭിനന്ദിച്ചും നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.