Asianet News MalayalamAsianet News Malayalam

വാഴനാരില്‍ നിന്നും സാനിറ്ററി നാപ്കിനുകള്‍, 120 തവണ വരെ ഉപയോഗിക്കാം

വാഴനാരില്‍ നിന്നും നിര്‍മ്മിച്ച ആ സാനിറ്ററി നാപ്കിന്‍ രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കും.

reusable sanitary pads made from banana fibers
Author
Delhi, First Published Aug 21, 2019, 11:25 AM IST

ദില്ലി: സാനിറ്ററി നാപ്കിനുകള്‍ സംസ്കരിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. പ്ലാസ്റ്റികും കൃത്രിമ വസ്തുക്കളും ചേര്‍ത്തുണ്ടാക്കുന്ന സാനിറ്ററി പാഡുകള്‍ മണ്ണില്‍ ലയിക്കാനും നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രകൃതി സൗഹാര്‍ദ്ദപരവും പലതവണ ഉപയോഗിക്കാന്‍ കഴിയുന്നതുമായ പാഡുകളുടെ ആവശ്യകത വര്‍ധിക്കുന്നത്. ഉപയോഗശേഷം സാനിറ്ററി നാപ്കിനുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായകരമാകുകയാണ് ദില്ലി ഐഐടി വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച വാഴനാരില്‍ നിന്നുള്ള സാനിറ്ററി പാഡുകള്‍.

വാഴനാരില്‍ നിന്നും നിര്‍മ്മിച്ച ആ സാനിറ്ററി നാപ്കിന്‍ രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കും. വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കി 120 തവണ വരെ ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. രണ്ട് പാഡുകളടങ്ങുന്ന പാക്കറ്റിന് 199 രൂപയാണ് വില. ദില്ലി ഐഐടിയുടെ സംരംഭമായ സാന്‍ഫി വഴി അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അര്‍ചിത് അഗര്‍വാള്‍, ഹാരി ഷെറാവത് എന്നിവര്‍ ചേര്‍ന്ന് അധ്യാപകരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ നാപ്കിനുകള്‍.

കട്ടി കുറഞ്ഞതാണെങ്കിലും സുരക്ഷിതമാണ് ഇത്തരം നാപ്കിനുകള്‍. പുതിയ നാപ്കിന്‍ നിര്‍മ്മാണ രീതിക്ക് പേറ്റന്‍റ് കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വാഴനാരില്‍ നിന്നുള്ള സാനിറ്ററി പാഡുകള്‍ സംസ്കരിക്കാനും ബുദ്ധിമുട്ടില്ലെന്നും അര്‍ചിത് അഗര്‍വാള്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios