ഒരു സ്ത്രീ അമ്മയായി കഴിഞ്ഞാൽ ശാരീരികമായും മാനസികമായും ധാരാളം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പ്രസവശേഷം ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളുടെ ആരോ​​ഗ്യത്തെ ​കാര്യമായി ബാധിക്കാറുണ്ട്.മിക്ക സ്ത്രീകളും അത് പുറത്ത് പറയുന്നില്ലെന്നതാണ് വാസ്തവം. 

പ്രസവം കഴിഞ്ഞാൽ മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷന്‍. സാധാരണ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളായ ഉദാസീനത, ക്ഷീണം, സന്തോഷം അനുഭവപ്പെടതിരിക്കുക, കുറ്റബോധം, തീരുമാനമെടുക്കാനും ചിന്തിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍, ഉറക്കമില്ലായ്മ/ ഉറക്കക്കൂടുതല്‍, ഭക്ഷണം കഴിക്കാതിരിക്കുക/കൂടുതല്‍ കഴിക്കുക തുടങ്ങിയവയാണ് ഇതിന്റെയും പ്രധാന ലക്ഷണങ്ങള്‍.  

പ്രസവം കഴിയുന്നതോടെ ഒരു സ്ത്രീശരീരം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ചര്‍മപ്രശ്നങ്ങള്‍, മുടി കൊഴിച്ചില്‍  എന്നിവ സാധാരണമാണ്. പ്രസവം കഴിഞ്ഞാൽ സ്ത്രീകളിൽ വളരെ പെട്ടെന്നാകും ഭാരം കൂടുന്നത്. ഇതെല്ലാം ഒരു സ്ത്രീയെ മാനസികമായി തളർത്താറുണ്ട്.

നടി സമീറ റെഡ്ഡിയും ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോയ അമ്മയാണ്. തനിക്ക് ഈ ഡിപ്രഷന്‍ ഉണ്ടായിരുന്നു എന്ന് അടുത്തിടെ വീണ്ടും അമ്മയായ സമീറ വെളിപ്പെടുത്തിയിരുന്നു. പ്രസവം കഴിഞ്ഞു ഭാരം വര്‍ധിച്ചതും മറ്റും തന്നെ വല്ലാതെ തളര്‍ത്തിയെന്ന് സമീറ പറയുന്നു. ഒപ്പം സോഷ്യല്‍ മീഡിയയെയും ചുറ്റുമുള്ള ആളുകളുടെ കുത്തുവാക്കുകളെയും താരം വിമര്‍ശിക്കുന്നുണ്ട്. എല്ലാ പുതിയ അമ്മമാരും സ്വയം ആവശ്യമായ പരിചരണം നല്‍കണം എന്നാണ് സമീറ പറയുന്നത്. 

പ്രസവം കഴിഞ്ഞ് ആദ്യ ആഴ്ചകളിലാണ് പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷന്‍ ആരംഭിക്കുക. മൂഡ്‌ മാറ്റങ്ങള്‍, കുഞ്ഞിനോടു സ്നേഹം തോന്നാതിരിക്കുക, വിഷമം തോന്നുക എന്നിവ ഇതില്‍ സാധാരണമാണ്. ഇത് താനേ മാറുമെന്ന് കരുതിയിരിക്കും. എന്നാൽ ചിലർക്ക് ചികിത്സ കൊണ്ടുമാത്രമേ ഇതിനെ അതിജീവിക്കാന്‍ സാധിക്കൂ. കുഞ്ഞിനെ ട്രോളിയില്‍ ഇരുത്തി ഒരു നടത്തത്തിന് പോകുക, ഒരല്‍പനേരം പുറത്തൊക്കെ പോയിട്ട് വരിക എന്നിങ്ങനെ ചെറിയ കാര്യങ്ങള്‍ ചെയ്‌താല്‍ ഈ വിഷമങ്ങളെ ഒരു പരിധി വരെ അതിജീവിക്കാൻ സാധിക്കുമെന്നാണ് സമീറ പറയുന്നത്. 

 പ്രസവം കഴിഞ്ഞാൽ ഏതൊരു അമ്മയും കൂടുതൽ സമയം ചെലവിടുന്നത് കുഞ്ഞിനൊപ്പമായിരിക്കും. അവരുടെ സ്വന്തം ആവശ്യത്തിന് സമയം മാറ്റിവയ്ക്കാറുണ്ടാകില്ല. 'മീ ടൈം ' എന്നത് എല്ലാ സ്ത്രീകള്‍ക്കും ആവശ്യമാണ്. ഇനി ഇതെല്ലാം കൊണ്ട് മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം  Anti-depressants കഴിക്കാവുന്നതാണെന്നും സമീറ പറഞ്ഞു. പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷനിൽ നിന്ന് രക്ഷനേടാൻ അമ്മമാർ തന്നെ സ്വയം വിചാരിക്കുകയാണ് വേണ്ടതെന്നും സമീറ പറയുന്നു.