എഡിന്‍ബര്‍ഗ്: സ്ത്രീകളുടെ വരുമാനത്തിന്‍റെ ഒരുഭാഗം എല്ലാ മാസവും വന്നുപോകുന്ന ആര്‍ത്തവ ദിനങ്ങളിലെ ചെലവുകള്‍ക്കായി മാറ്റി വയ്ക്കേണ്ടതുണ്ട്. മിക്ക രാജ്യങ്ങളും സാനിറ്ററി പാഡുകള്‍ക്കും ടാബൂണുകള്‍ക്കും ആദായ നികുതി ഇടാക്കുന്നതുകൊണ്ടുതന്നെ വര്‍ഷം നല്ലൊരു തുക മാസാമാസം ഇവ വാങ്ങുന്നതിന് വേണമെന്നതാണ് അവസ്ഥ. എന്നാല്‍ ഇതില്‍ നിന്ന് സ്ത്രീകള്‍ക്ക് മോചനം നല്‍കിയിരിക്കുകയാണ് സ്കോട്ട്ലാന്‍റ്.

റോയിറ്റേഴ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സ്കോട്ട്ലാന്‍റില്‍ സ്ത്രീകള്‍ക്ക് സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. സ്ത്രീകള്‍ക്ക് ഇവ സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതി സ്കോട്ടിഷ് പാര്‍ലമെന്‍റ് ചൊവ്വാഴ്ച അംഗീകരിച്ചു. ഇതോടെ ലോകത്ത് തന്നെ സാനിറ്ററി ഉത്പന്നങ്ങള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കുന്ന ആദ്യത്തെ രാജ്യമാകും സ്കോട്ട്ലാന്‍റ്. 

പൊതുഇടങ്ങളായ കമ്യൂണിറ്റി സെന്‍ററുകള്‍, യൂത്ത് ക്ലബ്ബുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലൂടെയാണ് ഇത് ലഭിക്കുക. 220 കോടിയിലേറെ രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. 112 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. ആരും ബില്ലിനെ എതിര്‍ത്തില്ല. ഒരാള്‍ മാത്രം വോട്ടുചെയ്തില്ല. 2018 ല്‍ സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും സാനിറ്ററി ഉത്പനങ്ങള്‍ വിതരണം ചെയ്യുന്ന ആദ്യത്തെ രാജ്യമായും സ്കോട്ട്ലന്‍റ് മാറിയിരുന്നു. 

വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ സ്കോട്ട്ലാന്‍റിന്‍റെ തീരുമാനത്തെ ഏറ്റെടുത്തിരിക്കുന്നത്. യുകെയില്‍ അഞ്ച് ശതമാനമാണ് സാനിറ്ററി ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി. മറ്റ് രാജ്യങ്ങളും സ്കോട്ട്ലാന്‍റിനെ മാതൃകയാക്കുമെന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ മീഡിയ