പൂര്‍ണ്ണമായി സ്ത്രീയായി മാറുക എന്ന തന്‍റെ ഏറ്റവും വലിയ സ്വപ്നം സഫലമായതിന്‍റെ ആഘോഷത്തിലാണ് സീമ വിനീത്. ആണായി ജനിച്ച് പെണ്‍ മനസ്സായി ജീവിച്ച സീമ ഇപ്പോള്‍ ശരീരം കൊണ്ടും പൂര്‍ണ്ണമായി സ്ത്രീയായി മാറി കഴിഞ്ഞു. ശസ്ത്രക്രിയയിലൂടെയാണ് താന്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയായി മാറിയതെന്ന്  സീമ പറയുന്നു. അതിന്‍റെ വര്‍ഷപൂജ കഴിഞ്ഞ ദിവസം സീമയുടെ വീട്ടില്‍ നടന്നു.

ട്രാൻസ്ജെന്‍റേഴ്സ് അവരുടെ മനസ്സ് പോലെ തന്നെ ശരീരവും സ്വന്തമാക്കിയതിന് ശേഷം നടത്തുന്ന ചടങ്ങാണ് വര്‍ഷപൂജ. വര്‍ഷപൂജയോടൊനുബന്ധിച്ച് നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സീമ തന്നെ പങ്കുവെയ്ക്കുകയും ചെയ്തു. സീമയുടെ അമ്മയും സഹോദരനും ഒപ്പം ട്രാൻസ്ജെന്‍റര്‍ കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങായിരുന്നു അത്. 

 

ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതോടെ നമ്മളില്‍ അവശേഷിക്കുന്ന എല്ലാ പുരുഷത്വം മാറി പൂര്‍ണ്ണമായി സ്ത്രീയായി മാറുമെന്ന സങ്കല്‍പ്പം കൂടിയാണ് വര്‍ഷപൂജ  എന്നും സീമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സീമ തിരുവനന്തപുരത്ത് ഒരു മേക്കപ്പ് സ്റ്റുഡിയോയും നടത്തുന്നുണ്ട്. 

 

സൂര്യ, ഇഷാന്‍ തുടങ്ങി ട്രാൻസ്ജെന്‍റര്‍ കമ്മ്യൂണിറ്റിയിലെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.