മഞ്ഞനിറത്തിലുള്ള ഗൗണ്‍ ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന അമ്മയുടെയും മകളുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

ഏറേ ആരാധകരുള്ള കായികതാരമാണ് സെറീന വില്യംസ്. ലോക്ക്ഡൗണ്‍ കാലത്തും ലോകടെന്നീസിലെ റാണിയായ സെറീന വീട്ടില്‍ തിരക്കിലാണ്. അമ്മ എന്ന റോളും ആസ്വദിക്കുകയാണ് താരം ഇപ്പോള്‍. ലോക്ക്ഡൗണ്‍ കാലം മകള്‍ക്കൊപ്പം വ്യായാമം ചെയ്തും ഡാന്‍സ് ചെയ്തുമൊക്കെ വിരസത അകറ്റുകയാണ് താരം.

ഇപ്പോഴിതാ മകള്‍ അലെക്‌സിസ് ഒളിമ്പ്യ ഒഹാനിയന്‍ ജൂനിയറിനൊപ്പം സെറീന നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മഞ്ഞനിറത്തിലുള്ള ഗൗണ്‍ ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന അമ്മയുടെയും മകളുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തന്‍റേതായ ഫാഷന്‍ സെന്‍സുളള ഒരു ടെന്നീസ് താരം കൂടിയാണ് സെറീന വില്യംസ്. 

'ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്' എന്ന ആനിമേഷന്‍ ചിത്രത്തിലെ കഥാപാത്രമായ ബെല്ലയുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് ഇരുവരും നൃത്തം ചെയ്യുന്നത്. 

View post on Instagram

''എവരി ഡേ ലൈക് ദ വണ്‍ ബിഫോര്‍'' എന്ന ഗാനം ആലപിച്ചാണ് ഇരുവരും വീടിനുള്ളില്‍ നൃത്തം ചെയ്യുന്നത്. സെറീന തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്‍റുകളുമായി എത്തുകയും ചെയ്തു. 

2017ലാണ് സെറീനയ്ക്ക് മകള്‍ പിറക്കുന്നത്. തന്റെ ജീവിതത്തെ മകള്‍ മാറ്റിമറിച്ചുവെന്നാണ് സെറീന അന്ന് പറഞ്ഞത്. 

Also Read: ഫ്രഞ്ച് ഓപ്പണില്‍ സീബ്രാ സ്റ്റൈലുമായി സെറീന; കൈയടിച്ച് ഫാഷന്‍ ലോകം