പലപ്പോഴും സ്വന്തം ശരീരത്തില്‍ വരുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ സ്ത്രീകള്‍ അറിയാതെ പോകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ ലഘുവായ കാരണങ്ങള്‍ പറഞ്ഞ് നിസാരമാക്കുന്നത് ഭാവിയില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളായി വന്നേക്കാം

സ്ത്രീകള്‍ ആരോഗ്യകാര്യങ്ങള്‍ ( Women Health ) ശ്രദ്ധിക്കുമ്പോള്‍ പ്രത്യേക കരുതല്‍ നല്‍കേണ്ടയിടമാണ് സ്വകാര്യ ഭാഗങ്ങള്‍ ( Private Parts ) . താരതമ്യേന മൃദുലമായ ചര്‍മ്മമാണെന്നതും ആര്‍ത്തവമടക്കമുള്ള കാര്യങ്ങള്‍ മൂലം അണുബാധയ്ക്ക് സാധ്യതകള്‍ കൂടുതലാണെന്നതിനാലുമാണ് പ്രത്യേകമായ ഈ ശ്രദ്ധ നല്‍കേണ്ടിവരുന്നത്. 

എന്നാല്‍ പലപ്പോഴും സ്വന്തം ശരീരത്തില്‍ വരുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ സ്ത്രീകള്‍ അറിയാതെ പോകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ ലഘുവായ കാരണങ്ങള്‍ പറഞ്ഞ് നിസാരമാക്കുന്നത് ഭാവിയില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളായി വന്നേക്കാം. 

അത്തരത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. യോനിയില്‍ കാണുന്ന അനാരോഗ്യകരമായ ലക്ഷണങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. 

ഒന്ന്...

യോനി, അസാധാരണമാം വിധം വരണ്ടിരിക്കുന്നുവെങ്കില്‍ അത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ത്തവവിരാമത്തോട് അനുബന്ധമായും ഇത് വരാം. ചര്‍മ്മം വരണ്ടിരിക്കുകയും അടര്‍ന്നുപോരികയും ചെയ്യുന്നതും നല്ലതല്ല. ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ഡോക്ടറെ ധരിപ്പിച്ച വേണ്ട നിര്‍ദേശങ്ങള്‍ തേടുക. 

രണ്ട്...

സാമാന്യമായ രീതിയില്‍ വെള്ളപ്പോക്ക് ( White Discharge ) ഉണ്ടാകാം. എന്നാല്‍ ഇത് അധികമാകുന്നത് പല അസുഖങ്ങളുടെയും ലക്ഷണമാകാം. കട്ടിയുള്ളതും, ദുര്‍ഗന്ധമുള്ളതുമായ ദ്രവമാണ് പുറത്തുവരുന്നതെങ്കില്‍ അത് അണുബാധയെ സൂചിപ്പിക്കുന്നതാകാം. 

മൂന്ന്...

യോനീമുഖത്തും, സമീപഭാഗങ്ങളിലും മുഖക്കുരു പോലുള്ള കുരുക്കള്‍ വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം നിറഞ്ഞ പോലുള്ള കുരു വരുന്നതും ശ്രദ്ധിക്കണം. ലൈംഗിക രോഗങ്ങളെയോ മറ്റോ സൂചിപ്പിക്കുന്നതാകാം ഈ പ്രശ്‌നം. 

നാല്...

ആര്‍ത്തവമില്ലാതിരിക്കുന്ന സമയങ്ങളില്‍ രക്തസ്രാവം കാണുകയാണെങ്കില്‍ അതിനും ഉടന്‍ തന്നെ ചികിത്സ തേടേണ്ടതുണ്ട്. ഹോര്‍മോണ്‍ വ്യതിയാനം, കടുത്ത മാനസിക സമ്മര്‍ദ്ദം, ഗര്‍ഭധാരണം എന്നീ അവസ്ഥകളുടെ ലക്ഷണമാകാം ഇത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം രക്തം കാണുന്നത് ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണമായും വരാം. 

അഞ്ച്...

യോനിയില്‍ എരിയുന്നത് പോലെയോ പുകയുന്നത് പോലെയോ ഉള്ള അനുഭവമുണ്ടാകുന്നുണ്ടെങ്കില്‍ അതും സ്വാഭാവികമല്ല. മൂത്രാശയ അണുബാധ പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം ഇത്. 

ആറ്...

യോനിയില്‍ നിന്ന് അസാധാരണമായ ഗന്ധമുണ്ടാകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഇതിന് ചികിത്സ തേടേണ്ടതുണ്ട്. ഇത് യോനീഭാഗങ്ങളിലെ ചര്‍മ്മത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടതിന്റെ സൂചനയാകാം. 

ഏഴ്...

യോനീപരിസരങ്ങളില്‍ ചൊറിച്ചില്‍, പൊട്ടല്‍, കുരു പോലുള്ള അണുബാധ ഇടയ്ക്കിടെ വരുന്നുവെങ്കില്‍ അത് സ്വാഭാവികമല്ല. ഡയറ്റ് മുതലുള്ള ജീവിതരീതികളില്‍ കാര്യമായ മാറ്റം വരുത്തേണ്ട സാഹചര്യമാണിത്. മാനസിക സമ്മര്‍ദ്ദത്തിന്റെ ഭാഗമായോ, മറ്റെന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായോ, ശുചിത്വമില്ലായ്മയുടെ ഭാഗമായോ എല്ലാം ഇത് സംഭവിക്കാം. നിര്‍ബന്ധമായും ഡോക്ടറെ കണ്ട് നിര്‍ദേശം തേടേണ്ടതുണ്ട്.

Also Read:- സെക്സിനോടുള്ള താൽപര്യം നിയന്ത്രിക്കാനാകുന്നില്ലേ ? ഞെട്ടിക്കുന്ന പഠനം