Asianet News MalayalamAsianet News Malayalam

റെയ്പ്, ഡിപ്രഷന്‍; ഒടുവില്‍ പതിനേഴാം വയസില്‍ നിയമം അനുവദിച്ച മരണം!

അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു സഞ്ചി നിറയെ കത്തുകളെഴുതി വച്ചിട്ടുണ്ടായിരുന്നു നോവ. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ചുറ്റുമുണ്ടായിരുന്നു. ഉള്ള് തകര്‍ത്ത എല്ലാ അനുഭവങ്ങളുടേയും കാഠിന്യമിറക്കിവച്ച് അങ്ങനെ അവള്‍ കണ്ണുകളടച്ചു

seventeen year old girl euthanised after her life becomes 'unbearable'
Author
Netherlands, First Published Jun 5, 2019, 6:51 PM IST

ഒരു മരണം, ജീവിച്ചിരിക്കുന്ന മറ്റ് മനുഷ്യരെ ഇത്രമാത്രം ഭാരത്തിലാക്കുമോ? അതെ, അങ്ങനെയാണ് പതിനേഴുകാരിയായ നോവ പൊതോവന്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോകുന്നത്. സ്വയം ചോദിച്ചുവാങ്ങിയ മരണമായിരുന്നു അത്. എനിക്കിനിയും ജീവിക്കാനാകില്ലെന്ന് ഉറക്കെ ലോകത്തോട് പ്രഖ്യാപിച്ച്, അനുവാദം ചോദിച്ച്, സ്‌നേഹത്തോടെ തന്നെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് അവള്‍ ശാന്തമായി കടന്നുപോയിരിക്കുന്നു. അതൊരാത്മഹത്യയെങ്കിലുമായിരുന്നെങ്കില്‍ ഇത്രമാത്രം വേദനിപ്പിക്കുന്നതാകില്ലായിരുന്നു. 

നോവ... അഥവാ നിത്യമായ നോവുകളുടെ കൂട്ടുകാരി...

ഡച്ച് സ്വദേശിയാണ് നോവ. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം അവള്‍ എപ്പോഴും മിടുക്കിയും, സന്തോഷവതിയുമായ പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ 14 വയസിന് ശേഷം നോവയില്‍ കാര്യമായ പല മാറ്റങ്ങളും കണ്ടുതുടങ്ങി. കടുത്ത വിഷാദത്തിന് അടിമയായി അവള്‍ മാറി. വിഷാദം മാത്രമല്ല, സങ്കീര്‍ണ്ണമായ പല മാനസികപ്രശ്‌നങ്ങളും അവളെ അലട്ടി. 

മാതാപിതാക്കള്‍ അവളെയും കൊണ്ട് ആശുപത്രികളില്‍ കയറിയിറങ്ങി. പറയത്തക്ക മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഇതിനിടെ നോവ തന്റെ തന്നെ ജീവിതത്തെക്കുറിച്ച് തുറന്നെഴുതി. 'വിന്നിംഗ് ഓര്‍ ലേണിംഗ്' എന്ന നോവയുടെ ആത്മകഥ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഞെട്ടിക്കുന്ന അനുഭവങ്ങളെക്കുറിച്ചായിരുന്നു നോവയുടെ എഴുത്തുകളെല്ലാം. 

പതിനൊന്നാം വയസില്‍ ഒരു പാര്‍ട്ടിക്കിടെ നേരിട്ട ലൈംഗികാതിക്രമം. പിന്നീട് പന്ത്രണ്ടാം വയസിലും അതിന്റെ ആവര്‍ത്തനം. ഈ അനുഭവങ്ങളുണ്ടാക്കിയ മുറിവുകളുണങ്ങും മുമ്പ് പതിന്നാലാം വയസ്സില്‍ കൂട്ട ബലാത്സംഗത്തിനിരയായി. അവിടുന്നങ്ങോട്ട് പിന്നീടൊരിക്കലും ചിതറിപ്പോയ മനസിനെ ചേര്‍ത്തുവയ്ക്കാനായില്ല. 

seventeen year old girl euthanised after her life becomes 'unbearable'

'ഓരോ ദിവസവും ഞാന്‍ എന്നില്‍ നിന്ന് പേടിയും വേദനയും കുടഞ്ഞുകളയാന്‍ ശ്രമിക്കുകയാണ്. എപ്പോഴും പേടിയിലാണ്. ഒരേ കരുതലിലും. ഇപ്പോഴും എനിക്ക് ശരീരത്തില്‍ ആ പഴയ അഴുക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. എനിക്കൊപ്പം പലതും തകര്‍ന്നു... തിരിച്ചെടുക്കാനാവാത്ത വിധം..'- നോവയുടെ വാക്കുകളാണ്. 

പുസ്തകത്തിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം മാത്രമാണ് മാതാപിതാക്കള്‍ പോലും നോവയുടെ മനസിനും ശരീരത്തിനുമേറ്റ ഷോക്കുകളെ കുറിച്ചറിയുന്നത്. മാനസികരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇടയ്ക്ക് നോവയുടെ ആരോഗ്യനില വഷളാവുകയും കോമയിലാവുകയും ചെയ്തു. എന്നാല്‍ മരണത്തോളം പോയി, നോവ പിന്നെയും ജീവിതത്തിലേക്ക് തന്നെ തിരിച്ചുവന്നു. 

മരണം വരെ ഒറ്റയ്ക്ക് നടന്നുവന്നത്...

ജീവിതം മടുക്കുന്നവരോ, അതിനെ നേരിടാന്‍ പാങ്ങില്ലാത്തവരോ ആണല്ലോ ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ നോവ ആ വഴി തെരഞ്ഞെടുത്തില്ല. തന്റെ രോഗങ്ങളുമായി മുന്നോട്ടുപോകാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ഓരോന്നും പരാജയപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവള്‍ മരണത്തെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്തു. 

ഒരുതരത്തിലും ജീവിക്കാനാകില്ലെന്ന് ഉറപ്പായവര്‍ക്ക് ഡോക്ടര്‍മാരുടെ അനുവാദം കൂടിയുണ്ടെങ്കില്‍ മരിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കാന്‍ നെതര്‍ലാന്‍ഡ്‌സിലെ നിയമം അനുശാസിക്കുന്നുണ്ട്. ഒടുവില്‍ പതിനേഴാം വയസ്സില്‍ നോവ ആ മാര്‍ഗം തന്നെയാണ് തനിക്കനുയോജ്യമെന്ന് തീരുമാനിച്ചു. 

seventeen year old girl euthanised after her life becomes 'unbearable'

നോവയുടെ വേദനകള്‍, ആത്മാര്‍ത്ഥമാണെന്നും അത് അസഹനീയമാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. സ്വസ്ഥമായി അവള്‍ക്ക് മരിക്കാനുള്ള സാഹചര്യം എല്ലാവരും ചേര്‍ന്ന് ഒരുക്കിക്കൊടുത്തു. മരണത്തിന് മുമ്പ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നോവ എഴുതി...

'ഇത് പറയണോ വേണ്ടയോ എന്ന് ഞാനല്‍പം ആശങ്കപ്പെട്ടതാണ്. പക്ഷേ ഒടുവില്‍ പറയാന്‍ തന്നെയാണ് തീരുമാനം. ഒരുപക്ഷേ പലര്‍ക്കും പറയാന്‍ പോകുന്ന കാര്യം അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. എന്തായാലും പെട്ടെന്നുള്ള ഒരാവേശത്തിന് എടുത്ത തീര്‍പ്പൊന്നുമല്ല ഇത് എന്നുമാത്രം മനസിലാക്കുക. മുമ്പേ ഇക്കാര്യം എന്റെ മനസിലുണ്ടായിരുന്നു. നേരിട്ട് വിഷയത്തിലേക്ക് വരാം. പരമാവധി പത്ത് ദിവസം, അതിനുള്ളില്‍ ഞാന്‍ മരിക്കും. വര്‍ഷങ്ങളുടെ പോരാട്ടവും അതിജീവനവും കൊണ്ട് ഞാന്‍ ഇല്ലാതായിപ്പോയിരിക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാത്ത ജീവിതമാണിപ്പോള്‍. ഒരുപാട് ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കുമെല്ലാം അവസാനം, ഇപ്പോള്‍ ഞാന്‍ തന്നെ എന്നെ പോകാന്‍ അനുവദിക്കുകയാണ്. കാരണം അത്രമാത്രം അസഹനീയമാണ് എന്റെ വേദനകള്‍...

...ശരീരം കൊണ്ട് ശ്വസിക്കുന്നുണ്ട് എന്നേയുള്ളൂ. ഞാനെപ്പോഴേ മരിച്ചുപോയ ഒരാളാണ്. ഈ തീരുമാനം നന്നല്ല എന്നുപറഞ്ഞ് ആരും എന്നെ ബോധവത്കരിക്കാന്‍ വരരുത്. ഇത് ഞാന്‍ നിശ്ചയിച്ചതാണ്. ഒടുവിലത്തെ തെരഞ്ഞെടുപ്പാണ്.  സ്‌നേഹമെന്നാല്‍ ഇങ്ങനെ പോകാന്‍ അനുവദിക്കല്‍ കൂടിയാണ്...'- ഇതായിരുന്നു അവസാനവാചകങ്ങള്‍. 

അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു സഞ്ചി നിറയെ കത്തുകളെഴുതി വച്ചിട്ടുണ്ടായിരുന്നു നോവ. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ചുറ്റുമുണ്ടായിരുന്നു. ഉള്ള് തകര്‍ത്ത എല്ലാ അനുഭവങ്ങളുടേയും കാഠിന്യമിറക്കിവച്ച് അങ്ങനെ അവള്‍ കണ്ണുകളടച്ചു. ഒരു മരണം, ജീവിച്ചിരിക്കുന്ന മറ്റ് മനുഷ്യരെ ഭാരത്തിലാക്കുന്നത് ഇങ്ങനെയായിരിക്കാം.

Follow Us:
Download App:
  • android
  • ios