നീണ്ട കാലത്തോളം ബോളിവുഡിലെ നായികയായി തിളങ്ങിയ താരമാണ് ശില്‍പ ഷെട്ടി. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ടെലിവിഷന്‍ പരസ്യങ്ങളിലൂടെ സിനിമയിലെത്തിയ താരസുന്ദരി വളരെ പെട്ടെന്നാണ് ബോളിവുഡിന്‍റെ മനസ്സ് കീഴടക്കിയത്. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ശില്‍പയെ പ്രിയങ്കരിയാക്കുന്നത്. ഇടയ്ക്ക് ഒരു  11 വര്‍ഷം ഈ പറയുന്ന ശില്‍പ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ശില്‍പ തന്നെ ഇപ്പോള്‍ മറുപടി പറയുകയാണ്. 

ബോളിവുഡിലെ ഫിറ്റ്നസ് ക്വീനായി ശില്‍പ ഷെട്ടി തിരിച്ചെത്തുമ്പോള്‍ പതിനൊന്ന് വര്‍‌ഷം സിനിമയില്‍ നിന്ന് വിട്ടുനിന്നത് മകന് വേണ്ടിയാണ് എന്നാണ് താരം പറയുന്നത്. വിയാന്‍ രാജ് കുന്ദ്രയാണ് രാജ്-ശില്‍പ ദമ്പതികളുടെ മകന്‍. 

തന്‍റെ മകന്‍റെ നല്ലൊരു അമ്മയാകാനാണ് ഇടവേളയെടുത്തത് എന്ന് ശില്‍പ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമ്മയെന്ന നിലയിലും ഗൃഹനാഥയെന്ന നിലയിലും ബിസിനസ്സുകാരിയെന്ന നിലയിലും പലതും ചെയ്യാനുണ്ടായിരുന്നു. അവന് ഏഴ് വയസ്സാകുന്നത് വരെ ഞാന്‍ ഒരു സിനിമയും ഏറ്റെടുത്തിരുന്നില്ല. കാരണം മകന് എന്‍റെ കരുതല്‍ ആവശ്യമായിരുന്നു. 

ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. എന്‍റെ കാര്യങ്ങള്‍ ഞാന്‍ സ്വയം തന്നെയാണ് തീരുമാനിക്കുന്നത്. എനിക്ക് ആരെയും ആശ്രയിക്കുന്നതും ഇഷ്ടമല്ല- ശില്‍പ പറയുന്നു.