പ്രസവശേഷവും സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതാണ്. പ്രത്യേകിച്ച് ഡയറ്റിലാണ് പ്രസവശേഷം സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. അത്തരത്തില്‍ കുഞ്ഞുണ്ടായ ശേഷം ഡയറ്റില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

ഗര്‍ഭിണി ആയിരിക്കെ ആരോഗ്യകാര്യങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ തന്നെ പ്രസവശേഷം ഈ കരുതല്‍ പെടുന്നനെ നിര്‍ത്തുന്നതായി കാണാറുണ്ട്. എന്നാല്‍ പ്രസവശേഷവും സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതാണ്. 

പ്രത്യേകിച്ച് ഡയറ്റിലാണ് പ്രസവശേഷം സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. അത്തരത്തില്‍ കുഞ്ഞുണ്ടായ ശേഷം ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

പ്രസവം ശരീരത്തിനുണ്ടാക്കിയ ക്ഷീണമോ തളര്‍ച്ചയോ എല്ലാം മറികടക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പ്രസവശേഷമുണ്ടാകുന്ന അമിത വിശപ്പിന് തടയിടാനും പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം സഹായകമാണ്. മുട്ട, ബീന്‍സ്, സോയ, പരിപ്പുവര്‍ഗങ്ങള്‍, സീ ഫുഡ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

രണ്ട്...

പ്രസവാനന്തരം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത ഘടകമാണ് കാര്‍ബോഹൈഡ്രേറ്റ്. കാരണം മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. 

ഇതിനായിട്ടാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമാക്കുന്നത്. ആകെ ഡയറ്റിന്റെ 30 ശതമാനം കാര്‍ബ്- അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. 

മൂന്ന്...

മൂന്നാമതായി ശ്രദ്ധിക്കാനുള്ളത് വെള്ളം കുടിക്കുന്ന കാര്യമാണ്. പലപ്പോഴും അവഗണനയിലാകുന്നൊരു വിഷയമാണിത്. എന്നാല്‍ പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ഗര്‍ഭകാലത്തിലെന്ന പോലെ തന്നെ കൃത്യമായി വെള്ളം കുടിച്ചിരിക്കണം. എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം പ്രതിദിനം ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്. ഇത് കുഞ്ഞിനെയും ദോഷകരമായി ബാധിക്കും. 

നാല്...

പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടൊരു ഘടകത്തെ കുറിച്ചാണ് നാലാമതായി പറയുന്നത്. ധാരാളം മധുരം പ്രസവാനന്തരം സ്ത്രീകള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. അത് കുഞ്ഞിനെയാണ് കൂടുതലും ബാധിക്കുക. മുലപ്പാലിലൂടെ കൂടുതല്‍ അളവില്‍ ഫ്രക്ടോസ് കുഞ്ഞിലേക്കെത്താം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. 

അഞ്ച്...

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കാനും ഈ ഘട്ടത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. 

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇത് നിര്‍ബന്ധമായും ആവശ്യമാണെന്ന് മനസിലാക്കുക. യോഗര്‍ട്ട്, ഒലിവ് ഓയില്‍, അവക്കാഡോ, സാല്‍മണ്‍ മത്സ്യം എന്നിവയെല്ലാം ഇതിനുദാഹരണമാണ്. എന്നാല്‍ ഇവയൊന്നും അമിതമാകാതെയും കരുതണേ. 

Also Read:- ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ശരീരത്തിന് ലഭിക്കും ആവശ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ്...

ആറ്...

പ്രസവാനന്തരം വിളര്‍ച്ചയുണ്ടാകാതിരിക്കാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്തുക. അയേണിന്റെ അളവ് കുറയുന്ന സ്ത്രീകളില്‍ പ്രസവശേഷം വിവിധ അണുബാധകള്‍ക്കുള്ള സാധ്യതയും ഉണ്ടായിരിക്കും. ഇലക്കറികള്‍, ബീന്‍സ്, പരിപ്പുവര്‍ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയെല്ലാം ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന തരം ഭക്ഷണങ്ങളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona