Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ അറിയാൻ; തൊലിയില്‍ കറുപ്പ് നിറം പടരുന്നതും ശരീരത്തില്‍ രോമവളര്‍ച്ച കൂടുന്നതും...

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് സമയത്ത് തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നിങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രകടമായി കാണുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് എന്താണ് പ്രശ്നമെന്ന് കണ്ടെത്തുക തന്നെ വേണം. 

skin darkening and over hair growth can be the signs of pcod
Author
Trivandrum, First Published Jul 3, 2022, 11:39 PM IST

സ്ത്രീകള്‍, തങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ ( Women Health ) എല്ലായ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആര്‍ത്തവം പോലുള്ള സ്ത്രീകളുടെ സവിശേഷമായ അവസ്ഥകളിലൂടെയെല്ലാം കടന്നുപോകാൻ തീര്‍ച്ചയായും ആരോഗ്യം മതിയായ രീതിയില്‍ അനുകൂലമായിരുന്നേ പറ്റൂ. 

അതുകൊണ്ട് തന്നെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് ( Women Health ) സമയത്ത് തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നിങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രകടമായി കാണുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് എന്താണ് പ്രശ്നമെന്ന് കണ്ടെത്തുക തന്നെ വേണം. 

പിസിഒഡി ( Polycystic ovary syndrome ) എന്ന പ്രശ്നത്തെ കുറിച്ച് ഇന്ന് മിക്ക സ്ത്രീകള്‍ക്കുമറിയാം. ഹോര്‍മോണ്‍ വ്യതിയാനമാണ് പിസിഒഡി (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം)യിലേക്ക് സ്ത്രീകളെ നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. ദൈനംദിന ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഇതുമൂലമുണ്ടാകാം. 

എന്ന് മാത്രമല്ല, സമയത്തിന് ചികിത്സ ലഭ്യമായില്ലെങ്കില്‍ അത് ഭാവിയില്‍ വന്ധ്യത പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്കും നയിക്കാം. പിസിഒഡിയുടെ ലക്ഷണങ്ങള്‍ മനസിലാക്കുന്നത് ഇത് സമയത്തിന് തിരിച്ചറിയാൻ സഹായിക്കും. അത്തരത്തില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പിസിഒഡി ലക്ഷണങ്ങള്‍...

ആര്‍ത്തവത്തിലെ ക്രമക്കേട് തന്നെയാണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. ഡേറ്റ് മാറിക്കൊണ്ടിരിക്കുക, അതുപോലെ ബ്ലീഡിംഗ് നീണ്ടുപോവുക, അമിത രക്തസ്രാവം, ആര്‍ത്തവമില്ലാതിരിക്കുക, ഒന്നിലധികം തവണ ബ്ലീഡീംഗ് വരിക എന്നിങ്ങനെ പല ക്രമക്കേടുകളും പിസിഒഡിയുടെ ഭാഗമായി വരാം. 

ആര്‍ത്തവസമയത്ത് അസഹനീയമായ വേദന. ആര്‍ത്തവത്തിന് മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യ, ഉത്കണ്ഠ, നിരാശ എന്നിവയും അനുഭവപ്പെടാം. ഇവയ്ക്കൊപ്പം തന്നെ ശരീരത്തില്‍ രോമവളര്‍ച്ച അമിതമാകുന്നതും അതുപോലെ കഴുത്തിലും അടിവയറ്റിലും സ്തനങ്ങള്‍ക്ക് കീഴെയും കറുപ്പ് നിറം പടരുന്നതുമെല്ലാം പിസിഒഡി ലക്ഷണങ്ങളായി വരാറുണ്ട്. 

വര്‍ധിച്ച മുഖക്കുരുവും പിസിഒഡി ( Polycystic ovary syndrome ) ലക്ഷണമാകാറുണ്ട്. ശരീരഭാരം കാര്യമായി കൂടുന്നതാണ് പിസിഒഡിയുടെ മറ്റൊരു ലക്ഷണം. ഇത് അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാം. മുടി കൊഴിച്ചിലും പിസിഒഡിയുടെ ഭാഗമായി ചില സ്ത്രീകള‍ില്‍ വരാറുണ്ട്. ഇത് കടുത്ത മാനസിക പിരിമുറുക്കത്തിനും കാരണമാകാം. 

പിസിഒഡി സംശയം തോന്നുന്നപക്ഷം ഒരു ഗൈനക്കോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്. ഡയറ്റ് അടക്കമുള്ള ജീവിതരീതി മെച്ചപ്പെടുത്തുന്നത് മുതല്‍ പല ചികിത്സാരീതികളും ഇത് പരിഹരിക്കാൻ ലഭ്യമാണ്. 

Also Read:- പിരീഡ്സ് വേദന കുറയ്ക്കാം; സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടത്...

Follow Us:
Download App:
  • android
  • ios