ന്യൂയോര്‍ക്ക്: ഒരുവശത്ത് രാജ്യങ്ങളും മതങ്ങളും അതിര്‍ത്തി വരക്കുമ്പോള്‍ അവയെല്ലാം മായ്ച്ച് പ്രണയത്തിന്‍റെ സന്ദേശം നല്‍കുകയാണ് ഈ യുവതികള്‍. സദാചാരവാദികള്‍ക്ക് അല്‍പം അസംതൃപ്തിയുണ്ടാക്കുമെങ്കിലും സോഷ്യല്‍മീഡിയ ഇവരുടെ പ്രണയ ചിത്രങ്ങള്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഫോട്ടോ ഷൂട്ട് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വൈറലായത്. 

സ്വവര്‍ഗ പ്രണയിനികളായ പാകിസ്ഥാനി കലാകാരി സുന്ദാസ് മാലിക്കും ഇന്ത്യക്കാരിയായ അഞ്ജലി ചക്രയുമാണ് തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ചിത്രങ്ങളാക്കിയത്. 'എ ന്യൂയോര്‍ക്ക് ലൗ സ്റ്റോറി' എന്ന തലക്കെട്ടില്‍ ഫോട്ടോഗ്രാഫര്‍ സരോവറാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവച്ചത്. സുന്ദാസ് മാലിക്കും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

തുടര്‍ന്ന് നിരവധിയാളുകള്‍ ഇവരുടെ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്തു. പാരമ്പര്യ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് സുതാര്യമായ കുടക്കുള്ളില്‍ പ്രണയസല്ലാപം പങ്കിടുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.