ജോലി നൽകാമെന്ന് പറഞ്ഞ് പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി സ്ത്രീകൾ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ഒരു പെണ്‍കുട്ടി അനുഭവിച്ച കഥയാണ് ഇപ്പോൾ പുറം ലോകം ചർച്ച ചെയ്യുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കൂലിവേല ചെയ്യുന്നത് ആ 19കാരിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

 അങ്ങനെയാണ് 5000 രൂപ മാസശമ്പളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ അവൾ ആ ജോലി സ്വീകരിക്കുകയായിരുന്നു. അയാൾ പറഞ്ഞതെല്ലാം സത്യമാണെന്ന് കരുതി അവൾ അയാള്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. ഡിസംബര്‍ 27ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത് പോയപ്പോഴുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നില്ല.

അവളുടെ ശരീരം മുഴുവനും മുറിവായിരുന്നു. ശരീരികമായി ഉപദ്രവിച്ചതിന്റെ പാടുകൾ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു. ജോലി നൽകാമെന്ന് പറഞ്ഞ് അയാൾ യുവതിയെ കൊണ്ട് പോയത് ഒരു വലിയ ചതിക്കുഴിയിലേക്കായിരുന്നു.  ദില്ലിയിലെ മിഷനറി സൊസൈറ്റിയില്‍ ജോലിക്കെന്നും പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയ അവളെ അയാള്‍ ഓള്‍ഡ് ദില്ലിയിലെ ഒരാള്‍ക്ക് വിറ്റിട്ട് കടന്നുകളഞ്ഞു.

അയാളുടെ ഓഫീസിലായിരുന്നു പകല്‍ ജോലി. തൂത്തുതുടയ്ക്കണം, ചായയിടുക, അവിടുള്ള സകല ജോലികളും ചെയ്യണം. ആദ്യദിവസം രാത്രി തന്നെ അയാള്‍ അവളെ ബലാത്സംഗം ചെയ്തു. പിന്നീടങ്ങോട്ട് അത് ഒരു പതിവായി മാറുകയായിരുന്നു.  എല്ലാദിവസങ്ങളിലും അവള്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി ഒരു ദിവസം അയാൾ നാല് പേരെ കൂട്ടി കൊണ്ട് വന്നു. അവരിൽ നിന്ന് രക്ഷപ്പെടാൻ അവൾ പരമാവധി ശ്രമിച്ചു.

അവർ ഇവളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ  ജനലിലൂടെ പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. അവർ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വിധം കുതറിയോടിയ അവള്‍ ജനലിലൂടെ പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. 

കാലുകള്‍ കുഴഞ്ഞ് റോഡരികില്‍ വീണുപോകും വരെ അവള്‍ ഓടി. ഒടുവില്‍ മറ്റൊരു അപരിചിതമായ പട്ടണത്തിലേക്ക് അവള്‍ എത്തിപ്പെട്ടു. സമയം രാത്രിയായി. ഹോട്ടലുകളിൽ ബാക്കി വന്ന ഭക്ഷണമായിരുന്നു അവൾക്ക് ആകെ കിട്ടിയിരുന്നത്. ആ നഗരത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ട മതി എന്നായിരുന്നു അവൾക്ക്. അങ്ങനെ അവൾ ആ യാത്ര ആരംഭിച്ചു. 

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്രയ്ക്ക് അവൾ തുടക്കമിട്ടു. അങ്ങനെ റോഡിന്റെ അരികും പിടിച്ച് നടന്നുതുടങ്ങിയ അവള്‍ ഒടുവില്‍ ആ യാത്ര അവസാനിപ്പിച്ചത് 800 കിലോമീറ്റര്‍ അപ്പുറം എത്തിയശേഷമായിരുന്നു. ദില്ലിയില്‍ തുടങ്ങിയ അവളുടെ യാത്ര അവസാനിച്ചത് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്ലാണ്. ക്ഷീണം അനുഭവപ്പെട്ടെങ്കിലും അവൾ ആ യാത്ര നിർത്തിയില്ല. 

കാലുകൾക്ക് കഴപ്പ് അനുഭവപ്പെട്ടു, അമിത ക്ഷീണം തോന്നി...അവസാനം ക്ഷീണം  സഹിക്കാനാവാതെ അവൾ ബോധം കെട്ട് വീഴുകയായിരുന്നു. റോഡരികില്‍ അബോധവസ്ഥയിൽ കിടന്ന അവളെ ആരോ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവിടെ അവൾ സംസാരിച്ചിരുന്നത് സാന്താളി ഭാഷയായിരുന്നു. പൊലീസുകാർക്ക് ആ ഭാഷ അറിയുകയുമില്ല. 

ഒടുവില്‍ സ്റ്റേഷന്‍ പരിസരത്തുതന്നെ നടത്തിയ അന്വേഷണത്തില്‍ ഹിന്ദിയും സാന്താളിയും അറിയുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ എത്തിച്ചാണ് പെണ്‍കുട്ടിയുമായി സംസാരിച്ചത്. തുടര്‍ന്ന് പൊലീസ് സാഹിബ് ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപെടുകയും യുവതിയെ തിരികെ നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്തും.

 ഈ പെണ്‍കുട്ടിയെ കൊണ്ടുപോയ വ്യക്തി തന്നെ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.2018 -ലെ NCRB ഡാറ്റ പ്രകാരം, ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടു പോകപ്പെട്ടത് 314 പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെയാണെന്ന് കഴിഞ്ഞയാഴ്ച പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഝാര്‍ഖണ്ഡിൽ ഒരു പെണ്‍കുട്ടിയെ 30,000 രൂപയ്ക്ക് വേണ്ടിയിട്ടാണ് വിൽക്കുന്നത്. 

311 കേസുകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 262 കേസുകളുമായി അസം മൂന്നാം സ്ഥാനത്തും ഉണ്ട്.  2018 ൽ രാജ്യത്താകമാനം 2,367 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2013 മുതൽ 2019 വരെ മൊത്തം 608 മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തതായി ഝാർഖണ്ഡ് പൊലീസിൽ നിന്ന് ലഭിച്ച ‌റിപ്പോർട്ടിൽ പറയുന്നു.