ലോക്ക്ഡൗണ്‍ കാലത്ത് സമയം പോകാനായി പല വഴികളാണ് എല്ലാവരും സ്വീകരിക്കുന്നത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, പഴയ ഹോബികള്‍ തുടരുക, കഴിവുകളെ തിരിച്ചറിയുക തുടങ്ങിയ പല കാര്യങ്ങളിലൂടെയാണ് എല്ലാവരും തങ്ങളുടെ ലോക്ക്ഡൗണ്‍ സമയം തള്ളിനീക്കുന്നത്. പാചകത്തില്‍ പരീക്ഷണം, വ്യായാമം, നൃത്തം തുടങ്ങിയവ ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും ബോളിവുഡ് താരങ്ങള്‍ വരെ പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ഇവരെ  വിമര്‍ശിക്കുന്നവരുമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് മറുപടി നല്‍കുകയാണ് നടി സോനം കപൂറിന്‍റെ സഹോദരി റിയാ കപൂര്‍. 

പോസിറ്റീവായി സമീപിച്ച് പരസ്പരം ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണ് ഇതെന്നും മുന്‍വിധികള്‍ ചെയ്യരുതെന്നും റിയ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു. 'ആളുകള്‍ക്ക് ഈ സമയത്ത് വര്‍ക്കൗട്ട് ചെയ്യാനും കേക്ക് ഉണ്ടാക്കാനും മറ്റ് പാചകം ചെയ്യാനുമൊക്കെ താല്‍പര്യപ്പെടുന്നുവെങ്കില്‍ അവരെ അതിന് അനുവദിക്കൂ. ചിലര്‍ക്ക് ഇരുപത്തിരണ്ടു മണിക്കൂറും കിടക്കയില്‍ കിടക്കണമെന്നാകും, അവര്‍ ഉറങ്ങിക്കൊട്ടെ. മറ്റുചിലര്‍ക്ക് 9-5 വരെ ജോലിയാകും, അതെല്ലാം അവരുടെ ഇഷ്ടമാണ്. നെഗറ്റീവ് എനര്‍ജിയാണ് ഈ ലോകത്ത് ആവശ്യമില്ലാത്ത കാര്യം, ഒരാളുടെ ടൈംലൈനില്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്തതു കാണുകയാണെങ്കില്‍ അതു മാറ്റി മറ്റൊന്നിലേക്കു പോവൂ. അല്‍പം ക്ഷമയും സഹാനുഭൂതിയും കാണിച്ചാല്‍ ലോകം മികച്ചതാകും. വീടിനെയും ലോകത്തെയുമൊക്കെ നല്ല ഇടങ്ങളാക്കി മാറ്റാം'- റിയ കുറിച്ചു. 

 

സഹോദരിയുടെ കുറിപ്പ് സോനവും പങ്കുവെച്ച്. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളതു പോലെയിരിക്കട്ടെയെന്നും അവയില്‍ വിധികല്‍പിക്കേണ്ടതില്ലെന്നും പറഞ്ഞാണ് സോനം റിയയുടെ കുറിപ്പ് പങ്കുവച്ചത്. ശേഷം താന്‍ വര്‍ക്കൌട്ട് ചെയ്യുന്ന വീഡിയോകളും പാചകം ചെയ്തതിന്‍റെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു.