ന്യൂയോര്‍ക്ക്: ദീര്‍ഘായുസിന് എന്തെല്ലാം വേണമെന്നാണ് നിങ്ങള്‍ കരുതുന്നത്? നല്ല ഭക്ഷണം ? വ്യായാമം ? അതോ മാനസിക സുഖമോ ?  എന്നാല്‍ ഇതൊന്നുമല്ല, മറ്റൊന്നാണ് അമേരിക്കയില്‍ 107ാം പിറന്നാള്‍ ആഘോഷിക്കുന്ന മുത്തശ്ശിക്ക് പറയാനുള്ള ആരോഗ്യ രഹസ്യം. 

'ഒറ്റയ്ക്ക് ജീവിക്കൂ, വിവാഹം കഴിക്കാതിരിക്കൂ' എന്നായിരിക്കും ആരോഗ്യ രഹസ്യത്തെ കുറിച്ചുള്ള ടിപ്സ് ചോദിച്ചാല്‍ ലൂയിസ് സിഗ്നൂരിന്‍റെ ആദ്യ പ്രതികരണം. ഒറ്റത്തടിയായുള്ള ജീവിതത്തിനുപുറമെ നല്ല ഭക്ഷണ ശീലവും ലൂയിസ് പിന്തുടര്‍ന്നിരുന്നു. എന്നാലും ഒരു നൂറ്റാണ്ടുമുഴുവന്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ കാരണം വിവാഹം കഴിക്കാത്തതുതന്നെയാണെന്നാണ് ലൂയിസ് കരുതുന്നത്. 

''അവര് വ്യായാമം ചെയ്യുമ്പോള്‍ ഞാനും ചെയ്യും. അവര്‍ നൃത്തം ചെയ്യുമ്പോള്‍ ഞാനും നൃത്തം ചെയ്യും.ഞാന്‍ ബിങ്കോ കളിക്കും. അങ്ങനെ എന്‍റെ ഒരു ദിവസം പൂര്‍ണ്ണമാകും. എന്‍റെ സഹോദരി പറയാറുണ്ട്, വിവാഹം കഴിക്കാതിരുന്നാല്‍ മതിയായിരുന്നുവെന്ന്'' - മുത്തശ്ശി വാചാലയായി. മുത്തശ്ശിയുടെ സഹോദരിക്ക് 102 വയസുണ്ട്. ഗംഭീര പാര്‍ട്ടിയോടെയാണ് പരിപാടിയുടെ ആഘോഷങ്ങള്‍. 100 ലേറെ പേരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.