സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി വൈറലാകുന്ന ഒരു വിസിറ്റിംഗ് കാര്‍ഡുണ്ട്. ഗീത കലെ എന്ന മാറാഠി സ്ത്രീയുടേതാണ് ആ വിസിറ്റിംഗ് കാര്‍ഡ്.  വൈറലായ ആ ചിത്രത്തിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ. 
കഥ പറയും മുമ്പ് എന്താണ് ആ കാര്‍ഡിലുള്ളതെന്ന് നോക്കാം. 

ഗീത കലേ
ബവ്ധാനില്‍ വീട്ടുജോലിക്കാരി
7558432232
ആധാര്‍ കാര്‍ഡ് പരിശോധനപൂര്‍ത്തിയാക്കിയത്
പാത്രം കഴുകല്‍ : Rs 800 PM
അടിച്ചുതുടയ്ക്കല്‍ : Rs 800 PM 
തുണിയലക്കല്‍ : Rs 800 PM
ചപ്പാത്തി ഉണ്ടാക്കല്‍: Rs 1000 PM 

ആവശ്യമെങ്കില്‍ ചെയ്ത് നല്‍കുന്ന മറ്റ് ജോലികള്‍: പൊടിതട്ടല്‍, പച്ചക്കറി അരിയല്‍ തുടങ്ങിയവ


ഗീതാ കലെയുടെ തൊഴില്‍ വിവരങ്ങളും അതിന് അവര്‍ക്ക് മാസം നല്‍കേണ്ട കൂലിയുമാണ് കാര്‍ഡില്‍. ഇനി സംഭവ കഥയിലേക്ക് വരാം... പൂനെയിലെ ധനശ്രീ ഷിന്‍ഡെ എന്ന സ്ത്രീയുടെ വീട്ടില്‍ ചെറിയ വീട്ടു സഹായങ്ങള്‍ ചെയ്തുവരികയായിരുന്നു ഗീത.  നിരവധി സ്ഥലങ്ങളില്‍ ജോലി ഉണ്ടായിരുന്നെങ്കിലും സാഹചര്യങ്ങള്‍കൊണ്ട് അതെല്ലാം നഷ്ടമായിരുന്നു. 
ഓഫീസില്‍ നിന്നെത്തിയ ധനശ്രീ കണ്ടത് ദുഃഖിച്ചിരിക്കുന്ന ഗീതയെയാണ്. കാരണം തിരക്കിയപ്പോള്‍ ജോലി കുറവാണെന്നും 4000 ന് മുകളില്‍ ഒരു മാസം ലഭിക്കുന്നില്ലെന്നും ഗീത പറഞ്ഞു. ഗീതയുടെ വിൽമങ്ങള്‍ മനസിലാക്കിയ ധനശ്രീയ്ക്ക് തോന്നിയ ആശയമാണ് വിസിറ്റിംഗ് കാര്‍ഡ്. 

24 മണിക്കൂറിനുള്ളില്‍, ഗീതയുടെ ജോലിയും മറ്റ് വിവരങ്ങളും ചേര്‍ത്ത് ധനശ്രീ 100 വിസിറ്റിംഗ് കാര്‍ഡുകള്‍ അടിപ്പിച്ചു. സൊസൈറ്റിയിലെ വാച്ച്മാന്‍റെ സഹായത്തോടെ ഇതെല്ലാം ഗീത സമീപത്തെ ഗ്രാമങ്ങില്‍ വിതരണം ചെയ്തു. അപ്രതീക്ഷിതമായിരുന്നു വിസിറ്റിംഗ് കാര്‍ഡിന് ലഭിച്ച സ്വീകാര്യത. അതിന് ശേഷം ഗീതയുടെ ഫോണ്‍ ശബ്ദം നിലച്ചിട്ടില്ല.

ഈ വിസിറ്റിംഗ് കാര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അസ്മിത ജാവദേക്കറാണ് ഇത് ഇന്‍റര്‍നെറ്റില്‍ വൈറലാക്കിയത്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രമല്ല, രാജ്യത്തെ എല്ലാ ഭാഗത്തുനിന്നും ഗീതയ്ക്ക് ഇപ്പോള്‍ ജോലി വാഗ്ദാനവുമായി ഫോണ്‍ വിളിയെത്തുന്നുണ്ട്. ധനശ്രീയെ അഭിനന്ദിക്കാനും ഇന്‍റര്‍നെറ്റ് മറന്നില്ല.